ഇൻസ്റ്റഗ്രാം അക്കൗണ്ട് ആരോ ഹാക്ക് ചെയ്തെന്ന് ബാലതാരം ദേവനന്ദ. ദേവനന്ദ തന്നെയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. ബ്ലോക്ക് ചെയ്തെന്ന് പലരും വിചാരിച്ചെന്നും സത്യത്തിൽ ഹാക്ക് ചെയ്യപ്പെട്ടതാണെന്നും താരം പറയുന്നു.
''എന്നോടു ഭയങ്കര സ്നേഹമുള്ള ഏതോ ചേട്ടനോ ചേച്ചിയോ എന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്തു. നാലഞ്ച് ദിവസത്തിനുള്ളിൽ തിരിച്ചു കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു. പലരും ചോദിച്ചു ബ്ലോക്ക് ചെയ്തതാണോ എന്നൊക്കെ. സത്യത്തിൽ ഹാക്ക് ചെയ്യപ്പെട്ടാണ്.
സ്‍കൂളിൽ പരീക്ഷ തുടങ്ങുകയാണ്. ക്ലാസില്‍ മുഴുവൻ സമയം പോകുവാൻ പറ്റിയില്ലെങ്കിലും കൂട്ടുകാർ നോട്ട്സ് ഒക്കെ അയച്ചു തന്ന് സഹായിക്കും. നോട്ട്സ് വരുമ്പോൾ തന്നെ പഠിച്ചു വയ്ക്കും. അതുകൊണ്ട് ടെൻഷനൊന്നുമില്ല'', ദേവനന്ദ പറഞ്ഞു.
മലയാള സിനിമയിൽ നിരവധി ആരാധകരുള്ള ബാലതാരമാണ് ദേവനന്ദ. 2018 -ൽ തൊട്ടപ്പൻ എന്ന സിനിമയിലഭിനയിച്ചുകൊണ്ടാണ് ദേവനന്ദ സിനിമാരംഗത്തേക്ക് എത്തുന്നത്. അതിനു ശേഷം മിന്നൽ മുരളി, മൈ സാന്റ അടക്കം നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും മാളികപ്പുറം എന്ന സിനിമയിൽ കല്ലു എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിനു ശേഷമാണ് ദേവനന്ദയ്ക്ക് കൂടുതൽ സ്വീകാര്യത ലഭിച്ച് തുടങ്ങിയത്.
ഉണ്ണി മുകുന്ദൻ നായകനായ സിനിമയിൽ കല്യാണി എന്ന സ്കൂൾ വിദ്യാർത്ഥിനിയായാണ് ദേവനന്ദ അഭിനയിച്ചത്. അരൺമനൈ 4 എന്ന തമിഴ് ചിത്രത്തിലും ദേവനന്ദ അഭിനയിച്ചിട്ടുണ്ട്. ഇതുവരെ ഇരുപതിലധികം സിനിമകളിൽ താരം വേഷമിട്ടു. ഉദ്ഘാടന വേദികളിലും പൊതുപരിപാടികളിലും സജീവമാണ് ദേവനന്ദ.
#loving #brother #sister #hacked #Instagram #account #Devananda