ടെലിവിഷൻ രംഗത്ത് തിളങ്ങിയ നടി ആര്യ ബാബു സിനിമകളിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ബഡായ് ബംഗ്ലാവ് എന്ന ഷോയാണ് ആര്യയുടെ കരിയർ മാറ്റി മറിക്കുന്നത്. വൻ ജനപ്രീതി ഈ ഷോയിലൂടെ ആര്യ നേടി. എന്നാൽ ബിഗ് ബോസ് ഷോയിലെത്തിയതോടെ ആര്യയുടെ ജനപ്രീതി കുത്തനെ ഇടിഞ്ഞു. ഷോയിലൂടെ ജനങ്ങളിലേക്ക് ആര്യയെക്കുറിച്ച് നെഗറ്റീവ് ഇമേജ് വന്നതായിരുന്നു കാരണം. കടുത്ത സെെബർ ആക്രമണം അക്കാലത്ത് ആര്യക്ക് നേരിടേണ്ടി വന്നു.
കരിയറിനെക്കുറിച്ച് സംസാരിക്കുകയാണ് ആര്യയിപ്പോൾ. കരിയറിൽ തനിക്ക് അവസരങ്ങൾ കുറഞ്ഞിട്ടുണ്ടെന്ന് ആര്യ തുറന്ന് പറഞ്ഞു. കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. നടിയെന്ന നിലയിൽ അവസരങ്ങളില്ല. ചിലപ്പോൾ ഞാനതിന് വേണ്ടി ശ്രമിക്കാത്തത് കൊണ്ടായിരിക്കാം. അതെന്റെ നെഗറ്റീവായി കാണുന്നു. ഡയരക്ടേർസ് ആക്ടറാണ് ഞാൻ. അത് പോസിറ്റീവായി കാണുന്നെന്നും ആര്യ പറഞ്ഞു.
സുഹൃത്തും സഹപ്രവർത്തകനുമായ രമേശ് പിഷാരടിയുടെ സിനിമകളിൽ കാണാത്തതിനെക്കുറിച്ചും ആര്യ സംസാരിച്ചു. ഗാനഗന്ധർവനിൽ മാത്രം ചെറിയൊരു റോൾ ചെയ്തിട്ടുണ്ട്. ഒരു ക്യാരക്ടറെന്ന് പറയാൻ പറ്റില്ല. രമേശേട്ടന്റെ പടങ്ങൾ ചെയ്തിട്ടില്ല. അതിന് കൃത്യമായ നല്ല മറുപടി രമേശേട്ടൻ പറഞ്ഞു. അത് കൺവിൻസിംഗ് ആയിരുന്നു. എന്റെ സുഹൃത്തിന് കഥാപാത്രം കൊടുക്കുമ്പോൾ ആ കഥാപാത്രത്തിന് ആ സിനിമയിൽ ഒരു വാല്യു വേണം.
വെറുതെ എന്റെ ഫ്രണ്ടാണ് അത് കൊണ്ട് കാസ്റ്റ് ചെയ്യണം എന്ന് പറഞ്ഞ് ഒരു സിനിമയിൽ കാസ്റ്റ് ചെയ്താൽ അത് ശരിയാകില്ലല്ലോ അത് മോശമല്ലേ എന്ന് അദ്ദേഹം ചോദിച്ചു. ഞാൻ ചോദിച്ചപ്പോൾ പറഞ്ഞതല്ല. ഇത് പോലൊരു ഇന്റർവ്യൂവിൽ അദ്ദേഹത്തോട് ആരോ ചോദിച്ചതാണ്. അത് കൃത്യമാണെന്ന് എനിക്ക് തോന്നി. നമുക്കെന്ന് പറഞ്ഞ് എഴുതി വെച്ചിട്ടുള്ള കഥാപാത്രങ്ങളുണ്ടാകുമെന്നും ആര്യ വ്യക്തമാക്കി. താൻ പൊതുവേ അവസരങ്ങൾ ചോദിക്കുന്ന ആളല്ലെന്നും ആര്യ പറയുന്നുണ്ട്. ബഡായി ബംഗ്ലാവ് എന്ന ഷോയിൽ ആര്യ-രമേശ് പിഷാരടി കോംബോ വൻ ജനപ്രീതി നേടിയിരുന്നു.
നടനെന്നതിനൊപ്പം സംവിധായകനുമാണ് രമേശ് പിഷാരടി. ബഡായി ബംഗ്ലാവ്, ബിഗ് ബോസ് എന്നീ ഷോകളെക്കുറിച്ച് ആര്യ നേരത്തെ സംസാരിച്ചിരുന്നു. മലയാളി പ്രേക്ഷകർ ഇപ്പോഴും സീരിയലുകളെയും ടെലിവിഷൻ റിയാലിറ്റി ഷോകളെയും വികാരപരമായാണ് കാണുന്നത്.
ബഡായി ബംഗ്ലാവിലെ ആര്യയെ ഇപ്പോഴും രമേശ് പിഷാരടിയുടെ ഭാര്യയായി കാണുന്നവരുണ്ട്. അത് പോലെയാണ് ബിഗ് ബോസും. ഇതൊരു ഗെയിം ഷോയായി മാത്രം കാണേണ്ട കാര്യമേയുള്ളൂ. അതിന് പകരം റിയലായാണ് പലരും ബിഗ് ബോസ് ഷോ കാണുന്നതെന്ന് ആര്യ അന്ന് അഭിപ്രായപ്പെട്ടു.
സീരിയൽ രംഗത്തായിരുന്നു ആര്യ തുടക്ക കാലത്ത് ശ്രദ്ധ നേടിയത്. മോഹക്കടൽ, അച്ഛന്റെ മക്കൾ, ആർദ്രം തുടങ്ങിവയാണ് ആര്യയുടെ ശ്രദ്ധേയ സീരിയലുകൾ. എന്നാൽ ടെലിവിഷൻ ഷോകളാണ് ആര്യയുടെ കരിയർ മാറ്റി മറിക്കുന്നത്. അഭിനയത്തോടൊപ്പം സംരഭകയുമാണ് ഇന്ന് ആര്യ. റോയ എന്നാണ് ആര്യയുടെ മകളുടെ പേര്.
രോഹിത് സുശീലൻ എന്നാണ് ആര്യയുടെ മുൻഭർത്താവിന്റെ പേര്. വേർപിരിഞ്ഞെങ്കിലും രോഹിത്തുമായി സൗഹൃദമുണ്ടെന്ന് ആര്യ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. മകളുടെ കാര്യങ്ങളിൽ അദ്ദേഹവും ശ്രദ്ധ നൽകുന്നു. മകൾ രണ്ട് പേർക്കൊപ്പവും സമയം ചെലവഴിക്കാറുണ്ട്. മുൻ ഭർത്താവ് ഇപ്പോൾ മറ്റൊരു വിവാഹം ചെയ്ത് കുടുംബമായി ജീവിക്കുകയാണെന്നും ആര്യ വ്യക്തമാക്കി.
#aryababu #opens #up #about #why #she #dont ##get #roles #rameshpisharody #movies