(moviemax.in)നിരവധി ഹിറ്റ് പാട്ടുകള്‍ സമ്മാനിച്ച ദേവരാജന്‍ മാസ്റ്ററെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവയ്ക്കുകയാണ് സംവിധായകന്‍ ആലപ്പി അഷ്‌റഫ്.
ഒരു കാലത്ത് ദേവരാജന്‍ മാസ്റ്ററുടെ സംഗീതത്തില്‍ പാട്ടുപാടിയിരുന്നത് ജാനകിയമ്മയായിരുന്നു. ഇരുവരുടെയും കൂട്ടുകെട്ടില്‍ എത്തുന്ന പാട്ടുകള്‍ വലിയ വിജയമാവുകയും ചെയ്തു.
എന്നാല്‍ ഒരു പ്രത്യേക സമയത്ത് ഇരുവരും തമ്മില്‍ പിണക്കത്തിലായി. ഇതോടെ ദേവരാജന്‍ മാസ്റ്ററെ പാട്ടുകള്‍ ജാനകിയമ്മ പാടാതെയായി.
മാധുരിയാണ് പിന്നീട് അദ്ദേഹത്തിന്റെ പാട്ടുകള്‍ പാടിയത്. എന്തുകൊണ്ടാണ് ദേവരാജന്‍ മാസ്റ്ററും ജനകിയമ്മയും പിണങ്ങിയത് എന്ന ചോദ്യത്തിനുള്ള ഉത്തരം താന്‍ കണ്ടെത്തിയതിനെ കുറിച്ചാണ് യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ച പുതിയ വീഡിയോയില്‍ ആലപ്പി അഷ്‌റഫ് സൂചിപ്പിച്ചിരിക്കുന്നത്.
എന്റെ ആദ്യ പടം ചെയ്യുമ്പോള്‍ വേണ്ട നിര്‍ദ്ദേശങ്ങള്‍ തന്നത് യൂസഫലി കേച്ചേരി സാറാണ്. അദ്ദേഹവുമായി എനിക്ക് നല്ല ആത്മബന്ധം ആണുള്ളത്.
അന്നത്തെ ഒരു പ്രത്യേക സാഹചര്യത്തില്‍ ദേവരാജന്‍ മാസ്റ്റര്‍ ജാനകിയമ്മയുമായി തെറ്റിപ്പിരിഞ്ഞിരിക്കുകയാണ്. ദേവരാജന്‍ മാസ്റ്ററുടെ പടത്തില്‍ ജാനകിയമ്മ പാടത്തില്ല. പക്ഷേ അന്നത്തെ കൊമേഷ്യല്‍ സിനിമകള്‍ക്ക് ജാനകിയമ്മ ആവശ്യമായിരുന്നു.
അക്കാലത്ത് മാസ്റ്ററുടെ മാര്‍ക്കറ്റിന് കുറച്ച് ഇടിവ് സംഭവിക്കുകയും പുതിയ സംഗീത സംവിധായകര്‍ ഉയര്‍ന്നു വരികയും ചെയ്തു.
സിനിമ എടുക്കാന്‍ വന്ന ഞാന്‍ പുതിയ ആരെയെങ്കിലും വെച്ച് സംഗീതം ചെയ്യിപ്പിക്കും എന്നാണ് യൂസഫലി സാര്‍ വിചാരിച്ചത്. പക്ഷേ എന്റെ പടത്തില്‍ മ്യൂസിക് ചെയ്യുന്നത് ദേവരാജന്‍ മാസ്റ്റര്‍ ആയിരിക്കണമെന്ന് ഞാന്‍ ആഗ്രഹം പറഞ്ഞു.
ഞാന്‍ അദ്ദേഹത്തിന്റെ കടുത്ത ആരാധകനാണ്. അദ്ദേഹത്തെ പോലൊരു ലെജന്‍ഡ് ഉണ്ടോ എന്ന് ചോദിച്ചപ്പോള്‍ വേറൊരു കുഴപ്പമുണ്ട് ജാനകിയമ്മ പാടില്ലെന്നായി.
ജാനകിയമ്മ പാടില്ലെന്നായി.അവര്‍ പാടിയില്ലെങ്കിലും കുഴപ്പമില്ല എനിക്ക് ദേവരാജന്‍ മാസ്റ്റര്‍ മതിയെന്ന് ഞാന്‍ പറഞ്ഞു. രണ്ട് ദിവസത്തിന് ശേഷം ദേവരാജന്‍ മാസ്റ്ററുടെ വീട്ടിലേക്ക് പോയി. കാര്യങ്ങള്‍ തീരുമാനിച്ച് അഡ്വാന്‍സ് കൊടുത്തു പോന്നു. മാസ്റ്ററുടെ സ്വഭാവ സവിശേഷത പറയാതിരിക്കാന്‍ പറ്റില്ല.
സത്യസന്ധത, കൃത്യത, നട്ടെല്ല് വളക്കാതെ ആരുടെയും മുഖത്തു നോക്കി സത്യം വിളിച്ചു പറയുക, സംഗീതത്തോടുള്ള ആത്മസമര്‍പ്പണം, ഒക്കെ ആരെയും ആകര്‍ഷിക്കും. ദേവരാജന്‍ മാസ്റ്റര്‍ക്ക് ജാനകിയമ്മയുടെ ശബ്ദത്തോട് വളരെ ഇഷ്ടമുണ്ടായിരുന്നു.
എന്നിട്ടും അവര്‍ തമ്മില്‍ പിണങ്ങിയത് എന്തിനാണെന്നും ജാനകിയമ്മയ്ക്ക് പകരം മാധുരി അദ്ദേഹത്തിന്റെ പാട്ടുകള്‍ പാടിയത് എങ്ങനെയാണെന്നും എനിക്ക് അറിയണമെന്നുണ്ടായി. അങ്ങനെ അന്വേഷിച്ച് ഞാനത് കണ്ടെത്തി.
ജാനകിയമ്മ സിനിമയില്‍ പാട്ടുപാടാന്‍ വരുമ്പോള്‍ അവരുടെ സഹായത്തിനായി കൂടെ വന്നത് ഭര്‍ത്താവാണ്. സുശീലാമ്മ അടക്കം ബാക്കി ഗായികമാരൊക്കെ ഒറ്റയ്ക്കാണ് വരാറുള്ളത്.
കര്‍ക്കശക്കാരനായ മാസ്റ്റര്‍ ചെയ്യുന്ന സംഗീതത്തിന് ഇടയില്‍ ജാനകിയമ്മയുടെ ഭര്‍ത്താവ് ആവശ്യമില്ലാതെ അഭിപ്രായങ്ങള്‍ പറയുമായിരുന്നു. അത് മാസ്റ്ററെ ആലോസരപ്പെടുത്തി.
ഒരിക്കല്‍ ജാകിയമ്മയുടെ പാട്ടിന്റെ റെക്കോര്‍ഡിങ് നടക്കുകയാണ്. ദേവരാജന്‍ മാസ്റ്ററെ സഹായിക്കുന്നത് എ ആര്‍ റഹ്‌മാന്റെ പിതാവ് എആര്‍ ശേഖര്‍ ആണ്.
ഈ പാട്ടിന്റെ റെക്കോര്‍ഡ് കഴിഞ്ഞ ശേഷം ജാനകിയമ്മയുടെ ഭര്‍ത്താവ് ശേഖറിനെ വിളിച്ച് അതില്‍ മാറ്റം വരുത്തണമെന്ന് പറഞ്ഞു. അത് മാറ്റാന്‍ അദ്ദേഹം ഓര്‍ഡര്‍ ഇടുകയാണ് ചെയ്തത്. ഇക്കാര്യം മാസ്റ്ററോട് നേരിട്ട് പറയാമായിരുന്നു.
പക്ഷേ അങ്ങനെ ചെയ്തില്ല. ഇത് ദേവരാജന്‍ മാസ്റ്റര്‍ക്ക് തീരെ ഇഷ്ടപ്പെട്ടില്ല. അദ്ദേഹം ശേഖറിനെ വിളിച്ചിട്ട് ഇന്ന് എടുത്ത പാട്ട് ക്യാന്‍സല്‍ ചെയ്യാനും നാളെ വേറെ ആളെ വെച്ച് പാട്ടു പാടിക്കുമെന്നും പറഞ്ഞു.
പിന്നീട് ഒരിക്കലും ജാനകിയമ്മ ദേവരാജന്‍ മാസ്റ്ററുടെ സംഗീതത്തില്‍ പാടിയിട്ടില്ല. അതായിരുന്നു അവരുടെ പിണക്കത്തിന് കാരണമെന്ന് ആലപ്പി അഷ്‌റഫ് പറയുന്നു.
#Alleppeyashraf #recalled #incident #caused #rift #between #Devarajanmaster #Janakiamma