Sep 22, 2024 07:24 PM

എ.ആർ.എമ്മിലെ ഗാനത്തിനെതിരെ ആരോപണവുമായി കൊയിലാണ്ടിയിലെ നാടൻപാട്ട് ബാൻഡ്. കൊയിലാണ്ടിയിലെ മെലോമാനിയാക് ബാൻഡ് ചിട്ടപ്പെടുത്തി സ്റ്റേജിൽ അവതരിപ്പിച്ച ഭൈരവൻ പാട്ട് അവരുടെ അനുമതിയില്ലാതെ സിനിമയിലേക്ക് ഉപയോഗിച്ചതായാണ് ആരോപണം.

ടൊവിനോ നായകനായ എ.ആർ.എം എന്ന ചിത്രത്തിൽ ഭൈരവൻപാട്ട് ഉപയോഗിച്ചതിനെതിരെയാണ് മെലോമാനിയാക് ബാൻഡ് രംഗത്തുവന്നിരിക്കുന്നത്. കാസർകോട് സ്വദേശിയായ സതീശൻ വെളുത്തോളിയെന്ന നാടൻപാട്ട് കലാകാരനെതിരെയാണ് ആരോപണം.

സ്കൂൾ വിദ്യാർഥികൾക്ക് പഠിപ്പിച്ചുനൽകാൻ എന്നു പറഞ്ഞ് തങ്ങളെ കബളിപ്പിച്ച് ഈ പാട്ടും ട്യൂണും കൈക്കലാക്കിയ ഇയാൾ മെലോമാനിയാക് ടീമിൻ്റെ അനുമതിയില്ലാതെ സിനിമയ്ക്കായി ഈ പാട്ട് നൽകുകയായിരുന്നെന്ന് ബാൻഡ് അംഗമായ മിഥുന  പറഞ്ഞു. ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടയുടനെ സിനിമയിലെ അണിയറ പ്രവർത്തകരുമായി ബന്ധപ്പെട്ടിരുന്നു.

സതീശൻ വെളുത്തോളിയാണ് ഈ പാട്ട് നൽകിയതെന്ന് അവരിൽ നിന്നാണ് അറിഞ്ഞതെന്നും മിഥുന വ്യക്തമാക്കി. മെലോമാനിയാക് ടീമിൻ്റെ പരിശീലകനും നാടൻപാട്ട് കലാകാരനുമായ രാജീവനാണ് പലയിടങ്ങളിൽ നിന്നായി ഭൈരവൻപാട്ടിൻ്റെ വരികൾ ശേഖരിക്കുകയും സിനിമയിൽ കാണുന്ന രീതിയിൽ ട്യൂൺ ചെയ്‌ത് ചിട്ടപ്പെടുത്തുകയും ചെയ്‌തതെന്നും ഇവർ പറയുന്നു.

2018ൽ പേരാമ്പ്ര ഹയർ സെക്കണ്ടറി സ്‌കൂളിൽ സംസ്ഥാന തലത്തിൽ മത്സരിച്ച് ഒന്നാം സ്ഥാനം നേടിയതാണ് ഭൈരവൻപാട്ട്. 2022 കോഴിക്കോട് മാപ്പിള ഹയർ സെക്കണ്ടറി സ്കൂ‌ളിലും സംസ്ഥാന തലത്തിൽ ഈ പാട്ട് സമ്മാനം നേടിയിരുന്നു.

ഭൈരവൻപാട്ടിൻ്റെ വീഡിയോ ശ്രദ്ധയിൽപ്പെട്ട സിനിമയിലെ അണിയറ പ്രവർത്തകർ മെലോമാനിയാക് ബാൻഡുമായി നേരിട്ട് ബന്ധപ്പെടാൻ ശ്രമിച്ചതാണെന്നാണ് തങ്ങൾക്ക് മനസിലായത്. ഇതിനുവേണ്ടി സതീശൻ വെളുത്തോളിയുടെ സഹായം തേടി.

മെലോമാനിയാക് ബാൻഡ് അംഗങ്ങൾ വിദ്യാർഥികളാണെന്നും പഠനാവശ്യത്തിനായി പലയിടങ്ങളിലാണെന്നും പറഞ്ഞ് ഇയാൾ പാട്ടും ട്യൂണും അവർക്കും നൽകുകയും അയാൾ പരിശീലിപ്പിച്ച കുട്ടികളെക്കൊണ്ട് അത് പാടിപ്പിച്ച് സിനിമയിലേക്ക് ഉപയോഗിച്ചതാണെന്നുമാണ് അറിഞ്ഞതെന്നും മിഥുന വ്യക്തമാക്കി.

ഭൈരവൻപാട്ടും ട്യൂണും അനുമതിയില്ലാതെ ഉപയോഗിച്ചതിനെതിരെ നിയമപരമായി നീങ്ങാനാണ് തീരുമാനമെന്നും പാട്ട് ചിട്ടപ്പെടുത്തിയ രാജീവൻ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. അടുത്തുദിവസം തന്നെ നിയമപരമായ നടപടികളുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി.

#Bhairavan #song #band #Melomaniac #Koyilandi #used #film #without #permission #Band #members #against #song #ARM

Next TV

Top Stories