24 വർഷത്തിന് ശേഷവും ദേവദൂതനെ വീണ്ടും ഏറ്റെടുത്ത പ്രേക്ഷകരോട് നന്ദി പറഞ്ഞ് നടൻ വിനീത് കുമാർ. സിനിമയിലെ ഒരോ ഗാനവും വീണ്ടും തിയേറ്ററുകളിൽ കേൾക്കുമ്പോൾ അത് തരുന്ന സന്തോഷവും, അന്ന് ചിത്രം വിജയിക്കാതെ പോയതിന്റെ വിഷമവും അദ്ദേഹം പങ്കിട്ടു.
ഈ സിനിമയിൽ അഭിനയിച്ച നടൻ എന്ന രീതിയിൽ അല്ല, സിനിമ കണ്ടത് ഒരു പ്രേക്ഷകനെ പോലെയാണ്. പല രംഗങ്ങളിലെയും മ്യൂസിക് രോമാഞ്ചം ഉണ്ടാക്കിയിട്ടുണ്ട്. ദേവദൂതൻ എന്ന സിനിമയുടെ കഥ എല്ലാവർക്കും അറിയാം വീണ്ടും ഈ സിനിമ കാണാൻ എത്തുന്നത് തീയേറ്റർ എക്‌സ്‌പീരിയൻസിന് വേണ്ടിയാണ്.
വിദ്യാ സാഗറിന്റെ കൂടെ ഇരുന്ന് സിനിമ കാണാൻ സാധിച്ചത് അനുഗ്രഹമായി കാണുന്നു. 'എന്തരോ മഹാനു ഭാവുലു' എന്ന ഗാനം അത് വല്ലാത്ത ഒരു എക്സ്പീരിയൻസ് തന്നെ ആയിരുന്നു. ആ ഗാനം 90 വർഷം മുന്നേ ത്യാഗരാജൻ മാസ്റ്റർ കമ്പോസ് ചെയ്തതാണ്. അത് നൂറ്റാണ്ടുകൾ കടന്ന് ഇവിടെ വരെ എത്തുമ്പോഴും മടുപ്പില്ല. പ്രേക്ഷകർ ആ ഗാനത്തിനായി കാത്തിരിക്കുകയാണെന്നും വിനീത് പറഞ്ഞു.
ഒരു മ്യൂസിക് വന്നപ്പോൾ വിദ്യാജി തന്നെ ചോദിച്ചു ആരാണ് ഇത് ചെയ്തതെന്ന്. അതാണ് സംഗീതത്തിന്റെ ശക്തി. 24 വർഷങ്ങൾക്കു മുന്നേ സിനിമ ഇറങ്ങുമ്പോൾ കേൾക്കാത്ത പല ശബ്ദങ്ങളും ഇന്ന് കേട്ടതായും വിനീത് പറഞ്ഞു.
അന്ന് ചെയ്ത പല സീനുകളും ഇന്ന് കാണുമ്പോൾ അത്ര വലുതായി തോന്നുന്നുമില്ല. മകളോടൊപ്പം ഇരുന്നാണ് സിനിമ കണ്ടത്. അവൾ പേടിക്കാതിരിക്കാൻ കണ്ണു പൊത്തിയപ്പോൾ കൈ തട്ടി മാറ്റി കാണട്ടെ എന്നാണ് പറഞ്ഞത്. എല്ലാം കൊണ്ടും സിനിമ പുതിയ എക്സ്പീരിയൻസ് ആണ് നൽകിയതെന്ന് നടൻ വിനീത് പറഞ്ഞു.
സിനിമയുടെ എല്ലാ ടെക്നീഷ്യൻമാരും പ്രവർത്തകരും ഈ സിനിമയുടെ ക്രെഡിറ്റ് അർഹിക്കുന്നുണ്ടെന്നും അന്നത്തെ കാലത്ത് സിനിമയിൽ എല്ലാ കോംബോയും ഒത്തുവന്നെങ്കിലും റിസൾട്ട് നിരാശപ്പെടുത്തുന്നതായിരുന്നുവെന്നും സംവിധായകൻ സിബി മലയിൽ പറഞ്ഞു.
തന്റെ അറിവിൽ ലോക സിനിമയിൽ പോലും ഉണ്ടാകാത്ത ഒന്നാണ് 24 വർഷം മുൻപ് പരാജയപ്പെട്ട ഒരു സിനിമ, ഇപ്പോഴും പ്രേക്ഷകർ കാണാൻ ആഗ്രഹിക്കുന്നു, അത് തിയേറ്ററുകളിലേക്ക് എത്തുന്നു എന്നത്. തങ്ങളാരും ഇങ്ങനെയൊരു വിജയം പ്രതീക്ഷിച്ചതല്ല. കുറച്ചുപേർ വരും കാണും പോകുമെന്നാണ് കരുതിയതെന്നും സിബി മലയിൽ കൂട്ടിച്ചേർത്തു.
#sounds #not #heard #were #heard #theater #today #film #experience #vineethkumar