ഒറ്റ ചിത്രം കൊണ്ട് ആരാധകരെ സൃഷ്ടിക്കാൻ കഴിയുന്ന താരങ്ങളുണ്ട്. ആ കഥാപാത്രത്തിന്റെ പേരിൽ ആയിരിക്കും ഒരുപക്ഷേ അവർ അറിയപ്പെടുകയും. അത്തരത്തിൽ ‘അങ്കമാലി ഡയറീസ്’ എന്ന ഒറ്റ ചിത്രം കൊണ്ടുതന്നെ മലയാളികൾ നെഞ്ചോട് ചേർത്ത താരമാണ് ആന്റണി വർഗീസ് പെപ്പെ.
അവിടിന്ന് ഇങ്ങോട്ട് ചെയ്ത എല്ലാ കഥാപാത്രങ്ങളും ഹിറ്റായെങ്കിലും വിൻസെന്റ് പെപ്പെ എന്ന കഥാപത്രത്തിന്റെ പേരിലാണ് ആന്റണി അറിയപ്പെടുന്നത്. താരത്തിന്റെ പുതിയ ചിത്രത്തിനായി വരുത്തിയ രൂപമാറ്റം ഇപ്പോൾ ആളുകളെ ഞെട്ടിച്ചിരിക്കുകയാണ്.
‘ദാവീദ്’ എന്ന ചിത്രത്തിനായാണ് താരം രൂപമാറ്റം വരുത്തിയത്. ബോക്സിങ് താരത്തിന്റെ വേഷത്തിലാണ് താരം ചിത്രത്തിൽ എത്തിയത്. ഇതിനായി 18 കിലോ ശരീരഭാരമാണ് ആന്റണി കുറച്ചത്. വർക്കൗട്ട് ദിനങ്ങളിലെ ചിത്രങ്ങൾ താരം പങ്കുവച്ചിട്ടുണ്ട്.
പഴയ കുടവയർ ഉള്ള രൂപവും ചിത്രത്തിനായി നടത്തിയ മേക്കോവറും അതിശയത്തോടെയാണ് ഏവരും കണ്ടിരിക്കുന്നത്. 96 കിലോയിൽ നിന്നും 74 കിലോയിലേക്ക് എത്തിയെന്നും അതിനായി ഒപ്പം നിന്ന പരിശീലകർക്ക് പ്രത്യേക നന്ദിയുണ്ടെന്നും താരം പറഞ്ഞു.
ചിത്രങ്ങൾ പങ്കുവച്ചതോടെ സൈജു കുറുപ്പ്, വിനീത് വിശ്വം, സിജു വിൽസൺ ഉൾപ്പെടെയുള്ള താരങ്ങൾ കമന്റുമായി എത്തിയിട്ടുണ്ട്. വേൾഡ് ബോക്സിങ് കൗൺസലിന്റെ ഇന്ത്യയിലെ ഔദ്യോഗിക ഘടകമായ ഇന്ത്യൻ ബോക്സിങ് കൗൺസിലും കേരള ബോക്സിങ് കൗൺസിലും സംയുക്തമായി നടത്തുന്ന ‘ഡി’ ഫൈറ്റ് നൈറ്റിനു മുന്നോടിയായി പ്രഫഷനൽ ബോക്സിങ് ലൈസൻസ് പെപ്പെയ്ക്കു ലഭിച്ചിരുന്നു.
ഇതോടെ ഇന്ത്യൻ സിനിമയിൽ പ്രഫഷനൽ ബോക്സിങ് ലൈസൻസ് ഉള്ള ആദ്യ താരമായി ആന്റണി മാറുകയായിരുന്നു. ‘ദാവീദ്’ എന്ന ചിത്രത്തിനു വേണ്ടി ഏഴ് മാസത്തിലധികം നടൻ ബോക്സിങ് പരിശീലിച്ചിരുന്നു. അവയെല്ലാം ചിത്രത്തിന്റെ വിജയത്തെ സഹായിച്ചിട്ടുണ്ട്.
#Fanstook #pictures #Peppe #who #lost #body #weight