( moviemax.in ) നടൻ മമ്മൂട്ടിക്ക് കുടലിൽ അർബുദം സ്ഥിരീകിരിച്ചെന്ന അഭ്യൂഹം നിമിഷ നേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. 73 കാരനായ നടൻ കാൻസർ ചികിത്സയ്ക്ക് വേണ്ടി ഷൂട്ടിംഗിൽ നിന്നും മാറി നിൽക്കുകയാണെന്നും താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നും വാദങ്ങൾ വന്നിരുന്നു. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് മമ്മൂട്ടിയുടെ പിആർ ടീം. നിലവിൽ പ്രചരിക്കുന്ന വിവരങ്ങൾ തെറ്റാണെന്നും മമ്മൂട്ടിക്ക് കാൻസറില്ലെന്നും ഇവർ വ്യക്തമാക്കുന്നു.
'അത് വ്യാജ വാർത്തയാണ്. റമദാനിൽ നോമ്പുള്ളതിനാൽ ഇപ്പോൾ വെക്കേഷനിലാണ് അദ്ദേഹം. ഷൂട്ടിംഗുകളിൽ നിന്നും മാറി നിൽക്കുന്നു. ബ്രേക്ക് കഴിഞ്ഞ് മോഹൻലാലിനൊപ്പമുള്ള മഹേഷ് നാരായണന്റെ സിനിമയുടെ ഷൂട്ടിംഗിന് തിരിച്ചെത്തും,' മമ്മൂട്ടിയുടെ പിആർ ടീം മിഡ്-ഡേയോട് പ്രതികരിച്ചതിങ്ങനെ. അഭ്യൂഹങ്ങൾക്കൊടുവിൽ വ്യക്തത ലഭിച്ചതിന്റെ ആശ്വാസത്തിലാണ് മമ്മൂട്ടി ആരാധകർ.
കരിയറിൽ തുടരെ സിനിമകളുമായി തിരക്കുകളിലാണ് മമ്മൂട്ടി. മഹേഷ് നാരായണൻ ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചിട്ടില്ല. മമ്മൂട്ടിയും മോഹൻലാലും 16 വർഷങ്ങൾക്ക് ശേഷം ഒരുമിച്ച് അഭിനയിക്കുന്ന സിനിമയാണിത്. ഇതിന് മുമ്പ് ട്വന്റി ട്വന്റി എന്ന സിനിമയിലാണ് ഇരുവരും ഒരുമിച്ച് അഭിനയിച്ചത്. നയൻതാരയാണ് ചിത്രത്തിൽ നായികയെന്ന പ്രത്യേകതയുമുണ്ട്. ഫഹദ് ഫാസിലും കുഞ്ചാക്കോ ബോബനും ചിത്രത്തിൽ പ്രധാന വേഷം ചെയ്യുന്നു.
കഴിഞ്ഞ വർഷം നവംബർ മാസത്തിലാണ് സിനിമയുടെ പൂജ നടന്നത്. ശ്രീലങ്കയിൽ വെച്ചായിരുന്നു ചടങ്ങ്. മമ്മൂട്ടിയും മോഹൻലാലും ചടങ്ങിനെത്തിയിരുന്നു. ശ്രീലങ്ക, ലണ്ടൻ, അബു ദാബി, അസർബെെജാൻ, തായ്ലന്റ്, വിശാഖ പട്ടണം, ഹെെദരാബാദ്, ഡൽഹി, കൊച്ചി എന്നിവിടങ്ങളിലായാണ് ഷൂട്ടിംഗ്.
ഈ മൾട്ടി സ്റ്റാർ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ബസൂക്കയാണ് മമ്മൂട്ടിയുടെ റിലീസ് ചെയ്യാനിരിക്കുന്ന സിനിമ. നവാഗതനായ ഡീനോ ഡെന്നിസ് സംവിധാനം ചെയ്യുന്ന ആക്ഷൻ ത്രില്ലർ ചിത്രമാണ് ബസൂക്ക. ഏപ്രിൽ 10 ന് ചിത്രം തിയറ്ററുകളിലെത്തും.
ആരോഗ്യ കാര്യങ്ങളിൽ വലിയ ശ്രദ്ധ നൽകുന്ന താരമാണ് മമ്മൂട്ടി. കൃത്യമായ ഡയറ്റിംഗ് താരത്തിനുണ്ട്. 73 വയസിലും ചെറുപ്പം നിലനിർത്തുന്നതിന് കാരണവും ഇതാണ്. മമ്മൂട്ടിയുടെ ഭക്ഷണ രീതികളെക്കുറിച്ച് സഹപ്രവർത്തകരിൽ പലരും സംസാരിക്കാറുണ്ട്. ഇഷ്ടമുള്ളതെന്തും കഴിക്കും എന്നാൽ ഇഷ്ടമുള്ള അത്രയും കഴിക്കാറില്ലെന്നാണ് ഡയറ്റിംഗിനെക്കുറിച്ച് മമ്മൂട്ടി പറയാറുള്ളത്.
കരിയറിൽ ഏറ്റവും മികച്ച കാലഘട്ടത്തിലൂടെയാണ് മമ്മൂട്ടി ഇപ്പോൾ കടന്ന് പോകാറെന്ന് ആരാധകർ പറയാറുണ്ട്. ഒന്നിന് പിറകെ ഒന്നായി താരം ശ്രദ്ധേയ സിനിമകൾ ചെയ്തു. ചില സിനിമകൾ സ്വന്തം പ്രൊഡക്ഷൻ ഹൗസായ മമ്മൂട്ടി കമ്പനി തന്നെ നിർമ്മിക്കുന്നു. നിരൂപകര പ്രശംസ നേടിയ നിരവധി സിനിമകളുടെ ഭാഗമാകാൻ മമ്മൂട്ടിക്ക് കഴിയുന്നു എന്നതും ശ്രദ്ധേയമാണ്. ഭ്രമയുഗമാണ് അടുത്ത കാലത്ത് ഏറ്റവും ശ്രദ്ധിക്കപ്പെട്ട മമ്മൂട്ടി ചിത്രം.
മമ്മൂട്ടിയുടെ മകൻ ദുൽഖർ സൽമാൻ മലയാളത്തേക്കാളും തെലുങ്കിലാണ് ഇന്ന് കൂടുതൽ സജീവം. ഒടുവിൽ പുറത്തിറങ്ങിയ ലക്കി ഭാസ്ക്കർ എന്ന ദുൽഖർ ചിത്രം വൻ വിജയമായിരുന്നു. തെലുങ്കിൽ തുടരെ ഹിറ്റുകളുമായി കരിയറിൽ മുന്നേറുകയാണ് ദുൽഖർ സൽമാൻ. താരം മലയാളത്തിൽ സജീവമാകണമെന്ന് ആരാധകർ ആഗ്രഹിക്കുന്നുണ്ട്. കരിയറിൽ താൻ തുടരെ സിനിമകൾ ചെയ്യാത്തതിനെക്കുറിച്ച് പിതാവ് ഉപദേശിച്ചിട്ടുണ്ടെന്ന് അടുത്തിടെ ദുൽഖർ പറഞ്ഞിരുന്നു. തുടരെ സിനിമകൾ ചെയ്യണമെന്നാണ് അദ്ദേഹം ആഗ്രഹിക്കുന്നതെന്നും ദുൽഖർ സൽമാൻ അന്ന് വ്യക്തമാക്കി.
#mammootty #pr #team #reacts #cancer #rumours #says #he #is #good #health

































