(moviemax.in) ചോദ്യം ചോദിച്ച മാധ്യമ പ്രവർത്തകനെ ഭീഷണിപ്പെടുത്തിയ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ വീഡിയോ കഴിഞ്ഞ ദിവസം വൈറലായി മാറിയിരുന്നു. ജബല്‍പൂര്‍ വിഷയത്തില്‍ പ്രതികരണം ചോദിച്ച മാധ്യമങ്ങളോട് ആണ് അദ്ദേഹം ക്ഷുഭിതനായി സംസാരിച്ചത്.
ചോദ്യങ്ങൾ ചോദിച്ചപ്പോൾ നിങ്ങളൊക്കെ ആരാണെന്നു ആയിരുന്നു അദ്ദേഹത്തിന്റെ മറുചോദ്യം. ഇപ്പോഴിതാ ഒരു വേദിയിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ കളിയാക്കിയിരിക്കുകയാണ് നടൻ ടിനി ടോം.
മാധ്യമങ്ങളോട് നിങ്ങളാരാ എന്ന് ചോദിച്ച സുരേഷ് ഗോപിയുടെ പ്രതികരണത്തെയാണ് അദ്ദേഹം കളിയാക്കിയത്. തൃശൂര്‍ വേണം, അതെനിക്ക് തരണം എന്ന് പറഞ്ഞ് കൊണ്ടിരുന്ന ആള്‍ ഇപ്പോള്‍ നിങ്ങളൊക്കെ ആരാണെന്നാണ് ചോദിക്കുന്നതെന്നും, മാധ്യമമോ എനിക്ക് ജനങ്ങളോടേ സംസാരിക്കാനുള്ളൂവെന്ന് പറയുകയാണെന്നും ടിനി ടോം പറഞ്ഞു. തൃശൂരില്‍ ഒരു പരിപാടിയില്‍ സംസാരിക്കവേ ആയിരുന്നു ടിനി ടോമിന്റെ മിമിക്രി വഴിയുള്ള പ്രതികരണം.
മധ്യപ്രദേശ് ജബല്‍പൂരിലെ ക്രൈസ്തവര്‍ക്കു നേരെയുണ്ടായ ആക്രമണത്തെ കുറിച്ച് ചോദ്യം ചോദിച്ചപ്പോഴായിരുന്നു സുരേഷ് ഗോപിയുടെ ഭീഷണി. മര്യാദയ്ക്ക് സംസാരിക്കണമെന്ന് സുരേഷ് ഗോപി റിപ്പോർട്ടറോട് കയർത്തു.
ഡോ. ജോണ്‍ ബ്രിട്ടാസ് എം പിയെയും സുരേഷ് ഗോപി അധിക്ഷേപിച്ചു. ചോദ്യം ചോദിച്ച മാധ്യമപ്രവർത്തകൻ കൈരളി ന്യൂസിലേതാണെന്ന് അറിഞ്ഞപ്പോൾ, ചോദ്യങ്ങള്‍ ബ്രിട്ടാസിന്റെ വീട്ടില്‍ കൊണ്ടു വെച്ചാല്‍ മതി എന്ന് സുരേഷ് ഗോപി യാതൊരു മര്യാദയുമില്ലാതെ പ്രതികരിച്ചു. കേരളത്തിൽ ബി ജെ പിക്ക് ലഭിച്ച ഏക സീറ്റ് പൂട്ടിക്കുമെന്ന് ബ്രിട്ടാസ് എം പി പറഞ്ഞല്ലോ എന്ന ചോദ്യത്തിനും അധിക്ഷേപകരമായിരുന്നു മറുപടി. അക്ഷരം മാറ്റിയാല്‍ മതിയെന്നായിരുന്നു ഇതിനുള്ള അശ്ലീല മറുപടി.
ജബല്‍പൂരിലെ അക്രമത്തെ കുറിച്ച് പറയാന്‍ സൗകര്യമില്ലെന്നും അക്രമങ്ങള്‍ അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ നടക്കുന്നുണ്ടെന്നും പറഞ്ഞ് കൃത്യമായ മറുപടിയില്ലാത്തതിനാൽ തടിതപ്പുകയായിരുന്നു ഒടുവിൽ സുരേഷ് ഗോപി.
#tinitom #video #sureshgopi #news