വയനാട് ഉരുൾപൊട്ടലിൽ ജീവൻ നഷ്‌ടമായവർക്ക് അനുശോചനമറിയിച്ച് സംവിധായകൻ പദ്‌മകുമാർ.
സ്വപ്‌നങ്ങളിൽ പോലും സങ്കൽപ്പിക്കാത്ത ദുരന്തമാണ് വയനാട്ടിലെ ചൂരൽമലയിലുണ്ടായതെന്നും ദുരന്തഭൂമിയിലെ നടുക്കുന്ന ദൃശ്യങ്ങളും കരൾ നുറുങ്ങുന്ന വേദന നൽകുന്നതാണെന്നും സംവിധായകൻ സോഷ്യൽ മീഡിയയിലൂടെ കുറിച്ചു.
ജീവൻ തിരിച്ചുപിടിക്കാനാവില്ലെങ്കിലും പറ്റുന്നിടത്തോളം ജീവിതങ്ങൾ നമ്മൾ തിരിച്ചുപിടിക്കും. പ്രളയ കാലത്തെ അതിജീവിക്കാൻ ഒന്നിച്ചു നിന്നു പൊരുതിയ ആ ഐക്യകേരളം നമ്മൾക്ക് മുന്നിലിതാ ഒരിക്കൽ കൂടി ഉണർന്നെഴുന്നേൽക്കുന്നു.
അഭിവാദ്യങ്ങൾ അർപ്പിക്കുന്നതോടൊപ്പം ആത്മാവിൽ നിന്നും ഐക്യദാർഡ്യം പ്രഖ്യാപിക്കുകയും ചെയ്യുന്നുവെന്നും പദ്‌മകുമാർ കുറിച്ചു. ഒരുപാട് ദുരന്തങ്ങൾ കണ്ടവരും അനുഭവിച്ചവരുമാണ് നമ്മൾ മലയാളികൾ.
പക്ഷെ ഏറ്റവും ഭീതിദമായ സ്വപ്‌നങ്ങളിൽ പോലും സങ്കൽപ്പിക്കാത്ത, സമാനതകളില്ലാത്ത ദുരന്തമാണ് വയനാട്ടിലെ ചൂരൽമലയിലുണ്ടായത്. മരണ സംഖ്യ നൂറിലും കവിഞ്ഞിരിക്കുന്ന വാർത്തയും ദുരന്തഭൂമിയിലെ നടുക്കുന്ന ദൃശ്യങ്ങളും കരൾ നുറുങ്ങുന്ന വേദനയോടെയേ കാണാൻ കഴിയുള്ളു.
നഷ്‌ടങ്ങൾ എല്ലാം നഷ്‌ടങ്ങൾ തന്നെയാണ്, നൂറുകണക്കിന് ജീവിതങ്ങൾ പോലെ തിരിച്ചു പിടിക്കാനാവാത്തതാണ്, ഒരു ജീവിതകാലം കഠിനാദ്ധ്വാനം ചെയ്തു നേടിയതെല്ലാം ഒറ്റ രാത്രി കൊണ്ട് ഒന്നുമില്ലാതായി തീർന്ന മനുഷ്യാവസ്ഥയും.
എങ്കിലും സംഭവിച്ച മറ്റെല്ലാ ദുരന്തങ്ങളെയും പോലെ ഇതിനെയും അതിജീവിക്കാനുള്ള കഠിനശ്രമത്തിലാണ് നമ്മൾ ഇപ്പോഴും. ജാതി മത വർഗ്ഗ ഭാഷാ ഭേദങ്ങളില്ലാതെ ദുരന്തഭൂമിയിൽ കയ്യും മെയ്യും മറന്നു പൊരുതുന്ന ഓരോരുത്തർക്കും ഒപ്പം നമ്മൾ ഒറ്റക്കെട്ടായി ഒരു മനസായി നിൽക്കുന്നു.
ജീവൻ തിരിച്ചു പിടിക്കാനാവില്ലെങ്കിലും പറ്റുന്നിടത്തോളം ജീവിതങ്ങൾ നമ്മൾ തിരിച്ചുപിടിക്കും.
പ്രളയ കാലത്തെ അതിജീവിക്കാൻ ഒന്നിച്ചു നിന്നു പൊരുതിയ ആ ഐക്യകേരളം നമ്മൾക്ക് മുന്നിലിതാ ഒരിക്കൽ കൂടി ഉണർന്നെഴുന്നേൽക്കുന്നു. അഭിവാദ്യങ്ങൾ അർപ്പിക്കുന്നതോടൊപ്പം ആത്മാവിൽ നിന്നും ഐക്യദാർഡ്യം പ്രഖ്യാപിക്കുകയും ചെയ്യുന്നു.
#united #Kerala #struggled #survive #floods #MPadmakumar