(moviemax.in) പ്രേക്ഷകർക്ക് മറക്കാനാകാത്ത നടനാണ് അന്തരിച്ച തിലകൻ. മരിച്ചിട്ട് വർഷങ്ങൾ പിന്നിട്ടെങ്കിലും തിലകൻ ചെയ്ത കഥാപാത്രങ്ങൾ നടനെ അനശ്വരനാക്കുന്നു. 2012 ൽ തന്റെ 77ാം വയസിലാണ് തിലകൻ മരിച്ചത്. ന്യൂമോണിയ ബാധിച്ച് ചികിത്സയിലിരിക്കെയാണ് മരണം.
തിലകനെക്കുറിച്ചുള്ള ഓർമകൾ പങ്കുവെക്കുകയാണ് സംവിധായകൻ അനിൽ. ഇദ്ദേഹത്തിന്റെ കളഭം എന്ന സിനിമയിൽ തിലകൻ അഭിനയിച്ചിട്ടുണ്ട്. ബാല നായകനായി മലയാളത്തിലേക്ക് കടന്ന് വന്ന സിനിമയായിരുന്നു കളഭം. ഷൂട്ടിംഗ് സമയത്ത് തിലകന്റെ ആരോഗ്യ സ്ഥിതി വളരെ മോശമായിരുന്നെന്ന് അനിൽ പറയുന്നു. സഫാരി ടിവിയിൽ സംസാരിക്കുകയായിരുന്നു ഇദ്ദേഹം.
പടത്തിന്റെ ഷൂട്ട് നടക്കുന്നത് തെങ്കാശിയിലാണ്. അഗ്രഹാരത്തിലെ സംഗീതഞ്ജന്റെ ക്യാരക്ടറാണ് തിലകൻ ചേട്ടന്. നടി ലക്ഷ്മിയുടെ ഭർത്താവായ മോഹനും അഭിനയിക്കുന്നുണ്ട്. ഇവർ തമ്മിലുള്ള മ്യൂസിക്കൽ കോംപറ്റീഷനാണ് ക്ലെെമാക്സിൽ. ഇടിഞ്ഞ് പൊളിഞ്ഞ കാട് പിടിച്ച ഒരു അമ്പലം ഞങ്ങൾ ഷൂട്ടിന് വേണ്ടി ഉപയോഗിച്ചു. രാവിലെ തിലകൻ ചേട്ടൻ വിളിച്ച് ഇവിടെ വരെ വരുമോ എന്ന് ചോദിച്ചു. അദ്ദേഹമങ്ങനെ വിളിക്കാറില്ല. പോയപ്പോൾ കണ്ട കാഴ്ച മുഴുവൻ ചോരയാണ്.
ബെഡ് ഷീറ്റിൽ മൊത്തം ചോര. എന്തുപറ്റിയെന്ന് ചോദിച്ചപ്പോൾ മൂക്കിനകത്ത് നിന്ന് ബ്ലഡ് വരുന്നെന്ന് അദ്ദേഹം. ഷൂട്ട് തീരാൻ രണ്ട് ദിവസമേയുള്ളൂ. ഡോക്ടറുടെയടുത്ത് പോകേണ്ട പോയാൽ അഡ്മിറ്റ് ചെയ്യുമെന്നും തിലകൻ ചേട്ടൻ പറഞ്ഞു. ഷൂട്ട് തീർക്കണമെന്ന് അദ്ദേഹം പറഞ്ഞപ്പോൾ മൂക്കിൽ നിന്ന് ചോര വരുമ്പോൾ എങ്ങനെ ഷൂട്ട് ചെയ്യുമെന്ന് ഞാൻ ചോദിച്ചു. ഷൂട്ട് ചെയ്യണം, പോയാൽ തിരിച്ച് വരുമോ എന്ന് എനിക്ക് തന്നെ അറിയില്ലെന്ന് തിലകൻ ചേട്ടൻ മറുപടി നൽകി.
മൂക്കിനകത്ത് പഞ്ഞി വെച്ച് ഷൂട്ട് ചെയ്യാൻ തിലകൻ തയ്യാറായെന്നും അനിൽ പറയുന്നു. ആ ഷോട്ട് കണ്ടാലറിയാം. അദ്ദേഹത്തിന്റെ മൂക്ക് വീർത്തിട്ടുണ്ട്. ഓരോ ഷോട്ടിനും മൂക്കിനകത്ത് പഞ്ഞി കുത്തി കയറ്റി വെച്ച് രണ്ട് ദിവസം ഡോക്ടറെ കാണാതെ ഷൂട്ട് തീർത്തു. രണ്ട് ദിവസം കഴിഞ്ഞ് ഒരു വണ്ടിക്കകത്ത് ചേട്ടനെ വിടാമെന്ന് പറഞ്ഞെങ്കിലും അതിൽ പോകാതെ സ്വന്തമായി വണ്ടിയോടിച്ച് പോയ ആളാണ്. വേറെ ആർട്ടിസ്റ്റാണെങ്കിൽ അങ്ങനെ ഷൂട്ട് ചെയ്യില്ല. അത്രയും ഡെഡിക്കേറ്റഡ് ആയ ആളായിരുന്നു തിലകനെന്ന് അനിൽ ഓർത്തു. കളഭം വലിയ ഹിറ്റായില്ലെങ്കിലും കുഴപ്പമില്ലാതെ ഓടിയ പടമാണെന്നും അനിൽ പറഞ്ഞു.
നടൻ ജഗതി ശ്രീകുമാറിന് അപകടം പറ്റിയതിനെക്കുറിച്ചും അനിൽ സംസാരിച്ചു. ജയറാമിനെ വെച്ച് മാന്ത്രികൻ എന്ന സിനിമ ചെയ്യുകയായിരുന്നു. ഗുണ്ടൽ പേട്ടയിൽ നിന്ന് ഷൂട്ട് ഷിഫ്റ്റ് ചെയ്ത് പൊള്ളാച്ചിലേക്കെത്തി. ജയറാമിനും അമ്പിളി ചേട്ടനും (ജഗതി ശ്രീകുമാർ) തൃശൂരിൽ ഒരു ഫങ്ഷനുണ്ട്. അവർ രണ്ട് പേരും രാത്രി തിരിച്ച് കൂർഗിൽ എത്തി ജോയിൻ ചെയ്താേളാം എന്നായിരുന്നു കാൽക്കുലേഷൻ.
പിറ്റേന്ന് കേട്ട ഞെട്ടിക്കുന്ന വാർത്ത അമ്പിളി ചേട്ടൻ ആക്സിഡന്റായി എന്നതാണ്. സിനിമയുടെ സെക്കന്റ് ഹാഫിൽ അമ്പിളി ചേട്ടൻ വളരെ പ്രധാനപ്പെട്ട റോൾ ചെയ്യുന്നുണ്ട്. ഒഴിവിക്കാൻ പറ്റില്ല. എന്ത് ചെയ്യും എന്നാലോചിച്ചു. ഒരാഴ്ച കൊണ്ട് റെഡിയാകും എന്നാണ് കരുതിയത്. ഇത്ര ക്രിറ്റിക്കലാണെന്ന് അറിഞ്ഞിരുന്നില്ലെന്നും അനിൽ ഓർത്തു.
#thilakan #health #not #well #acting #kalabham #movie #starring #bala #director #reveals