Aug 4, 2024 09:00 AM

( moviemax.in) നാൽപ്പത്തിയഞ്ചു വർഷത്തിലധികമായിത്തുടരുന്ന അഭിനയജീവിതത്തിൽ വിവിധതരത്തിലുള്ള കഥാപാത്രങ്ങളെ എനിക്ക് അവതരിപ്പിക്കേണ്ടിവന്നിട്ടുണ്ട്.

ആ കഥാപാത്രങ്ങളെല്ലാം വ്യത്യസ്തമായ ജീവിതങ്ങളുള്ളവരായിരുന്നു. വിവിധ വികാര-വിചാരങ്ങളുള്ളവരായിരുന്നു. ആ വികാരങ്ങളിൽ കടുത്ത ദുഃഖവും വേർപാടും ജീവിതദുരന്തങ്ങളും ഉണ്ടായിരുന്നു.

രണ്ടുതവണ മരണം അതിന്റെ കാഠിന്യത്തിൽ എന്നെ തൊട്ടിട്ടുണ്ട്. ആദ്യത്തേത് ജ്യേഷ്ഠൻ പ്യാരിലാലിന്റെ വേർപാട്. രണ്ടാമത്തേത് നടൻ ആലുംമൂടൻ ചേട്ടന്റേത്.

ആലുംമൂടൻ എന്റെ മടിയിൽക്കിടന്നാണ് മരണത്തിലേക്കുമറഞ്ഞത്. എന്നാൽ, ഈ സന്ദർഭങ്ങളിലൊന്നും അനുഭവിക്കാത്ത ഒരു മാനസികാവസ്ഥയിലൂടെയാണ് ശനിയാഴ്ചയുടെ പകൽ ഞാൻ കടന്നുപോയത്.

ടെറിട്ടോറിയൽ ആർമിയിൽ എന്റെ ബറ്റാലിയനായ 122 ഇൻഫന്ററിയുടെ ഒപ്പം വയനാട്ടിലെ ദുരന്തമേഖലകളിലെ പാറക്കൂട്ടങ്ങൾക്കിടയിലൂടെ, ചെളിയിൽ നടന്നപ്പോൾ വാക്കുകളിൽ എഴുതിഫലിപ്പിക്കാൻ സാധിക്കാത്തതരത്തിലുള്ള ശൂന്യത എന്നെ പൊതിഞ്ഞു.

തകർന്നില്ലാതായ ഒരു നാട്. അവിടെ സ്നേഹിച്ചും സഹകരിച്ചും ജീവിച്ചിരുന്ന മനുഷ്യർ എങ്ങോ മറഞ്ഞുപോയിരിക്കുന്നു. അവരുടെ ശബ്ദങ്ങളെല്ലാം തിരിച്ചുവരാത്തവിധം വാർന്നുപോയിരിക്കുന്നു.

അവർകണ്ട സ്വപ്നങ്ങളെയെല്ലാം ചെളിയും മണ്ണും വെള്ളവും വിഴുങ്ങി. ലത്തീഫ് എന്നൊരാൾ വന്നിട്ടുപറഞ്ഞു: ‘‘കുടുംബത്തെ രണ്ടുദിവസംമുമ്പ് മാറ്റിത്താമസിപ്പിച്ചതുകൊണ്ട് ജീവൻ രക്ഷപ്പെട്ടു.

വീട്, ഭൂമി എല്ലാം നഷ്ടപ്പെട്ടു. ഇനി എല്ലാം ആദ്യമേ തുടങ്ങണം സർ’’. ലത്തീഫ് പറയുന്നതെല്ലാം ഞാൻ കേട്ടുനിന്നു. അദ്ദേഹത്തിന്റെ പ്രായത്തിലുള്ള ഒരു മനുഷ്യൻ ജീവിതം ആദ്യംമുതലേ തുടങ്ങുന്നത് മനസ്സിൽക്കണ്ടപ്പോൾ എനിക്ക് പേടിതോന്നി, അതിലേറെ സങ്കടവും.

‘‘അവശിഷ്ടങ്ങൾക്കിടയിൽനിന്ന്‌ യൂണിഫോമിട്ട കുഞ്ഞുശരീരം കണ്ടപ്പോഴാണ് അവളാണ് എന്നറിഞ്ഞത്. എന്റെ കൺമുന്നിൽ കളിച്ചുനടന്ന കുട്ടിയായിരുന്നു’’ -സൈന്യത്തിന്റെ ബേസ് ക്യാമ്പായ സ്കൂളിനടുത്തുവെച്ച് അവിടത്തെ ടീച്ചർ പറഞ്ഞു.

കാണാത്ത ആ മോളുടെ മുഖം ഞാൻ സങ്കല്പിച്ചു. ഒരു പെൺകുട്ടിയുടെ പിതാവായ എന്നെത്തന്നെ അവളുടെ മാതാപിതാക്കളുടെ സ്ഥാനത്ത് ഞാൻ സങ്കല്പിച്ചു.

ഇങ്ങനെയല്ലാതെ എങ്ങനെയാണ് നാം ഇത്തരം ദുരന്തങ്ങളുടെ വ്യാപ്തി അല്പമെങ്കിലും ഉൾക്കൊള്ളുക? അതിനിടയിലാരോ പറഞ്ഞു: ‘‘സാർ ഞങ്ങളുടെ നാടായ വിലങ്ങാട്ടും ഉരുൾപൊട്ടലുണ്ടായി. മരണം ഇല്ലാത്തതുകൊണ്ട് ഞങ്ങളെ ആരും ശ്രദ്ധിക്കുന്നില്ല.

ഞങ്ങളുടെ എല്ലാം ഒലിച്ചുപോയി’’. എനിക്കതിന് മറുപടിപറയാനൊന്നുമുണ്ടായിരുന്നില്ല. വലിയ ദുരന്തങ്ങൾ ചെറിയവയെ വിഴുങ്ങുന്നുണ്ടായിരിക്കാം. ദുരന്തഭൂമിയിലൂടെ ഓരോ അടിയും മുന്നോട്ടുവെക്കുമ്പോൾ ഞാൻ മനസ്സാ നമിച്ചത് അവിടത്തെ സന്നദ്ധപ്രവർത്തകരെയാണ്.

പട്ടാളവും കേരള പോലീസും കേരള പോലീസിന്റെ സ്പെഷൽ ഓപ്പറേഷൻ ഗ്രൂപ്പും എൻ.ഡി.ആർ.എഫുകാരും അഗ്നിരക്ഷാ വിഭാഗവും നാട്ടുകാരും ജെ.സി.ബി. ഓടിക്കുന്നവരും സർക്കാർസംവിധാനങ്ങളുമായി ബന്ധപ്പെട്ടവരും ജനപ്രതിനിധികളും ഡോക്ടർമാരും നഴ്‌സുമാരും ആംബുലൻസ് ഡ്രൈവർമാരുമടക്കമുള്ള ഒരു വലിയസംഘം.

അവരെ തൊട്ടുനിന്നപ്പോൾ മനുഷ്യനാണ് എന്നതിൽ എനിക്ക് അഭിമാനം തോന്നി. ബെയ്‍ലി പാലത്തിലൂടെ നടന്നപ്പോൾ ഞാൻ ഇന്ത്യൻ പട്ടാളത്തിന് ഒരു ബിഗ് സല്യൂട്ട് കൊടുത്തു.

എന്റെ അച്ഛന്റെയും അമ്മയുടെയും പേരിലുള്ള വിശ്വശാന്തി ഫൗണ്ടേഷൻ ദുരന്തഭൂമിയുടെ പുനർനിർമാണത്തിന് കൂടെയുണ്ടാവും. ഇതുവരെ ചെയ്തതിനെക്കാൾ ഉത്തരവാദിത്വമുള്ള ജോലിയാണ് ഇനിയുള്ളത്.

ശേഷിക്കുന്നവരെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരണം. ഒറ്റപ്പെട്ടുപോയവർക്ക് തണലാവണം. നമുക്കതിന് സാധിക്കും എന്ന് ദുരന്തഭൂമിയിലെ സമർപ്പിതരായ സന്നദ്ധപ്രവർത്തകരുടെ കണ്ണുകൾ എന്നോടു പറയുന്നു. നമ്മുടെ നാടിന്റെ ചരിത്രം എന്നെ ഓർമ്മിപ്പിക്കുന്നു.

#imagined #myself #father #girl #place #those #parents #Mohanlal #wayanad

Next TV

Top Stories










News Roundup