കൊച്ചി: (moviemax.in) സിനിമാ മേഖലയിൽ കള്ളപ്പണമിടപാട് നടക്കുന്നുവെന്ന പരാതി ലഭിച്ചതിനെ തുടർന്ന് സൗബിൻ ഷാഹിറിന്റെ പറവ ഫിലിംസിൽ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്.
പറവ ഫിലിംസ് നടത്തിയ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ചാണ് പരിശോധന നടത്തുന്നത്.നികുതി റിട്ടേൺ ഫയൽ ചെയ്തിട്ടില്ല, കണക്കുകൾ മറച്ചുവെച്ചുവെന്നുമാണ് ആദായ നികുതി വകുപ്പ് വ്യക്തമാക്കുന്നത്.
സിനിമാ നിർമാണ കമ്പനികളെ കേന്ദ്രീകരിച്ച് ഇഡി അന്വേഷണം നടത്തി വരികയായിരുന്നു. ഈ ഘട്ടത്തിലാണ് മഞ്ഞുമ്മൽ ബോയ്‌സ് എന്ന സൂപ്പർ ഹിറ്റ് സിനിമയുടെ നിർമാതാക്കളായ സൗബിനെതിരേയടക്കം ആലപ്പുഴ അരൂർ സ്വദേശി സിറാജ് വലിയവീട്ടിൽ പരാതി നൽകുന്നത്.
ചിത്രത്തിന്റെ നിർമാതാക്കളായ പറവ ഫിലിംസുമായി ബന്ധപ്പെട്ടവർ ലാഭവിഹിതമോ മുടക്കുമുതലോ നൽകാതെ ചതിച്ചെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം.
തുടർന്നുള്ള അന്വേഷണത്തിൽ ഗുരുതരമായ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നായിരുന്നു പോലീസ് കണ്ടെത്തിയത്. ഈ റിപ്പോർട്ട് പോലീസ് ഹൈക്കോടതിയിൽ സമർപ്പിച്ചു. പോലീസ് റിപ്പോർട്ടിന്റെ പശ്ചാത്തലാണ് ഇ.ഡിയുടെ ഇടപെടൽ.
അന്വേഷണത്തിന്റെ തുടക്കത്തിൽ, സിറാജ് പരാതിനൽകിയതിന് തൊട്ടുപിന്നാലെ പോലീസ് മൊഴി രേഖപ്പെടുത്തുകയും പിന്നീട് ഇതുമായി ബന്ധപ്പെട്ട ബാങ്ക് രേഖകൾ പോലീസ് ശേഖരിക്കുകയും ചെയ്തു.
ഇതിൽനിന്നാണ് ചിത്രത്തിന്റെ നിർമാതാക്കൾ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന് വ്യക്തമായത്. ക്രിമിനൽ ഗൂഢാലോചന, വിശ്വാസവഞ്ചന, വ്യാജരേഖ ചമയ്ക്കൽ കുറ്റങ്ങൾ ചുമത്തിയാണ് പോലീസ് കേസെടുത്തത്.
ഏഴ് കോടി രൂപയാണ് സിറാജ് സിനിമയ്ക്കായി നിക്ഷേപിച്ചത്. 22 കോടിയാണ് ചിത്രത്തിന്റെ ആകെ മുടക്കുമുതലെന്നാണ് ഇവർ പരാതിക്കാരനെ ആദ്യം ധരിപ്പിച്ചത്.
എന്നാൽ 18.65 കോടി മാത്രമായിരുന്നു നിർമാണച്ചെലവ്. ഷൂട്ടിങ് തുടങ്ങുന്നതിനും മുൻപേ ആദ്യ ഷെഡ്യൂൾ പൂർത്തിയായെന്നും നിർമാതാക്കൾ സിറാജിനെ തെറ്റിദ്ധരിപ്പിച്ചു. ഒരു രൂപ പോലും മുടക്കാത്ത നിർമാതാക്കൾ പരാതിക്കാരന് പണം തിരികെ നൽകിയില്ല.
പറവ ഫിലിം കമ്പനി നടത്തിയത് കരുതിക്കൂട്ടിയുള്ള ചതിയാണെന്നും അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.
നാൽപ്പത് ശതമാനം ലാഭവിഹിതമാണ് പരാതിക്കാരന് നിർമാതാക്കൾ വാഗ്ദാനം ചെയ്തിരുന്നത്. എന്നാൽ സിനിമ വലിയ ഹിറ്റായിട്ടും ഒരു രൂപ പോലും നൽകിയില്ല. ഇക്കാര്യം ബാങ്ക് രേഖകളിൽനിന്ന് വ്യക്തമായെന്നും റിപ്പോർട്ടിൽ പറയുന്നു. തനിക്ക് ഏതാണ്ട് 47 കോടിയുടെ നഷ്ടമുണ്ടായെന്നാണു സിറാജ് പറയുന്നത്.
#IncomeTaxDepartment #raids #Soubin #Parava #Films