( moviemax.in) ലഹരിക്കേസിൽ അറസ്റ്റിലായ നടൻ ഷൈൻ ടോം ചാക്കോയെ ആന്‍റി ഡോപ്പിംഗ് ടെസ്റ്റിന് വിധേയനാക്കാൻ പൊലീസ്. രാഹലഹരി ഉപയോഗിച്ചിട്ടുണ്ടോ എന്ന് തെളിയിക്കാനാണ് പരിശോധന. തലമുടി, നഖം, സ്രവങ്ങൾ എന്നിവ പരിശോധിക്കും. എറണാകുളം ജനറല്‍ ആശുപത്രിയിലാണ് മെഡിക്കല്‍ പരിശോധന. എസിപിയും ഇക്കാര്യങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്.
പേടിച്ചോടിയ ദിവസം മാത്രം ഡ്രഗ് ഡീലർ സജീറുമായി 20,000 രൂപയുടെ ഇടപാട് ഷൈൻ നടത്തിയതിന്‍റെ തെളിവുകൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. പേടിച്ചോടിയ ദിവസം ലഹരി ഉപയോഗിച്ചിട്ടുണ്ടോ എന്ന് പരിശോധനയില്‍ നിന്ന് വ്യക്തമാകും.
ഇപ്പോൾ ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയിട്ടുള്ളതെങ്കിലും ആന്‍റി ഡോപ്പിംഗ് ടെസ്റ്റിന്‍റെ ഫലം കേസില്‍ അതിനിര്‍ണായകമാകും. ഷൈന്‍റെ കുറ്റസമ്മത മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ് എടുത്തിട്ടുള്ളത്. തുടക്കത്തില്‍ പിടിച്ച് നിന്നെങ്കിലും പൊലീസിന്‍റെ തുടര്‍ ചോദ്യങ്ങൾക്ക് മുന്നില്‍ ഷൈൻ ടോം ചാക്കോ പതറുകയായിരുന്നു. ഒപ്പം ഷൈന്‍റെ ഫോൺ കോളുകളും നിർണായകമായി.
കൂടുതൽ വകുപ്പുകൾ ചുമത്തുന്നു കാര്യവും ഇപ്പോൾ പൊലീസ് പരിശോധിക്കുന്നുണ്ട്. ലഹരി പരിശോധനയ്ക്കിടെ ഹോട്ടലില്‍ നിന്ന് ഇറങ്ങിയ ഓടിയതുമായി ബന്ധപ്പെട്ടാണ് ഷൈനെ പൊലീസ് ചോദ്യം ചെയ്തത്.ലഹരി ഇടപാടുമായി ബന്ധപ്പെട്ടവരെ അറിയാമോ എന്നുള്ള ചോദ്യങ്ങളില്‍ ഇല്ലെന്നുള്ള മറുപടിയാണ് ഷൈൻ നൽകി കൊണ്ടിരുന്നത്. എന്നാല്‍, ഫോണ്‍ കോളുകളും ഡിജിറ്റല്‍ ഇടപാടുകളും അടക്കമുള്ള തെളിവുകൾ മുന്നില്‍ വച്ചുള്ള ചോദ്യങ്ങളിൽ ഷൈന്‍റെ പ്രതിരോധം തകര്‍ന്നു.
ഡാൻസാഫ് അന്വേഷിച്ചെത്തിയ ലഹരി ഇടപാടുകാരൻ സജീറിനെ അറിയാമെന്ന് ഒടുവിൽ ഷൈന് സമ്മതിക്കേണ്ടി വരികയായിരുന്നു. ലഹരി ഇടപാടുകാരനുമായി നടത്തിയ ഫോൺ കോൾ എന്തിനെന്ന് വിശദീകരിക്കാൻ ഷൈനിന് കഴിഞ്ഞില്ല. ഇയാളെ പരിചയമില്ലെന്ന് ആദ്യം പറഞ്ഞു. കോൾ ലോഗ് വന്നതോടെ പരുങ്ങലിലായ ഷൈന് ഒടുവിൽ പരിചയമുണ്ടെന്ന് സമ്മതിക്കേണ്ടി വരികയായിരുന്നു.
എൻഡിപിഎസ് സെക്ഷൻ 27, 29 പ്രകാരമാണ് ഷൈനെതിരെ കേസെടുത്തിട്ടുള്ളത്. ലഹരിമരുന്ന് ഉപയോഗിച്ചതിന്‍റെ തെളിവ് ലഭിച്ച പശ്ചാത്തലത്തിലാണ് കേസ് എടുത്തതെന്നാണ് പൊലീസില്‍ നിന്ന് ലഭിക്കുന്ന വിവരം. ലഹരി ഉപയോഗം, ലഹരി ഉപയോഗത്തിന് പ്രേരിപ്പിക്കുക, പങ്കാളി ആകുക അടക്കമുള്ള കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. ഉടൻ ഷൈന്‍റെ വൈദ്യ പരിശോധന നടത്തും.
സ്റ്റേഷൻ ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് താരത്തിനെതിരെ ചുമത്തിയിട്ടുള്ളത്. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലില്‍ നിര്‍ണായക വിവരങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. കൂടാതെ, വിദഗ്ധ നിയമോപദേശം കൂടി തേടിയ ശേഷമാണ് ഷൈനെ അറസ്റ്റ് ചെയ്തിട്ടുള്ളത്.
#shinetomchacko #drugcase #kochi