ഒറ്റയ്ക്ക് സിനിമയിലേക്ക് എത്തി ആരാധക മനം കവർന്ന നടനാണ് ആസിഫ് അലി. ന്യൂജെൻ ഭാഷയിൽ പറഞ്ഞാൽ ഒറ്റയ്ക്ക് വഴിവെട്ടി വന്ന് മലയാള സിനിമയിൽ തന്റേതായ ഇരിപ്പിടം കണ്ടെത്തിയ പ്രതിഭ. ഇടുക്കിക്കാരനായ ആസിഫ് അലി ഇന്ന് മലയാള സിനിമയിൽ ഏറ്റവും കൂടുതൽ താരമൂല്യമുള്ള നായകനടന്മാരിൽ ഒരാളായി മാറി കഴിഞ്ഞിരിക്കുന്നു. നടൻ എന്ന രീതിയിൽ മാത്രമല്ല ആസിഫ് അലിയുടെ വ്യക്തിത്വത്തിനും രമേഷ് നാരായണനുമായി ഉണ്ടായ വിവാദത്തോടെ ആരാധകർ വർധിച്ച് കഴിഞ്ഞു.
ലെവൽ ക്രോസിന്റെ വിജയത്തിനുശേഷം പുതിയ സിനിമയുമായി തിയേറ്ററുകളിൽ എത്താനുള്ള തയ്യാറെടുപ്പിലാണ് നടൻ. ആസിഫ് അലി-സുരാജ് വെഞ്ഞാറമൂട് ചിത്രം അഡിയോസ് അമിഗോയാണ് അണിയറയിൽ ഒരുങ്ങുന്നത്. ഈ ആഴ്ച റിലീസ് ചെയ്യേണ്ട സിനിമയായിരുന്നു ഇത്.
എന്നാൽ വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ റിലീസ് നീട്ടുകയായിരുന്നു. ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക് ഉസ്മാൻ നിർമ്മിച്ച ചിത്രം നവാഗതനായ നഹാസ് നാസറാണ് സംവിധാനം ചെയ്തിരിക്കുന്നത്. ടോവിനോ ചിത്രം തല്ലുമാലയുടെ അസോസിയേറ്റ് ഡയറക്ടറായിരുന്ന നഹാസ് ആദ്യമായി സ്വതന്ത്ര സംവിധായകനാകുന്ന ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത് തങ്കമാണ്.
കെട്ട്യോളാണ് എന്‍റെ മാലാഖയ്ക്ക് ശേഷം തങ്കം തിരക്കഥ ഒരുക്കുന്ന ചിത്രം കൂടിയാണിത്. ട്രെയിലർ പുറത്തിറങ്ങിയ ശേഷം ചിത്രത്തെ കുറിച്ച് പ്രേക്ഷകർക്കും വലിയ പ്രതീക്ഷയായിരുന്നു. സിനിമയിൽ ഉത്സാഹിയായ ഒരു ന്യൂജെൻ യുവാവിന്റെ ഗെറ്റപ്പിലാണ് ആസിഫ് അലി പ്രത്യക്ഷപ്പെട്ടുുന്നതെന്നാണ് ട്രെയിലറിൽ നിന്നും വ്യക്തമാകുന്നത്. ഇപ്പോഴിതാ സിനിമയിലെ കഥാപാത്രത്തിന്റെ ഭാഷയ്ക്കായി ഒരു പരിധിവരെ താൻ ആശ്രയിച്ചത് നസ്ലിൻ സിനിമകളെയാണെന്ന് പറയുകയാണ് ആസിഫ് അലി.
ഒരു വടക്കൻ പറവൂരുകാരന്റെ സംസാരശൈലിയായിരുന്നു അഡിയോസ് അമിഗോ ചിത്രത്തിലെ തന്റെ കഥാപാത്രത്തിന് ആവശ്യമായിരുന്നതെന്നും സില്ലി മോങ്ക്സ് മോളിവുഡ് എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ആസിഫ് അലി പറഞ്ഞു. മലയാള സിനിമയിൽ പ്രോപ്പറായിട്ടുള്ള പറവൂർ സ്ലാങ് സംസാരിക്കുന്നത് തന്റെ അറിവിൽ നസ്ലിൻ മാത്രമാണെന്നും നസ്ലിനെ മനസിൽ ധ്യാനിച്ചാണ് ഓരോ സീനിലും ഡയലോഗ് പറഞ്ഞതെന്നുമാണ് ആസിഫ് തുറന്നുപറഞ്ഞത്.
പക്കാ പറവൂർ സ്ലാഗ് പിടിക്കാമെന്ന് തീരുമാനിച്ചിരുന്നു. അതിനായി നസ്ലിൻ സിനിമകൾ ഞാൻ കണ്ടിട്ടുണ്ട്. എനിക്ക് ജീവിതത്തിൽ പരിചയമുള്ള ഒരേയൊരു പറവൂരുകാരൻ നസ്ലിനാണ്. അവിടെ സീനിയോറിറ്റിയില്ല. കാര്യം നടക്കുക എന്നതാണല്ലോ പ്രധാനം. ആ സ്ലാങ് പിടിക്കുമ്പോഴുള്ള ചെറിയ ചെറിയ ശബ്ദങ്ങളുണ്ട്. അത് കിട്ടാൻ എന്നെ സഹായിച്ചത് നസ്ലിൻ സിനിമകളാണ്. ഒമ്പത് ദിവസത്തോളം എടുത്താണ് ഞാൻ ഈ സിനിമ ഡബ്ബ് ചെയ്തതെന്നും ആസിഫ് പറഞ്ഞു.
പ്രേമലുവിന്റെ വൻ വിജയത്തിനുശേഷം നായക നിരയിലേക്ക് ഉയർന്ന് കഴിഞ്ഞു നസ്ലിൻ ഗഫൂർ എന്ന പ്രതിഭ. മധുരരാജ എന്ന മമ്മൂട്ടി ചിത്രത്തില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായി പ്രത്യക്ഷപ്പെട്ട നസ്ലിൻ കൗമാരപ്രണയകഥ പറഞ്ഞ തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്ന സിനിമയില്‍ മാത്യൂസിനൊപ്പം സഹകഥാപാത്രമായി പ്രത്യക്ഷപ്പെട്ടു. തണ്ണീര്‍മത്തന്‍ വന്‍വിജയം നേടിയെങ്കിലും നസ്ലിൻ വിജയങ്ങള്‍ ആവര്‍ത്തിക്കുമെന്നോ താരമൂല്യമുളള നടനായി വളരുമെന്നോ ആരും കരുതിയില്ല.
എന്നാല്‍ അഭിനയശേഷിയില്‍ അദ്ദേഹം ഒരു കുട്ടി മോഹന്‍ലാലാണെന്ന് സിനിമ അറിയുന്ന പലരും വിധിയെഴുതി. നൈസര്‍ഗികവും സ്വാഭാവികവും രസാവഹവുമായിരുന്നു നസ്‌ലിന്റെ അഭിനയം. സ്വഭാവിക അഭിനയശൈലി കൊണ്ട് ചുരുങ്ങിയ സിനിമകളിലൂടെ അദ്ദേഹം കൗമാരക്കാരുടെയും യുവാക്കളുടെയും മാത്രമല്ല ആബാലവൃദ്ധം ജനങ്ങളുടെയും മനസ് കീഴടക്കുകയായിരുന്നു.
#actor #asifali #latest #statement #about #naslen #kgafoorgoes #viral