Jan 27, 2025 09:36 PM

ബെം​ഗളൂരു: അർബുദ ചികിത്സയുമായി ബന്ധപ്പെട്ട ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയശേഷം നാട്ടിൽ തിരിച്ചെത്തി കന്നഡ സൂപ്പർതാരം ശിവ രാജ്കുമാർ.

സഹപ്രവർത്തകരും നൂറുകണക്കിന് ആരാധകരും ചേർന്നാണ് അദ്ദേഹത്തെ വീട്ടിലേക്ക് സ്വീകരിച്ചത്. മുഖ്യമന്ത്രി സിദ്ധരാമയ്യ ശിവ രാജ്കുമാറിനെ വീട്ടിലെത്തി സന്ദർശിച്ചു. താരത്തിന്റെ സുഖവിവരങ്ങൾ മുഖ്യമന്ത്രി തിരക്കി.

ഇക്കഴിഞ്ഞ ഡിസംബർ 24-ന് അമേരിക്കയിലെ മിയാമി കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിലായിരുന്നു മൂത്രാശയ അർബുദത്തിനുള്ള ശസ്ത്രക്രിയ. താൻ തിരിച്ചുവരുമെന്ന് പുതുവത്സരദിന സന്ദേശത്തിൽ താരം പറഞ്ഞിരുന്നു.

വീട്ടിൽ തിരിച്ചെത്തിയ ശേഷം മാധ്യമങ്ങളോടും അദ്ദേഹം പ്രതികരിച്ചു. വെല്ലുവിളികൾ നിറഞ്ഞ ജീവിതഘട്ടത്തേയും അതിനെ മറികടന്നതിനേക്കുറിച്ചും അദ്ദേഹം വാർത്താ സമ്മേളനത്തിൽ സംസാരിച്ചു.

"കുറച്ച് പേടിയുണ്ടായിരുന്നു. എന്നാൽ പ്രതിസന്ധിഘട്ടത്തെ സധൈര്യം മറികടക്കാൻ സഹായിച്ചത് ആരാധകരും അഭ്യുദയകാംക്ഷികളും നൽകിയ ശക്തിയാണ്. അഭിനയത്തിലേക്ക് തിരിച്ചുവരാനും ആസ്വാദകരെ കൂടുതൽ രസിപ്പിക്കാനുമാണ് ഇനിയുള്ള ശ്രമം.

ആറുമണിക്കൂർ നീണ്ട ശസ്ത്രക്രിയയായിരുന്നു. തൊട്ടടുത്ത ദിവസം മുതൽ നടക്കാൻ തുടങ്ങി. എവിടെ നിന്നാണ് ആ ഊർജം കിട്ടിയതെന്നറിയില്ല." താരം പറഞ്ഞു.

കീമോ തെറാപ്പി ചെയ്യുമ്പോഴും സിനിമ ചെയ്യുന്നുണ്ടായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. പുറത്തിറങ്ങാനിരിക്കുന്ന 45 എന്ന ചിത്രത്തിന്റെ ക്ലൈമാക്സ് രം​ഗങ്ങൾ ചെയ്യുമ്പോൾ ചികിത്സ നടക്കുന്നുണ്ടായിരുന്നു.

അതൊക്കെ എങ്ങനെയാണ് ചെയ്തതെന്ന് ഇപ്പോഴുമറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.






നാരദൻ സംവിധാനംചെയ്ത ഭൈരതി രണ​ഗൽ എന്ന ചിത്രമാണ് ചികിത്സയ്ക്ക് പോകുന്നതിനുമുൻപ് ശിവ രാജ്കുമാറിന്റേതായി തിയേറ്ററുകളിലെത്തിയത്. ഉത്തരകാണ്ഡ, 45, ഭൈരവന കോനേ പാത എന്നിവയാണ് അദ്ദേഹം നായകനായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങൾ. രാം ചരൺ തേജ നായകനാവുന്ന തെലുങ്ക് ചിത്രത്തിലും ശിവ രാജ്കുമാർ എത്തുമെന്നാണ് റിപ്പോർട്ട്.







#six #hour #long #surgery #fans #reason #overcome #crisis

Next TV

Top Stories