സംവിധാനം ചെയ്ത ആദ്യ ചിത്രം തിയറ്ററുകളില്‍ എത്തിയതിന്‍റെ സന്തോഷത്തിലാണ് എസ് എന്‍ സ്വാമി. മലയാളി ആഘോഷിച്ച നിരവധി സിനിമകളുടെ തിരക്കഥാകൃത്തായി പ്രേക്ഷകരുടെ സ്നേഹബഹുമാനങ്ങള്‍ നേടിയ എസ് എന്‍ സ്വാമി സംവിധാനം ചെയ്ത ആദ്യ ചിത്രത്തിന്‍റെ പേര് സീക്രട്ട് എന്നാണ്.
ധ്യാന്‍ ശ്രീനിവാസനാണ് ചിത്രത്തിലെ നായകന്‍. ഇപ്പോഴിതാ ആദ്യ സംവിധാന സംരംഭത്തില്‍ തനിക്ക് ഏറ്റവും പ്രേത്സാഹനം നല്‍കിയത് മമ്മൂട്ടിയാണെന്ന് പറയുന്നു അദ്ദേഹം.
"മമ്മൂട്ടിയോടാണ് ഈ കഥ ആദ്യം ഞാന്‍ പറയുന്നത്. അദ്ദേഹത്തിന് വളരെ ഇഷ്ടപ്പെട്ടു. ധൈര്യമായിട്ട് ചെയ്യ് എന്നാണ് മമ്മൂട്ടി പറഞ്ഞത്. അദ്ദേഹമാണ് എന്നെ പ്രോത്സാഹിപ്പിച്ചത്. അപ്പോള്‍ നമുക്ക് ധൈര്യമായി", എസ് എന്‍ സ്വാമി പറയുന്നു.
പ്രേക്ഷക പ്രതികരണങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് എസ് എന്‍ സ്വാമിയുടെ പ്രതികരണം ഇങ്ങനെ-
"എല്ലാവരും വളരെ സന്തോഷത്തോടെയാണ് എന്നോട് ഈ സിനിമയെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ പറഞ്ഞിരിക്കുന്നത്. സത്യസന്ധമായ അഭിപ്രായങ്ങളാണ്". സിനിമയിലേക്ക് എത്തിയ ചിന്തയെക്കുറിച്ച് അദ്ദേഹം പറയുന്നത് ഇങ്ങനെ- "ജീവിതത്തിലുണ്ടായ ഒരു അനുഭവം എന്‍റെ മനസില്‍ കിടപ്പുണ്ടായിരുന്നു. എന്താല്‍ ഒരു ചിന്ത പെട്ടെന്ന് കഥയാവില്ലല്ലോ. ഒരുപാട് ആലോചനകള്‍ക്ക് ശേഷമാണ് ഈ സിനിമയിലേക്ക് എത്തുന്നത്", എസ് എന്‍ സ്വാമി പറഞ്ഞു നിര്‍ത്തുന്നു.
ലക്ഷ്മി പാർവതി വിഷന്റെ ബാനറിൽ രാജേന്ദ്ര പ്രസാദ് നിർമ്മിച്ച സീക്രട്ടിൽ ധ്യാൻ ശ്രീനിവാസനൊപ്പം അപർണ ദാസ്, ജേക്കബ് ഗ്രിഗറി, കലേഷ് രാമാനന്ദ്, ആർദ്ര മോഹൻ, രഞ്ജിത്ത്, രണ്‍ജി പണിക്കർ, ജയകൃഷ്ണൻ, സുരേഷ് കുമാർ, അഭിരാം രാധാകൃഷ്ണൻ, മണിക്കുട്ടൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
എസ് എൻ സ്വാമിയുടേത് തന്നെയാണ് ചിത്രത്തിന്‍റെ കഥയും തിരക്കഥയും. ഛായാഗ്രഹണം ജാക്സൺ ജോൺസൺ, എഡിറ്റിംഗ് ബസോദ് ടി ബാബുരാജ്, ആർട്ട് ഡയറക്ടർ സിറിൽ കുരുവിള, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ രാകേഷ് ടി ബി.
#i #told #story #of #secret #movie #mammootty #first #says #snswamy