തമിഴ് സിനിമയിലെ യുവ സംവിധായകരിൽ പ്രേക്ഷകർക്ക് എറെ പ്രതീക്ഷയുള്ള പ്രതിഭയാണ് എസ്. യു അരുൺ കുമാർ. ഇതുവരെ അരുൺ കുമാർ സംവിധാനം ചെയ്ത സിനിമകൾ എല്ലാം തന്നെ ഹിറ്റായി മാറുകയും നിരൂപക പ്രശംസ നേടുകയും ചെയ്തവയാണ്. പത്ത് വർഷത്തെ കരിയറിനിടയിൽ അഞ്ച് സിനിമകളാണ് അരുൺ കുമാർ സംവിധാനം ചെയ്തത്. പന്നയ്യരും പത്മിനിയും എന്ന സിനിമ സംവിധാനം ചെയ്തുകൊണ്ടായിരുന്നു തുടക്കം.
അരുൺ കുമാർ ചെയ്ത അഞ്ച് സിനിമകളിൽ ഏറ്റവും കൂടുതൽ ഹിറ്റായ സിനിമകളിൽ ഒന്ന് വിജയ് സേതുപതിയും രമ്യ നമ്പീശനും നായകനും നായികയുമായ സേതുപതിയായിരുന്നു. സിനിമയിൽ താൻ ചെയ്ത ചില തെറ്റുകളെ കുറിച്ച് അരുൺ കുമാർ തുറന്ന് പറയുന്ന വീഡിയോയാണിപ്പോൾ ശ്രദ്ധ നേടുന്നത്.
2016ലാണ് എസ്. യു അരുൺ കുമാർ തന്നെ തിരക്കഥയെഴുതി സംവിധാനം ചെയ്ത സേതുപതി എന്ന ആക്ഷനും പ്രണയവും എല്ലാം ഒത്തുചേർന്ന സിനിമ പ്രേക്ഷകരിലേക്ക് എത്തിയത്. സിനിമയിലെ ഗാനങ്ങൾ അടക്കം വൻ ഹിറ്റായിരുന്നു. രമ്യ നമ്പീശന് തമിഴ്നാട്ടിൽ ആരാധകരെ സൃഷ്ടിച്ച് കൊടുത്ത സിനിമ കൂടിയാണ് സേതുപതി. ചിത്രത്തിലെ വൈറലായ ഒരു രംഗത്തിൽ താൻ ചെയ്ത ചില തെറ്റുകളെ കുറിച്ചാണ് അരുൺ കുമാർ കഴിഞ്ഞ ദിവസം ഒരു തമിഴ് യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.
സിനിമയിൽ ഏറ്റവും കൂടുതൽ ഹിറ്റായ ഒരു രംഗമായിരുന്നു വിജയ് സേതുപതിയും ഭാര്യ വേഷം ചെയ്ത രമ്യ നമ്പീശനും തമ്മിലുള്ള വഴക്ക്. തർക്കത്തിനിടയിൽ രമ്യ നമ്പീശന്റെ കഥാപാത്രത്തെ വിജയ് സേതുപതിയുടെ കഥാപാത്രം അടിക്കുന്നുണ്ട്. ഈ രംഗം കണ്ട് കൊണ്ട് വരുന്ന നായിക കഥാപാത്രത്തിന്റെ അമ്മ മകളോട് തനിക്ക് ഒപ്പം വീട്ടിലേക്ക് വരാൻ തയ്യാറായിക്കോളാൻ പറയുന്നുണ്ട്.
എന്നാൽ അമ്മയ്ക്കൊപ്പം പോകാൻ കൂട്ടാക്കാതെ അദ്ദേഹം എന്നെ ഇപ്പോൾ അടിച്ചുവെങ്കിൽ കുറച്ച് കഴിയുമ്പോൾ തിരിച്ച് വന്ന് എന്നെ കൊഞ്ചിക്കും. അതിന് ഞാൻ ഇവിടെ വേണമെന്നാണ് നായിക കഥാപാത്രം നൽകുന്ന മറുപടി. ഈ രംഗം വൈറലായിരുന്നു. എന്നാൽ നായിക കഥാപാത്രം അങ്ങനൊരു ഡയലോഗ് പറയരുതായിരുന്നുവെന്നും ആ തിരിച്ചറിവ് പിന്നീടാണ് വന്നതെന്നും പറയുകയാണ് അരുൺ കുമാർ. സിനിമകളിലെ പൊളിറ്റിക്കൽ കറക്ട്നെസ്സിനെ കുറിച്ച് സംസാരിക്കവെയാണ് അരുൺ ഇക്കാര്യം പറഞ്ഞത്. അടിക്കുന്നത് തെറ്റാണ്.
ഇരുവരും തമ്മിൽ വാക്ക് തർക്കമാണെങ്കിൽ അത് കുഴപ്പമില്ല. രമ്യ നമ്പീശന്റെ കഥാപാത്രം ഒരു ഡയലോഗ് പറയുന്നുണ്ട്. അദ്ദേഹം എന്നെ ഇപ്പോൾ അടിച്ചുവെങ്കിൽ കുറച്ച് കഴിയുമ്പോൾ തിരിച്ച് വന്ന് എന്നെ കൊഞ്ചിക്കും. അതിന് ഞാൻ ഇവിടെ വേണമെന്ന്... ആ ഡയലോഗ് തെറ്റാണ്. അന്ന് അത് തെറ്റാണെന്ന് തിരിച്ചറിയാനുള്ള വിവരം എനിക്ക് ഉണ്ടായിരുന്നില്ല.
അതുകൊണ്ടാണ് അങ്ങനൊരു ഡയലോഗ് ഞാൻ സിനിമയിൽ വെച്ചത്. ആ സീൻ പിന്നീട് സ്ത്രീകൾ വാട്സ് ആപ്പ് സ്റ്റാറ്റസ് വെച്ച് തുടങ്ങിയത് എന്നെ ഒരുപാട് ഭയപ്പെടുത്തി. അതുപോലെ സേതുപതിയുടെ മകന്റെ കഥാപാത്രം തോക്ക് എടുത്ത് ഗുണ്ടകൾക്ക് നേരെ ചൂണ്ടുന്ന രംഗമുണ്ട്. മകൻ തോക്ക് എടുത്ത് പിടിക്കുന്നത് കണ്ടയുടൻ രമ്യ നമ്പീശന്റെ കഥാപാത്രം അത് പിടിച്ച് വാങ്ങുന്നുണ്ട്.
കുട്ടികളുടെ കയ്യിൽ ആയുധങ്ങൾ ഇരിക്കുന്നതും അത് അവർ ഉപയോഗിക്കുന്നതും തെറ്റാണെന്ന് അന്ന് മനസിലാക്കിയ എനിക്ക് പക്ഷെ വൈറൽ രംഗത്തിലെ തെറ്റ് അന്ന് മനസിലായില്ല. എന്തൊക്കെയാണെങ്കിലും ഞാൻ പുരുഷനാണ്. അതുകൊണ്ട് തന്നെ ഒരു സ്ത്രീയെ കുറിച്ച് സംസാരിക്കാൻ ഉദ്ദേശിക്കുമ്പോൾ കുറഞ്ഞ് പത്ത് സ്ത്രീകളോട് എങ്കിലും അതേ കുറിച്ച് സംസാരിക്കണമായിരുന്നു.
എന്റെ സിനിമകളിൽ പൊളിറ്റിക്കലി ഇൻകറക്ടായ കാര്യങ്ങൾ വരാതിരിക്കാൻ ഞാൻ പരമാവധി ശ്രദ്ധിക്കാറുണ്ടെന്നും അരുൺ പറയുന്നു. വീഡിയോ വൈറലായതോടെ ചെയ്ത തെറ്റ് മനസിലാക്കിയ സംവിധായകനെ പ്രശംസിച്ചാണ് കമന്റുകൾ ഏറെയും.
#tamil #director #suarunkumar #latest #video #about #his #mistakes #sethupathi #movie #script