( moviemax.in ) അടുത്തിടെ റിലീസ് ചെയ്ത സിനിമകളിൽ ഏറ്റവും കൂടുതൽ വിമർശനം ഏറ്റുവാങ്ങിയ സിനിമയായിരുന്നു ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ. കേരളത്തിൽ അടുത്തിടെയായി നടക്കുന്ന അക്രമസംഭവങ്ങൾ പോലും ഇത്തരം വയലൻസ് നിറഞ്ഞ സിനിമകളുടെ അതിപ്രസരം മൂലമാണെന്ന് സിനിമ മേഖലയിലുള്ളവർ വരെ കുറ്റപ്പെടുത്തിയിരുന്നു. മാത്രമല്ല സിനിമ ടെലിവിഷനിൽ പ്രദർശിപ്പിക്കുന്നതിന് സെൻട്രൽ ബോർഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ വിലക്കും ഏർപ്പെടുത്തിയിട്ടുണ്ട്.
എ സര്‍ട്ടിഫിക്കറ്റ് ആയതുകൊണ്ടാണ് ഇങ്ങനെയൊരു നടപടിയെന്നാണ് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍റെ കേരള റീജിയന്‍ മേധാവി നദീം തുഫേല്‍ നൽകിയ വിശദീകരണം. അതേസമയം മാർക്കോയിലെ വയലൻസിനെ കുറ്റം പറയുന്നവരോട് തനിക്ക് വിയോജിപ്പാണെന്ന് പറയുകയാണ് പൃഥ്വിരാജ് സുകുമാരൻ.
എമ്പുരാൻ സിനിമയുടെ റിലീസിന്റെ ഭാഗമായി ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് മാർക്കോയെ കുറിച്ച് തനിക്കുള്ള അഭിപ്രായം നടൻ വെളിപ്പെടുത്തിയത്. മാര്‍ക്കോ പോലെ ഒരു ചിത്രത്തിനോട് പ്രശ്‌നമുള്ളവരോട് എനിക്ക് അഭിപ്രായവ്യത്യാസമുണ്ട്. കാരണം ആ ചിത്രം മറ്റെന്തെങ്കിലുമാണെന്ന് അതിന്റെ അണിയറക്കാര്‍ തെറ്റിദ്ധരിപ്പിച്ചിട്ടേയില്ല. ഉണ്ണി മുകുന്ദന്‍ എന്റെ സുഹൃത്താണ്.
മാര്‍ക്കോ പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ ഇതുവരെ കാണാത്ത തരത്തില്‍ വയലന്‍സുള്ള ചിത്രമെന്നാണ് അവര്‍ പറഞ്ഞിരുന്നത്. ഒരു സ്ലാഷര്‍ ഫിലിം ആണെന്നാണ് അവര്‍ പറഞ്ഞുകൊണ്ടേയിരുന്നത്. എന്നിട്ടും അത് പോയി കണ്ടിട്ട് അതിലെ വയലന്‍സിനെ കുറിച്ച് കുറ്റം പറയുന്നത് എന്തിനാണ്? എന്നാണ് പൃഥ്വിരാജ് ചോദിച്ചത്. നടന്റെ വാക്കുകൾ വൈറലായതോടെ പൃഥ്വിരാജിന്റെ പ്രതികരണത്തോട് സിനിമാപ്രേമികളിൽ ഭൂരിഭാഗവും യോജിപ്പ് അറിയിച്ചു.
കാണരുതെന്ന് പറഞ്ഞാൽ കാണും എന്നിട്ട് കുറ്റം പറയും എന്ന രീതിയാണ് ഒരു വിഭാഗം പ്രേക്ഷകരുടേതെന്നാണ് കമന്റുകൾ ഏറെയും. കൃത്യവും വ്യക്തവുമായ മറുപടിയാണ് പൃഥ്വിരാജ് നൽകിയതെന്നും കമന്റുകളുണ്ട്. മാർക്കോയുടെ റിലീസിനുശേഷം പാൻ ഇന്ത്യൻ തലത്തിൽ സ്വീകാര്യത ലഭിച്ച് കഴിഞ്ഞു ഉണ്ണി മുകുന്ദനും. കഴിഞ്ഞവര്‍ഷം ഏറ്റവുമധികം കലക്ഷന്‍ നേടിയ ചിത്രമാണ് ഹനീഫ് അദേനി സംവിധാനം ചെയ്ത മാര്‍ക്കോ.
ഇന്ത്യയിലെ ഏറ്റവും വയലന്‍സ് നിറഞ്ഞ ചിത്രമെന്ന ടാഗ്‌ലൈനോടുകൂടി തിയേറ്ററിലെത്തിയ ചിത്രം 100 കോടിയോളം കലക്ട് ചെയ്തിരുന്നു. 18 വയസിന് താഴെയുള്ളവര്‍ക്ക് കാണാന്‍ പാടില്ലാത്ത തരത്തില്‍ അതിക്രൂരമായ രംഗങ്ങളാണ് ചിത്രത്തിലുള്ളത്. മാർക്കോയിലെ ഉണ്ണി മുകുന്ദന്റെ പ്രകടനത്തെ കഴിഞ്ഞ ദിവസം നടൻ വിക്രവും പ്രശംസിച്ചിരുന്നു.
മാർക്കോപോലെ ആക്ഷൻ സീനുകളുള്ള മറ്റൊരു ചിത്രം ഇന്ത്യൻ സിനിമയിൽ ഇല്ലെന്നും മാളികപ്പുറത്തിൽ അഭിനയിച്ച ശാന്തനായ ഉണ്ണി മുകുന്ദനാണോ ഇത്രയും ബ്രൂട്ടലായി മാർക്കോയിൽ അഭിനയിച്ചതെന്ന് ഓർത്ത് അത്തഭുതപ്പെട്ടെന്നുമാണ് താരം പറഞ്ഞത്. നേരത്തെ മാർക്കോ റിലീസ് സമയത്ത് ചെന്നൈയിലെത്തി ഉണ്ണി മുകുന്ദൻ വിക്രത്തെ സന്ദർശിച്ചിരുന്നു.
നമ്മുടെ സൊസൈറ്റിയിലുള്ള വയലൻസിന്റെ പത്ത് ശതമാനം പോലും മാർക്കോയിൽ കാണിച്ചിട്ടില്ലെന്നായിരുന്നു മാർക്കോ സിനിമയുമായി ബന്ധപ്പെട്ട് വിവാദങ്ങൾ ഉണ്ടായപ്പോൾ ഉണ്ണി മുകുന്ദൻ പ്രതികരിച്ച് പറഞ്ഞത്. യുദ്ധങ്ങളിലൂടെയാണ് നമ്മൾ സമാധാനം നേടി എടുത്തത്. എല്ലാത്തിനുമുപരി അതിജീവനമാണ് നമ്മുടെ ലക്ഷ്യം. ഇതെല്ലാം വയലൻസിനെ സ്‌ക്രീനിൽ കാണിക്കാനുള്ള ഒരു എക്സ്ക്യൂസായി ഞാൻ പറയുന്നില്ല. വയലൻസ് നമ്മുടെ സമൂഹത്തിൽ ഉണ്ടെന്നുള്ളത് ഒരു സത്യമാണ് എന്നും ഉണ്ണി മുകുന്ദൻ പറഞ്ഞിരുന്നു.
#prithvirajsukumaran #openup #about #unnimukundan #movie #marco #related #controversy