( moviemax.in) മോഹൻലാൽ എന്ന ലെജൻ്റ് യഥാർത്ഥത്തിൽ ആരാണെന്ന് താൻ മനസിലാക്കിയ നിമിഷമായിരുന്നു അത്. തുടരും സിനിമാസെറ്റിലെ ചില അനുഭവങ്ങൾ പങ്കുവെക്കുകയാണ് നടൻ ഷൈജു അടിമാലി.
ഒരു തെറ്റിദ്ധാരണ കാരണം ലൊക്കേഷനിലെ കാരവനിൽ പെട്ടുപോവുകയും ആറ് കിലോമീറ്റർ അകലെ തന്നെയും കാത്ത് നടൻ മോഹൻലാലിന് മഴയത്ത് നിൽക്കേണ്ടി വന്നതിനെ കുറിച്ചുമാണ് ഷൈജു പറയുന്നത്.
മോഹൻലാൽ എന്ന ലെജൻ്റ് യഥാർത്ഥത്തിൽ ആരാണെന്ന് താൻ മനസിലാക്കിയ നിമിഷമായിരുന്നു അതെന്ന് ഷൈജു പറയുന്നു. ' അതിശയോക്തിയായോ മഹത്തരമായ കാര്യമായോ ഒന്നും പറയുന്നതല്ല. ഒരു കലാകാരൻ മനസിലാക്കേണ്ട കാര്യമെന്ന നിലയ്ക്ക് പറയുകയാണ്.
ലാൽസാറുമായുള്ള സീൻ എടുക്കുന്ന ദിവസമാണ്. ഞാനും ലാൽ സാറും ബൈക്കിൽ പോകുന്ന ഒരു സീൻ ഉണ്ടല്ലോ. അന്ന് ഒരു ചാറ്റൽ മഴയുണ്ട്. അപ്പോൾ നമ്മുടെ ഷർട്ടൊക്കെ നനഞ്ഞു കഴിഞ്ഞാൽ അതൊരു പ്രശ്‌നമാണല്ലോ.
നമുക്ക് അവിടെ കാരവനൊക്കെ ഉണ്ട്. നമ്മൾ പക്ഷേ പുറത്താണ് ഇരിക്കാറ്. നമുക്ക് എല്ലാവരുമായി വർത്തമാനം പറഞ്ഞ് ഇരിക്കാമല്ലോ. ഇങ്ങനെ ഒരു സെറ്റ് നമുക്ക് അഭിനയിക്കാൻ കിട്ടുകയാണല്ലോ. കാരവനിൽ ഇരുന്നാൽ ആ സുഖം കിട്ടില്ല. ഇത് വരുന്നവരെയെല്ലാം കാണാം. ലാൽ സാറിനെ, ശോഭനാ മാമിനെ പിന്നെ തരുൺ സാറിൻ്റെ ഡയരക്ഷൻ തന്നെ കണ്ടു നിൽക്കാൻ നല്ല രസമാണ്.
നമ്മുടെ കൂടെ ചെയ്‌ത ആൾക്കാരോടൊപ്പമെല്ലാം കമ്പനിയായി പുറത്ത് വർത്താനം പറഞ്ഞ് ഇരിക്കും. അങ്ങനെ ഈ സീൻ എടുക്കാൻ നേരം ഞാനും സാറുമാണ് വേണ്ടത്. മറ്റുള്ളവർ കാറിലാണ്. അവിടെ ചാറ്റൽ മഴ വന്നപ്പോൾ ഷൈജു നനയണ്ട, കാരവനിൽ കയറി ഇരുന്നോ എന്ന് പറഞ്ഞു. ഞാൻ ഇരുന്നു. കുറച്ചു നേരം കഴിഞ്ഞിട്ടും എന്നെ ആരും വിളിക്കുന്നില്ല. ഞാൻ കാരവാൻ തുറന്ന് നോക്കുമ്പോൾ അവിടെ ആരുമില്ല. വണ്ടികളും ഒന്നുമില്ല. നമ്മളെ കൊണ്ടുപോകുന്ന വണ്ടിയുണ്ട്. അത് മറ്റെന്തോ ആവശ്യത്തിന് എടുക്കേണ്ടി വന്നപ്പോൾ എന്നോട് കാരവനിലേക്ക് ഇരിക്കാൻ പറഞ്ഞതാണ്.
ഞാൻ ആ വണ്ടിയിൽ ഉണ്ടാകും എന്ന് മറ്റുള്ളവർ പ്രതീക്ഷിച്ചു കാണും. ഞാൻ ഉടനെ എന്റെ ഫോൺ നോക്കി. സയലൻ്റ് ആണ്. നോക്കുമ്പോൾ ഡിക്‌സൺ ചേട്ടന്റെ കോൾ വരുന്നു. എവിടെയുണ്ട് ഷൈജു? എന്ന് ചോദിച്ചു. ഞാൻ കാരവനിൽ. എന്നെ ഇവിടെ കൊണ്ടിരുത്തിയതാണ് എന്ന് പറഞ്ഞു. അയ്യോ ലൊക്കേഷനിൽ വരണ്ടേ എന്ന് ചോദിച്ചു.. ശ്ശേ.. പിന്നെ അവിടെ കുറേപ്പേരുടെ വർത്താനം കേൾക്കാം. ഞാൻ ഇങ്ങനെ ഇരിക്കുകയാണ്. അഞ്ചോ ആറോ കിലോമീറ്റർ അപ്പുറത്താണ് ഷൂട്ട് നടക്കുന്നത്.
ഞാൻ നോക്കുമ്പോൾ ഒരു വണ്ടി വിട്ടുവരുന്നുണ്ട്. അവിടെയിട്ട് തിരിച്ച് ചേട്ടാ എവിടെയായിരുന്നു, എന്ന് ചോദിച്ചു. എന്നെ ഇതിനകത്ത് കയറ്റി ഇരുത്തിയായിരുന്നു. എന്നെ വിളിക്കുമല്ലോ എന്ന് കരുതിയെന്ന്പറഞ്ഞു. ഞാൻ മറ്റേ വണ്ടിയിൽ ഉണ്ടെന്ന് അവർ പ്രതീക്ഷിച്ചു. ആരുടേയും തെറ്റല്ല. സ്വാഭാവികമായി സംഭവിച്ചതാണ്. ഞാൻ അവിടെ ചെല്ലുമ്പോൾ കാണുന്നത് സാർ റെഡിയായിട്ട് ഈ ബൈക്കിൽ ചാരി നിൽക്കുന്നു.
സാറിന് കുടചൂടി പ്രൊഡ്യൂസർ രഞ്ജിത് സാർ വർത്തമാനം പറഞ്ഞ് നിൽക്കുകയാണ്. സാറിനോട് ആൾ വന്നിട്ടില്ലെന്നും കാരവാനിൽ കുടുങ്ങിയെന്നും പറഞ്ഞപ്പോൾ കുഴപ്പമില്ല ആള് വരട്ടെയെന്ന് ലാൽ സാർ പറഞ്ഞു.
ആ ചാറ്റൽ മഴയിൽ ആ കുടയും ചൂടി വർത്തമാനം പറഞ്ഞ് ഞാൻ വരുന്ന അത്രയും സമയം അദ്ദേഹം അവിടെ നിന്നെങ്കിൽ, അതായത് എമ്പുരാൻ ഉൾപ്പെടെയുള്ള ഷൂട്ടും തിരക്കുമായി നടക്കുന്ന വലിയൊരു ലെജൻ്റായുള്ള മനുഷ്യൻ നമുക്ക് വേണ്ടി, കാരണം എൻ്റേതല്ലെങ്കിൽ പോലും അത്രയും നേരം കാത്തു നിന്നെങ്കിൽ ഒന്ന് ആലോചിച്ചു നോക്കൂ.
ഒരു കാല് ബൈക്കിൽ കുത്തിവെച്ച് മറ്റേ കാൽ കയറ്റിയും വെച്ച് അവിടെ നിന്ന് വർത്തമാനം പറഞ്ഞുകൊണ്ടിരിക്കുന്നത് ഒന്ന് ചിന്തിച്ചു നോക്കിക്കേ.. പിന്നെ ആ ബൈക്കിൽ കയറി ഞാൻ ഇരിക്കുകയും ചെയ്യണം. ആ ബൈക്ക് എടുക്കുമ്പോൾ ഇദ്ദേഹത്തിൻ്റെ മുഖം ഞാൻ കണ്ടിട്ടില്ല. ഞാൻ താമസിച്ചു വന്നതിൽ ഇദ്ദേഹത്തിന് ഇഷ്‌ടക്കുറവുണ്ടോ എന്ന് ഞാൻ കണ്ണാടിയിലൂടെ നോക്കുന്നുണ്ട്.
വണ്ടി എടുക്കാൻ നേരം അദ്ദേഹം 'പിടിച്ചിരുന്നോ പിടിച്ചിരുന്നോ നമ്മൾ നൂറേലാണ് 'എന്നൊക്കെ പറഞ്ഞ് നമ്മളെ ചിരിപ്പിച്ച് ഭയങ്കരമായി ജോളിയായി ആ സീൻ അങ്ങ് ചെയ്തു. അത്ര നല്ല ലൊക്കേഷനും അത്രയും നല്ല അനുഭവവും ആണ് എനിക്കുണ്ടായത്,' ഷൈജു അടിമാലി പറഞ്ഞു.
mohanlal shyjuadimali thudarum malayalammovie


































