( moviemax.in ) കോമഡി ഷോകളിൽ നിന്നും സിനിമാ രംഗത്തേക്ക് കടന്ന് വന്ന ടിനി ടോമിന് പിന്നീട് നിരവധി കഥാപാത്രങ്ങൾ ലഭിച്ചു. മോഹൻലാൽ, മമ്മൂട്ടി ഉൾപ്പെടെയുള്ള താരങ്ങളുടെ സിനിമകളിൽ ടിനി ടോം അഭിനയിച്ചിട്ടുണ്ട്. താരങ്ങളെ അടുത്തറിഞ്ഞ നടനുമാണ് ടിനി. സിനിമാ ലോകത്ത് നിരവധി സൗഹൃദങ്ങൾ നടനുണ്ട്.
നടൻ ഗിന്നസ് പക്രുവുമായി വർഷങ്ങളായി ടിനി ടോമിന് സൗഹൃദമുണ്ട്. ഒരുമിച്ച് കോമഡി ഷോകൾ ചെയ്ത കാലം മുതലുള്ള അടുപ്പമാണിത്. ഗിന്നസ് പക്രുവിനൊപ്പം ഒരിക്കൽ തനിക്കുണ്ടായ അനുഭവം പങ്കുവെക്കുകയാണ് ടിനി ടോമിപ്പോൾ. കാൻ ചാനൽ മീഡിയയിൽ സംസാരിക്കുകയായിരുന്നു നടൻ.
ഗിന്നസ് പക്രുവിനൊപ്പം ഷോകൾ ചെയ്തിരുന്ന കാലത്തെക്കുറിച്ചാണ് ടിനി ടോം ഓർത്തെടുത്തത്. ബസ് മോശം വണ്ടിയല്ല. പക്ഷെ എസിയുള്ള വണ്ടി കണ്ട് കൊതിച്ചിട്ടുണ്ട്. ബസിൽ തിരക്കിൽ നാടോടികളെ പോലെ പക്രുവിനെയും കയറ്റിയിരുത്തി ഷോയ്ക്ക് പോകുമ്പോൾ ഒരു എസി വണ്ടിയിൽ പോകണമെന്ന് ആഗ്രഹിച്ചിട്ടുണ്ട്. തെസ്നി ഖാനോടൊക്കെ ചോദിച്ചാൽ അറിയാം.
രാത്രി 12 മണിക്ക് കണ്ണൂർ ബസിൽ കയറും. ട്രാൻസ്പോർട്ട് ബസിൽ ടവ്വൽ വെച്ച് പോകുന്നത് പോലെ പക്രുവിനെ ഇരുത്തി ഞാൻ ചായ കുടിക്കാൻ പോകും. തിരിച്ച് വരുമ്പോൾ സീറ്റുണ്ടാകും. ഒരു പ്രാവശ്യം ഇവനെ ഇരുത്തി പോയി.
തിരിച്ച് വരുമ്പോൾ സീറ്റില്ല. ഇവനെ എടുത്ത് മാറ്റി അവിടെ വേറൊരാൾ ഇരിക്കുന്നു. പക്രുവിനെ കാണാനില്ല. ഞാൻ നോക്കിയപ്പോൾ മുന്നിൽ നിൽക്കുകയാണ് ഇവൻ. താനെന്ത് തെണ്ടിത്തരമാണ് കാണിച്ചത്, എന്ത് മനുഷ്യത്വമില്ലായ്മയാണ് കാണിച്ചതെന്ന് ഞാൻ ചോദിച്ചു. അയാളൊന്നും മിണ്ടുന്നില്ല. ഉറങ്ങുന്നത് പോലെ അഭിനയിച്ചു. എഴുന്നേൽക്കെടോ എന്ന് പറഞ്ഞ് ഞാൻ ഇടിയുണ്ടാക്കി.
അന്നാണ് ഏതെങ്കിലും വാഹനത്തിൽ പോകണമെന്ന ആഗ്രഹം വന്നത്. ആഗ്രഹിച്ചതിനപ്പുറം ദെെവം തന്നു. വിചാരിക്കാത്ത വണ്ടികൾ പോലും തന്റെ കയ്യിൽ പിന്നീട് വന്നെന്നും ടിനി ടോം പറയുന്നുണ്ട്. നടൻ പൃഥ്വിരാജിനൊപ്പം ഇന്ത്യൻ റുപ്പി എന്ന സിനിമയിൽ ശ്രദ്ധേയ വേഷം ടിനി ടോം ചെയ്തിട്ടുണ്ട്. എന്നാൽ പിന്നീട് പൃഥ്വിക്കൊപ്പം പിന്നീട് അധികം സിനിമകളിൽ ടിനി ടോമിനെ കണ്ടിട്ടില്ല.
ഇതേക്കുറിച്ചും ടിനി ടോം സംസാരിക്കുന്നുണ്ട്. അങ്ങോട്ട് ചെന്ന് അവസരം ചോദിച്ച് അവർക്ക് ശല്യമാകരുതെന്നുണ്ട്. നമ്മളൊക്കെ ഇവിടെയുണ്ടല്ലോ. ആവശ്യം വന്നാൽ വിളിക്കുമായിരിക്കും. അന്ന് കണ്ട സ്നേഹം ഇന്നും പൃഥ്വിരാജിനുണ്ട്. എമ്പുരാന്റെ ലോഞ്ചിന് ചെന്നപ്പോഴും സൗഹൃദത്തോടെ പെരുമാറി. അത് മതി. പലരുടെയും മാറ്റങ്ങൾ കണ്ടിട്ടുള്ളയാളാണ് താനെന്നും ടിനി ടോം വ്യക്തമാക്കി.
പ്രാഞ്ചിയേട്ടൻ ആന്റ് ദ സെയിന്റ്, ഇന്ത്യൻ റുപ്പി, ബ്യൂട്ടിഫുൾ തുടങ്ങിയവയാണ് ടിനി ടോമിന്റെ ശ്രദ്ധേയ സിനിമകൾ. ബ്യൂട്ടിഫുളിൽ ഇമേജ് ബ്രേക്കിംഗ് കഥാപാത്രമാണ് ടിനി ടോം ചെയ്തത്. നേരത്തെ അണ്ണൻ തമ്പി, പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ, ഈ പട്ടണത്തിൽ ഭൂതം എന്നീ സിനിമകളിലാണ് മമ്മൂട്ടിയുടെ ഡ്യൂപ്പായി ടിനി ടോം അഭിനയിച്ചത്. പിന്നീട് മമ്മൂട്ടിയുടെ നിർദ്ദേശത്തിൽ സിനിമകളിൽ റോളുകളും ടിനി ടോമിന് ലഭിച്ചു. മമ്മൂട്ടിയോടുള്ള സ്നേഹത്തെക്കുറിച്ച് മിക്കപ്പോഴും ടിനി ടോം അഭിമുഖങ്ങളിൽ സംസാരിക്കാറുണ്ട്.
#tinitom #recalls #his #experience #bus #while #traveling #guinnesspakru