തമിഴിൽ അരങ്ങേറ്റം കുറിച്ച് മല്ലു സിംഗ് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തിയ നടനാണ് ഉണ്ണി മുകുന്ദൻ. ഇന്ന് പാൻ ഇന്ത്യൻ ലെവലിൽ ശ്രദ്ധനേടി കൊണ്ടിരിക്കുന്ന മാർക്കോയിൽ നിറഞ്ഞാടുകയാണ് താരം.
റിലീസ് ചെയ്ത് ആദ്യദിനം മുതൽ മാർക്കോ പ്രേക്ഷക പ്രശംസ നേടുന്നതിനിടെ ഉണ്ണി മുകുന്ദനുമായി ബന്ധപ്പെട്ട പോസ്റ്റുകളും വീഡിയോകളും ഫോട്ടോകളുമെല്ലാം സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുകയാണ്. അക്കൂട്ടത്തിലൊരു പഴയ വീഡിയോ വീണ്ടും ആരാധക കണ്ണിൽ ഉടക്കിയിട്ടുണ്ട്.
2018ലേതാണ് ഈ വീഡിയോ. പാലക്കാട് ഒരു കോളേജിൽ എത്തിയതായിരുന്നു ഉണ്ണി മുകുന്ദൻ. നടനെ കണ്ടതും ആരാധകരായ വിദ്യാർത്ഥികളടക്കമുള്ളവർ ബാരിക്കേഡിന് അടുത്തെത്തി. ഇതോടെ ഭാരം താങ്ങാനാകാതെ ബാരിക്കേഡ് മുന്നിലേക്ക് ചായുകയായിരുന്നു.
സമയോചിതമായ ഇടപെടലിലൂടെ ഉടൻ ഉണ്ണി മുകുന്ദൻ തന്നെ ബാരിക്കേഡ് താങ്ങി ഉയർത്തി. പിന്നാലെ മറ്റുള്ളവരും ഒപ്പം കൂടുകയായിരുന്നു. അന്ന് തന്നെ ഈ വീഡിയോ ഉണ്ണി തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ പങ്കിട്ടിരുന്നു. 'ഞാനുള്ളപ്പോൾ നിങ്ങളെ വീഴാൻ അനുവദിക്കില്ലെ'ന്നായിരുന്നു വീഡിയോയ്ക്ക് നടൻ നൽകിയിരുന്ന ക്യാപ്ഷൻ.
https://x.com/ssumfans/status/1874328528722026677
മാർക്കോ ഹിറ്റ് ഗാഥ രചിച്ച് മുന്നേറുന്നതിനിടെ വീണ്ടും ആ വീഡിയോ വൈറലായി. 'സാധാരണക്കാരനായ ഒരു മനുഷ്യന് ഇത് ചെയ്യാനാകില്ല. അസാമാന്യ കരുത്ത്' എന്ന് കുറിച്ചുകൊണ്ടാണ് ഇപ്പോൾ വീഡിയോ പുറത്തുവന്നത്. ഇന്ത്യൻ സിനിമയുടെ ബജ്റംഗ്ബലിയാണ് ഉണ്ണി മുകുന്ദനെന്നും ഇവർ പറയുന്നുണ്ട്. മസിലളിയന് ഇതൊക്കെ നിസാരമെന്നാണ് മലയാളികൾ കുറിക്കുന്നത്.
അതേസമയം, ബോക്സ് ഓഫീസിൽ അടക്കം മിന്നും പ്രകടനം കാഴ്ചവച്ച് മാർക്കോ മുന്നേറുകയാണ്. ചിത്രത്തിന്റെ തമിഴ് പതിപ്പ് ഇന്ന് തിയറ്ററുകളിൽ റിലീസ് ചെയ്യും. മുൻപ് ഹിന്ദി, മലയാളം, തെലുങ്ക് ഭാഷകളിൽ സിനിമയ്ക്ക് ലഭിച്ച സ്വീകാര്യത കോളിവുഡിലും ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അണിയറ പ്രവർത്തകർ. റിലീസ് ചെയ്ത് 13 ദിവസത്തെ കണക്കു പ്രകാരം 76 കോടിയോളം രൂപ മാർക്കോ ആഗോളതലത്തിൽ നേടിയിട്ടുണ്ട്.
#unnimukundan #old #video #he #protected #people #falling #resisting #barricade