( moviemax.in) യുവനടിയും സംസ്ഥാന ചലച്ചിത്ര പുരസ്കാര ജേതാവുമായ നടി വിൻസി അലോഷ്യസ് നടത്തിയ വെളിപ്പെടുത്തലാണിപ്പോൾ രണ്ട് ദിവസമായി സോഷ്യൽമീഡിയയിലും മാധ്യമങ്ങളിലും ചർച്ചയാകുന്നത്. നടൻ ഷൈൻ ടോം ചാക്കോയ്ക്ക് ഒപ്പം ഒരു സിനിമയിൽ പ്രവർത്തിച്ചപ്പോൾ മോശം അനുഭവം ഉണ്ടായി എന്നും നടൻ നിരോധിത ലഹരി ഉപയോഗിക്കുന്നുണ്ടോയെന്ന് സംശയിക്കുന്നുവെന്നുമാണ് വിൻസി പറഞ്ഞത്. ഈ വിഷയത്തിൽ അമ്മ അടക്കമുള്ള സിനിമാ സംഘടനകൾക്ക് വിൻസി പരാതി നൽകുകയും ചെയ്തിരുന്നു. നടന്റെ പേര് വിൻസി പുറത്ത് വിട്ടിരുന്നില്ല.
ഫിലിം ചേംബറാണ് വിൻസിയോട് മോശമായി പെരുമാറിയ നടൻ ഷൈനാണെന്ന് മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. നടന്റെ പേരും ഏത് സിനിമയുടെ സെറ്റിലാണ് സംഭവം നടന്നതെന്നും ഫിലിം ചേംബർ ഭാരവാഹികൾ പുറത്ത് വിട്ടതിലുള്ള രോഷം വിൻസിയും പ്രകടിപ്പിച്ചിരുന്നു. അതേസമയം ഇപ്പോഴിത സിനിമ മേഖലയിൽ പ്രവർത്തിക്കുന്ന സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് സംസാരിക്കവെ നടി മാലാ പാർവതി പറഞ്ഞ വാക്കുകളാണ് ചർച്ചയാകുന്നത്.
കൂടെ വരാമോയെന്ന് ചോദിക്കുന്ന പുരുഷനോട് നോ എന്ന് പറയുന്നത് ഒരു സ്കില്ലാണെന്ന് മാലാ പാർവതി മൂവി വേൾഡ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നു. ചിലതൊക്കെ തമാശയായി കണ്ട് വിട്ടുകളഞ്ഞാൽ മതിയെന്ന രീതിയിലായിരുന്നു മാലാ പാർവതിയുടെ പ്രതികരണം. ചില കാര്യങ്ങൾ അർഹിക്കുന്ന അവഗണന നൽകി തള്ളി കളഞ്ഞാൽ മാത്രമെ ജോലി ചെയ്യാൻ കഴിയുകയുള്ളുവെന്നും നടി പറയുന്നു. എല്ലാം ശരിയായിട്ട് ജോലി ചെയ്യാമെന്ന് കരുതിയാൽ വീട്ടിൽ ഇരുന്ന് പോവുകയേയുള്ളുവെന്നും നടി പറഞ്ഞു. ഒരു കളി തമാശപോലും മനസിലാകാത്തവരാണ് ഉള്ളത്.
അടുത്തിടെ ആരോ പറയുന്നത് കേട്ടു... ബ്ലൗസ് ഒന്ന് ശരിയാക്കണമെന്ന് പറഞ്ഞപ്പോൾ ഞാനും കൂടി വരട്ടേയെന്ന് ചോദിച്ചുവെന്ന്. അത് കേട്ട് ഭയങ്കര സ്ട്രസ്സായി പോയിയെന്നും എല്ലാം തകർന്നുപോയി എന്ന രീതിയിലും സംസാരിക്കുന്നത് കണ്ടു. അങ്ങനെയൊക്കെ ചിന്തിക്കേണ്ട കാര്യമുണ്ടോ?. ഞാനും കൂടി വരട്ടേയെന്ന് ചോദിക്കുന്നവരോടും അത്തരത്തിൽ സംസാരിക്കുന്നവരോടും പോടായെന്ന് പറഞ്ഞാൽ പോരേ?. അതോടെ കഴിയുന്ന കാര്യമല്ലേയുള്ളു. അല്ലാതെ അതൊക്കെ വലിയ വിഷയമാക്കി മനസിൽ കൊണ്ട് നടക്കേണ്ട കാര്യമുണ്ടോ?. അങ്ങനെയാണെങ്കിൽ സ്ത്രീകൾക്ക് ഈ മേഖലയിൽ നിലനിൽക്കാനെ പറ്റില്ല.
നമ്മൾ റോഡിലേക്ക് ഇറങ്ങുമ്പോൾ ലോറിയും ബസ്സുമെല്ലാം വരില്ലേ?. ലോറി വരുമെന്ന് പറഞ്ഞ് റോഡ് ക്രോസ് ചെയ്യാതെയും റോഡിൽ ഇറങ്ങി നടക്കാതെയും ഇരുന്നാൽ ജീവിതം എങ്ങനെ മുന്നോട്ട് പോകും. ആർക്കാണ് നഷ്ടം വരിക?. സ്ത്രീകൾ ജോലി ചെയ്യുമ്പോൾ അവരുടെ പ്രത്യേകത വെച്ച് ആളുകളിൽ പലരും കൂടെ വരുമോ?, കൂടെ കിടക്കുമോ എന്നൊക്കെ ചോദിക്കും. അത് അവരുടെ ആവശ്യമാണ്. അങ്ങനെയുള്ള ആളുകൾ ഉണ്ടെന്ന് കരുതി നമ്മൾ വീട്ടിലിരിക്കാൻ തീരുമാനിച്ചാൽ ജീവിതകാലം മുഴുവൻ ഇരിക്കേണ്ടി വരും.
ഇത് മാനേജ് ചെയ്യാൻ പഠിക്കണം. അതൊരു സ്കില്ലാണ്. പ്രതികരിക്കണം... പക്ഷെ വഴക്ക് അല്ലാതെ കളി തമാശയായിട്ടൊക്കെ പ്രതികരിക്കമല്ലോ. റോഡ് ക്രോസ് ചെയ്യാൻ നമ്മൾ നിൽക്കുമ്പോൾ ലോറിയും ബസ്സും വലിയ വാഹനങ്ങളുമെല്ലാം വരും. അതിനെയെല്ലാം ക്രോസ് ചെയ്ത് അപകടം പറ്റാതെയല്ലേ നമ്മൾ അപ്പുറത്തെ വശത്ത് എത്തുന്നത്. അതുപോലെ തന്നെയാണ്. ഈ ചോദ്യങ്ങൾക്കെല്ലാം ഇടയിലൂടെ നമുക്ക് പോകാൻ പറ്റും. അതാണ് റിയാലിറ്റി. പക്ഷെ എല്ലാ സമയത്തും തമാശ പോസിബിളാകണമെന്ന് ഇല്ല.
പക്ഷെ ചിലപ്പോൾ അത്തരം കാര്യങ്ങളെ വലിയ വിഷയമാക്കി കഴിഞ്ഞാൽ എന്നെ എല്ലാവരും അറ്റാക്ക് ചെയ്യുകയാണ്. ഞാൻ ഇനി എങ്ങനെ ജോലി ചെയ്യും എന്നുള്ള മൂഡിലേക്ക് നമ്മൾ പോകും. ഇതൊക്കെയാണ് റിയാലിറ്റി. ഇതിന് ഇടയ്ക്ക് നിന്ന് മാത്രമെ നമുക്ക് ജോലി ചെയ്യാൻ പറ്റുകയുള്ളു. അവരെ തോൽപ്പിച്ച് മുന്നോട്ട് പോയാൽ മാത്രമെ പിടിച്ച് നിൽക്കാൻ പറ്റുകയുള്ളു. എല്ലാ കാലത്തും ഇതൊക്കെ ഉണ്ടായിരുന്നു. ഇനി അങ്ങോട്ടും ഇതൊക്കെ ഉണ്ടാവുകയും ചെയ്യും. ഇതെല്ലാം ശരിയായിട്ട് ഒരു മേഖലയിൽ വന്ന് ജോലി ചെയ്യാമെന്ന് കരുതിയാൽ അത് ഒരിക്കലും നടക്കില്ല.
ലളിതാംബിക ഐഎഎസ് പറഞ്ഞ ഒരു കാര്യമുണ്ട്. അവർ ജോലി ചെയ്തിരുന്ന കാലത്ത് പെണ്ണുങ്ങൾക്ക് നിലനിൽക്കണമെങ്കിൽ പുരുഷന്മാർ പത്ത് മിനിറ്റിൽ ഓടി തീർത്താൽ ഞങ്ങൾ അത് അഞ്ച് മിനിറ്റിൽ ഓടണം. എങ്കിൽ മാത്രമെ പരിഗണന കിട്ടുകയുള്ളുവെന്ന്. അത്തരത്തിൽ ഓടി ജീവിതത്തിൽ ജയിച്ചിട്ടുള്ള സ്ത്രീകളാണ് നമുക്ക് വഴി തെളിച്ചിട്ടുള്ളവർ. സോഷ്യൽമീഡിയ ഇല്ലാതിരുന്ന കാലത്ത് പോലും നമ്മളെ കുറ്റം പറയാനും ട്രോൾ ചെയ്യാനും അപവാദ പറയാനും എല്ലാം എല്ലാ കാലത്തും ആൾക്കാരുണ്ടാകും.
അത്തരക്കാരെ വളരെ സീരിയസായി നമ്മൾ സമീപിച്ചാൽ നമുക്ക് വളരാൻ കഴിയില്ല. നമ്മുടെ ഫോക്കസ് നമുക്ക് ലഭിച്ച ജോലി ചെയ്യുക എന്നതായിരിക്കണം. അതിന് വേണ്ടി ബാക്കിയുള്ളവരെ അതിന്റേതായ പ്രാധാന്യത്തിൽ തള്ളി കളയുക. ആവശ്യത്തിൽ അധികം പ്രാധാന്യം കൊടുക്കരുത‍്. ആരെങ്കിലും മോശമായി സമീപിക്കാൻ ഒരുങ്ങുമ്പോൾ പോടായെന്ന് പറഞ്ഞാൽ മതി. ആരുടേയും അപ്രൂവൽ നമുക്ക് വേണ്ടല്ലോ. അപ്രൂവൽ വേണ്ട സാഹചര്യമുണ്ടെങ്കിലാണ് പോടായെന്ന് പറയാനും ചീത്ത പറയാനും നമുക്ക് പറ്റാത്തത്. അവർക്കും വേണ്ട. നമുക്കും വേണ്ട.
നമ്മൾ ജോലി ചെയ്യാൻ വന്നതല്ലേ. ഞാൻ ജോലി ചെയ്യുമെന്ന വാശിവേണം എന്നുമാണ് മാലാ പാർവതി പറഞ്ഞത്. സാമകാലിക വിഷയങ്ങളിൽ പലപ്പോഴും തന്റെ നിലപാട് കൃത്യമായി നടി പ്രകടിപ്പിക്കാറുണ്ട്. എന്നാൽ നടി ഈ വിഷയത്തിൽ സ്വീകരിച്ച നിലപാടിൽ പ്രേക്ഷകർക്ക് അതൃപ്തിയാണുള്ളത്. പെണ്ണിന്റെ ശത്രു പെണ്ണ് തന്നെ എന്ന ചൊല്ല് മാലാ പാർവതിയുടെ വാക്കുകൾ കേൾക്കുമ്പോൾ ശരിയാണെന്ന് തോന്നുന്നുവെന്നാണ് പ്രേക്ഷകരുടെ പ്രതികരണങ്ങൾ. സ്ത്രീകളുടെ ശത്രു സ്ത്രീകളാണ്. മാലാ പാർവതി വളരെ ലിബറലാണ്. വിൻസി വേറൊരു വ്യക്തിയാണ്. അവരുടെ സാഹചരൃം വ്യത്യസ്തമാണ്.
ആണായാലും പെണ്ണായാലും മറ്റുള്ളവർക്ക് നിരന്തരം അലോസരമുണ്ടാക്കുന്നത് എല്ലാവരും സഹിക്കണം, നിസാരമാണ് എന്നൊക്കെ പറഞ്ഞ് അനുവദിച്ച് കൊടുക്കിന്നിടത്താണ് അതിജീവിതകൾ ഉണ്ടാവുന്നത്. ചാൻസ് കിട്ടിയാൽ മതി എന്തിനും തയ്യാറാണ് എന്നുള്ള നയം ആപത്ക്കരമാണ് എന്നായിരുന്നു ഒരു കമന്റ്. ഒരു നടൻ മോശമായി സംസാരിച്ചാൽ പിന്നെ പരാതിപ്പെടുകയല്ലാതെ മറ്റൊന്താണ് ചെയ്യേണ്ടത് എന്നാണ് വേറൊരാൾ ചോദിച്ചത്. മാലാ പാർവതിയുടെ വാക്കുകളിൽ വിക്ടിം ഷെയ്മിങ്ങാണ് നിഴലിക്കുന്നത്.
ഇതൊക്കെ കൊണ്ടാണ് പെണ്‍കുട്ടികള്‍ പരാതിപ്പെടാൻ മടിച്ച് നിൽക്കുന്നത്. ആണുങ്ങളെ മാന്യമായി പെരുമാറാന്‍ പഠിപ്പിക്കുക. അല്ലാതെ സത്യം പറയുന്ന പെണ്ണുങ്ങളെ കുറ്റം പറയുകയല്ല വേണ്ടത്, എല്ലാ സ്ത്രീകളും ഇത്തരം തമാശ ആസ്വദിക്കുന്നവരല്ല. ഇപ്പോൾ മാല ഭയങ്കര സിനിമ സപ്പോർട്ടീവാണ്. ഐഎഎസ്കാരോട് ഇത്തരം തമാശ അല്ല പറയുന്നത് എന്നെങ്കിലും പാർവതി മനസിലാക്കു.
അവിടെ പുരുഷൻ്റെ ഈഗോയാണ് വിഷയമാകുന്നത്. അല്ലാതെ സിനിമയിലെപോലെ വസ്ത്രം മാറാൻ സഹായിക്കാൻ വരട്ടെയെന്ന് ചോദിക്കുകയല്ലെന്നും മാലാ പാർവതിയെ വിമർശിച്ച് പ്രേക്ഷകർ കുറിച്ചു. ഡബ്ല്യുസിസി വിൻസിക്ക് പിന്തുണ അറിയിച്ച് രംഗത്തെത്തിയിരുന്നു. അതേസമയം ഷൈൻ ടോം ചാക്കോയെ കണ്ടെത്താൻ പോലീസിന് കഴിഞ്ഞിട്ടില്ല.
#vincyaloshious #shinetomchacko #controversy #maalaparvathi