Jan 28, 2025 10:01 PM

(moviemax.in ) തെന്നിന്ത്യന്‍ സിനിമയില്‍നിന്ന് കാസ്റ്റിങ് കൗച്ച് നേരിടേണ്ടിവന്നതായി നടി ഫാത്തിമ സന ഷെയ്ഖിന്റെ വെളിപ്പെടുത്തല്‍. 'ബോളിവുഡ് ബബ്ബിള്‍'ന് നല്‍കിയ അഭിമുഖത്തിലായിരുന്നു നടിയുടെ തുറന്നുപറച്ചില്‍.

ഒരു കാസ്റ്റിങ് ഏജന്റാണ് തന്നോട് നിരന്തരം പ്രകോപനമുണ്ടാക്കുന്നരീതിയില്‍ സംസാരിച്ചതെന്നായിരുന്നു നടി പറഞ്ഞത്. ഇയാളുടെ നിരന്തരമായ ഫോണ്‍കോളുകള്‍ അസ്വസ്ഥതയുണ്ടാക്കി.

എല്ലാം ചെയ്യാന്‍ നിങ്ങള്‍ തയ്യാറാകുമല്ലേ എന്നായിരുന്നു അയാള്‍ ചോദിച്ചിരുന്നത്. കഥാപാത്രത്തിന് ആവശ്യമായത് ചെയ്യുമെന്നായിരുന്നു തന്റെ മറുപടി. പിന്നീട് താന്‍ ഒന്നും മിണ്ടിയില്ലെന്നും നടി പറഞ്ഞു.

ഹൈദരാബാദില്‍വെച്ച് ഒരു നിര്‍മാതാവില്‍നിന്നുണ്ടായ അനുഭവവും നടി അഭിമുഖത്തില്‍ വിശദീകരിച്ചു. ബോളിവുഡില്‍ നായികയായി അരങ്ങേറ്റം കുറിക്കുന്നതിന് മുന്‍പായിരുന്നു ഈ സംഭവം.

'നിങ്ങള്‍ക്കറിയാമല്ലോ, നിങ്ങള്‍ ആളുകളെ കാണേണ്ടിവരും' എന്നാണ് നിര്‍മാതാവ് പറഞ്ഞത്. അവര്‍ ഒരിക്കലും കാര്യങ്ങള്‍ തുറന്നുപറയില്ല. പക്ഷേ, വിചിത്രമായരീതിയില്‍ അവതരിപ്പിക്കും. അവരുടെ ഉദ്ദേശ്യം വ്യക്തമാണ്. എന്നാല്‍, 'നിങ്ങള്‍ ആളുകളെ കാണണം, അത് ചെയ്യണം, ഇത് ചെയ്യണം' എന്നെല്ലാമാണ് പറയുകയെന്നും ഫാത്തിമ സന ഷെയ്ഖ് വ്യക്തമാക്കി.

മുംബൈയില്‍ നവാഗതരായ അഭിനേതാക്കളില്‍നിന്ന് കാസ്റ്റിങ് ഡയറക്ടര്‍മാര്‍ കമ്മിഷന്‍ വാങ്ങുന്നതായും നടി ആരോപിച്ചു. 'റഫറന്‍സ്' എന്ന പേരുപറഞ്ഞാണ് പുതിയ അഭിനേതാക്കളുടെ വേതനത്തില്‍നിന്ന് ഒരുവിഹിതം കാസ്റ്റിങ് ഡയറക്ടര്‍മാര്‍ വാങ്ങുന്നതെന്നായിരുന്നു നടിയുടെ ആരോപണം.

കമല്‍ഹാസന്‍ നായകനായ 'ചാച്ചി 420' എന്ന സിനിമയില്‍ ബാലതാരമായിട്ടായിരുന്നു ഫാത്തിമയുടെ സിനിമയിലെ തുടക്കം. ആമിര്‍ ഖാനൊപ്പം അഭിനയിച്ച 'ദംഗലി'ലൂടെ ഫാത്തിമ ശ്രദ്ധിക്കപ്പെട്ടു. 'തഗ്‌സ് ഓഫ് ഹിന്ദോസ്ഥാന്‍', 'ലുഡോ', 'സാം ബഹദൂര്‍' തുടങ്ങിയ സിനിമയിലും അഭിനയിച്ചു. അനുരാഗ് ബസുവിന്റെ 'മെട്രോ ഇന്‍ ദിനോ' ആണ് ഫാത്തിമയുടെ പുതിയ ചിത്രം.




#fatimasanashaikh #about #casting #couch #southindian #film #industry

Next TV

Top Stories










News Roundup






https://moviemax.in/- //Truevisionall