കേരളക്കരയെ ഒന്നാകെ ഞെട്ടിച്ച ദുരന്തമാണ് വയനാട്ടിൽ നടന്നിരിക്കുന്നത്. ഇതിനോടകം 150ലേറെ ആൾക്കാരുടെ മൃതദേഹങ്ങളാണ് കണ്ടെത്തി കഴിഞ്ഞത്. നിരവധി പേർ മണ്ണിനടിയിൽ പെട്ട് കിടക്കുകയാണ്. രക്ഷപ്പെടുത്തിയ നിരവധി പേർ ആശുപത്രികളിലും ക്യാമ്പുകളിലുമായി കഴിയുന്നുമുണ്ട്.
ഇവർക്ക് വേണ്ടിയുള്ള അവശ്യസാധനങ്ങൾ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തുകയാണ്. ഇതിന്റെ ദൃശ്യങ്ങളും സോഷ്യൽ ലോകത്ത് ശ്രദ്ധനേടുന്നുമുണ്ട്. അത്തരത്തിൽ നടി നിഖില വിമലിന്റെ ഒരു വീഡിയോയും പുറത്തുവരികയാണ്.
അവശ്യ സാധനങ്ങൾ ശേഖരിക്കുന്ന കളക്ഷൻ സെന്ററിൽ സജീവമായി പ്രവർത്തിക്കുന്ന നിഖിലയുടെ വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. തളിപ്പറമ്പ് കളക്ഷൻ സെന്ററിലാണ് രാത്രി ഏറെ വൈകിയും സന്നദ്ധപ്രവർത്തകർക്കൊപ്പം നടി നിന്നത്.
നിഖിലയ്ക്ക് ഒപ്പം ഒട്ടനവധി യുവതി-യുവാക്കളും സജീവമായി തന്നെ പ്രവർത്തിക്കുന്നുമുണ്ട്. സിനിമാ മേഖലയിൽ ഉള്ള നിരവധി പേരാണ് ഉരുൾപൊട്ടലിൽ ജീവൻ പൊലിഞ്ഞവർക്ക് ആദരാഞ്ജലികൾ അറിയിച്ച് കൊണ്ട് രംഗത്ത് എത്തുന്നത്.
നേരത്തെ മമ്മൂട്ടി, മോഹന്‍ലാല്‍, മഞ്ജു വാര്യര്‍, പൃഥ്വിരാജ്, ടൊവിനോ തോമസ്, ബേസില്‍ ജോസഫ്, ഉണ്ണി മുകുന്ദന്‍ തുടങ്ങിയ താരങ്ങളും വയനാടിന് ഐക്യദാര്‍ഢ്യവുമായി രംഗത്തെത്തിയിരുന്നു. കനത്ത മഴയും പ്രകൃതിക്ഷോഭവും തുടരുന്ന സാഹചര്യത്തില്‍ സുരക്ഷയും ജാഗ്രതയും പാലിക്കാന്‍ ശ്രമിക്കണം എന്ന് മമ്മൂട്ടിയും മോഹന്‍ലാലും ആവശ്യപ്പെട്ടു.
ജില്ലാ ഭരണകൂടം പുറത്തുവിട്ട കണ്‍ട്രോള്‍ റൂം നമ്പറുകളും താരങ്ങളുടെ ഫേസ്ബുക്ക് പേജില്‍ പങ്ക് വെച്ചിട്ടുണ്ട്. താരസംഘടനയായ അമ്മയുടെ ഈ വിവരങ്ങള്‍ പങ്കിട്ടുണ്ട്. ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ടൊവിനോ തോമസ് ചിത്രം അജയന്റെ രണ്ടാം മോഷണം അപ്‌ഡേറ്റ് മാറ്റിവെച്ചിരുന്നു. ഉരുള്‍പൊട്ടല്‍, മഴ സംബന്ധിച്ച് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള മുന്നറിയിപ്പുകളും ടൊവിനോ പങ്ക് വെച്ചിട്ടുണ്ട്.
മഞ്ജു വാര്യര്‍ ചിത്രത്തിന്റെ റിലീസ് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മാറ്റി വെച്ചിരിക്കുകയാണ്. മാത്രമല്ല ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ പുറപ്പെടുവിച്ച മിക്ക മുന്നറിയിപ്പുകളും താരം തന്റെ പേജില്‍ പങ്ക് വെച്ചിട്ടുമുണ്ട്. കൂടാതെ ദുരിതാശ്വാസ ക്യാംപുകളിലേക്ക് ആവശ്യമായ സാധനങ്ങള്‍ ശേഖരിക്കുന്നതിന്റെ പോസ്റ്ററും മഞ്ജുവിന്റെ പേജിലുണ്ട്.
ഉരുള്‍പൊട്ടലില്‍ കണ്ടെത്തിയവരുടെ മൃതദേഹങ്ങളുടെ എണ്ണം 167 കടന്നു. ബന്ധുക്കൾ ആരോഗ്യസ്ഥാപനങ്ങളിൽ അറിയിച്ച കണക്കുകൾ പ്രകാരം ഇനിയും 211 പേരെ കണ്ടെത്താനുണ്ട്. അതിന് വേണ്ടിയുള് തെരച്ചിലാണ് ഇന്ന് നടന്നു കൊണ്ടിരിക്കുന്നത്.
രക്ഷാപ്രവർത്തനം ഊർജ്ജിതമാക്കുന്നതിനുള്ള ബെയിലി പാലം നിർമാണത്തിനുളള സാമഗ്രികൾ ബെംഗളൂരുവിൽ നിന്ന് ഉച്ചയോടെ എത്തും. പാലം നിർമിച്ചാൽ രക്ഷാപ്രവർത്തനം വേഗത്തിലാക്കാമെന്ന് റവന്യൂ മന്ത്രി കെ രാജൻ അറിയിച്ചു.
അതേസമയം, വടക്കൻ ജില്ലകളിൽ അതിശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥ മുന്നറിയിപ്പ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് ആണ്. എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
#nikhilavimal #collection #center #refugees #wayanad #landslide