---
title: "'ആടും കോഴിയും എടുത്ത് ഒരു വരവാണ്, വഴക്കുപറയുമ്പോൾ തലകുനിച്ച് കണ്ണുനിറയ്ക്കും'; മാണിയുടെ ഓർമ്മകൾ പങ്കുവെച്ച് മമ്മൂട്ടി"
english_title: "mammootty talks about kalabhavanmani"
publisher: "moviemax.in"
canonical_url: "https://moviemax.in/news/286918/mammootty-talks-about-kalabhavanmani"
published_at: "2025-04-30T12:00:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6811c4071b05e_mani.jpg"
keywords: []
---

# 'ആടും കോഴിയും എടുത്ത് ഒരു വരവാണ്, വഴക്കുപറയുമ്പോൾ തലകുനിച്ച് കണ്ണുനിറയ്ക്കും'; മാണിയുടെ ഓർമ്മകൾ പങ്കുവെച്ച് മമ്മൂട്ടി

> **Lead Summary:** ** മ**ലയാളികൾക്ക് എക്കാലവും പ്രിയപ്പെട്ട നടന്മാരിൽ ഒരാളാണ് കലാഭവൻ മണി. മിമിക്രിവേദിയിൽ നിന്ന് സിനിമയിലേക്കെത്തിയ മണി തന്റെ അതിഗംഭീര പ്രകടനം കൊണ്ട് പ്രേക്ഷകഹൃദയങ്ങളിൽ സ്ഥാനം നേടി. കലാഭവൻ മണിയെക്കുറിച്ചുള്ള ഓർമകൾ പങ്കുവെക്കുകയാണ് മമ്മൂട്ടി.

## Article Content

** മ**ലയാളികൾക്ക് എക്കാലവും പ്രിയപ്പെട്ട നടന്മാരിൽ ഒരാളാണ് കലാഭവൻ മണി. മിമിക്രിവേദിയിൽ നിന്ന് സിനിമയിലേക്കെത്തിയ മണി തന്റെ അതിഗംഭീര പ്രകടനം കൊണ്ട് പ്രേക്ഷകഹൃദയങ്ങളിൽ സ്ഥാനം നേടി. കലാഭവൻ മണിയെക്കുറിച്ചുള്ള ഓർമകൾ പങ്കുവെക്കുകയാണ് മമ്മൂട്ടി.

കലാഭവൻ മണിയെ ആദ്യമായി കണ്ടപ്പോൾ അത്ലറ്റ് കാൾ ലൂയിസിനെയാണ് ഓർമവന്നതെന്നും കാൾ ലൂയിസിനെപ്പോലുള്ളയാൾ എന്നാണ് മണിയെക്കുറിച്ച് വീട്ടിലെ സംസാരങ്ങളിൽ പറഞ്ഞിരുന്നതെന്നും മമ്മൂട്ടി പറയുന്നു. 

'മണിയെ ആദ്യമായി കണ്ട നാളുകളിൽ എനിക്ക് അത്ലറ്റ് കാൾ ലൂയിസിനെയാണ് ഓർമവന്നത്. അയാളുടെ ശരീരഭാഷയ്ക്ക് വേഗവും ദൂരവും താണ്ടുന്ന ആ കായികതാരത്തിനോട് ഒരുപാട് സാമ്യമുണ്ടായിരുന്നു. കാൾ ലൂയിസിനെപ്പോലുള്ളയാൾ എന്നാണ് മണിയെക്കുറിച്ച് വീട്ടിലെ സംസാരങ്ങളിൽ പറഞ്ഞിരുന്നതും. കാറിന്റെ ഡിക്കിയിൽ നിറയെ പഴങ്ങളും പച്ചക്കറികളും ചെടിത്തൈകളുമായി വരാറുള്ള മണിയെ കുറിച്ച് ഒരുപാട് ഓർമകളുണ്ട്. തൃശൂർ, ചാലക്കുടി ഭാഗങ്ങളിലെവിടെയെങ്കിലും ഷൂട്ടിങ് നടക്കുന്നതായി അറിഞ്ഞാൽ മണി ലൊക്കേഷനിൽ വന്നുകയറുന്നത് പതിവായിരുന്നു. ആടും കോഴിയുമെല്ലാം കരുതിയിരിക്കും, കൂടെ പാചകത്തിനൊരാളെയും. മണിയും നല്ല പാചകക്കാരനാണ്. എനിക്കിഷ്ടമുള്ളതെല്ലാം ഉണ്ടാക്കിത്തരും.

ഒഴിവുസമയങ്ങളിൽ സംസാരത്തിൽ നിറയെ പാട്ടും തമാശയും നിറയ്ക്കും. സിനിമയിൽ വന്നശേഷം ഒരിക്കൽ മണി പറഞ്ഞു ചെറുപ്പത്തിൽ മമ്മൂട്ടി ഫാൻസ് അസോസിയേഷൻ നേതാവായിരുന്നുവെന്ന്. അതുകേട്ടപ്പോൾ ഞാൻ ചിരിച്ചൊഴിഞ്ഞെങ്കിലും വിശ്വസിപ്പിക്കാനെന്നോണം മണി കുറേ പഴയ കഥകൾ പറഞ്ഞു. തെറ്റുചെയ്‌തതായി അറിഞ്ഞാൽ വിളിച്ച് ശാസിക്കാനുള്ള അധികാരം മണിയെനിക്ക് നൽകിയിരുന്നു. ഞാൻ വഴക്കുപറയുമ്പോൾ തലകുനിച്ച് കണ്ണുനിറയ്ക്കുന്ന മണിയുടെ ചിത്രം ഇന്നും ഓർമയിലുണ്ട്,' മമ്മൂട്ടി പറയുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/286918/mammootty-talks-about-kalabhavanmani)