ഒരു ദിവസം നിർമ്മാതാവായ ലത്തീഫും വിന്ദ്യനും ഒരു സിനിമ നിർമ്മിക്കാൻ തീരുമാനിച്ചു. എന്നാൽ ആ ചിത്രം കമൽ സംവിധാനം ചെയ്യണമെന്നായിരുന്നു അവർക്ക് ആഗ്രഹം. സംവിധായകൻ സിദ്ധിഖിന്റെ കൈയിൽ ഒരു അപൂർണമായ കഥയുണ്ടായിരുന്നു. അങ്ങനെ ഈ കഥ വെച്ച് സിനിമ ചെയ്യാൻ ലത്തീഫ് കമലിനെ സമീപിക്കുകയായിരുന്നു. എന്നാൽ അതിന്റെ തിരക്കഥ ശീനിവാസൻ ചെയ്യണമെന്നായിരുന്നു അവരുടെ തീരുമാനം. അങ്ങനെ ഉണ്ടായ സിനിമയാണ് അയാൾ കഥയെഴുതുകയാണ്. വിശേഷങ്ങളുമായി സംവിധായകൻ കമൽ സംസാരിക്കുന്നു.
"ചോയ്ച്ച് ചോയ്ച്ച് പോകാം. ശരിക്കും ചിരിപ്പിച്ച ഡയലോഗ് ആയിരുന്നു അത്. ഈ കഥാപാത്രത്തെ എങ്ങനെ ചെയ്യണം എന്നൊരു കൺഫ്യൂഷൻ ആദ്യം ഉണ്ടായിരുന്നു. അങ്ങനെ ആദ്യ രണ്ട് ദിവസം ഷൂട്ട് ചെയ്തു. എന്നാൽ എനിക്കൊരു ടെൻഷൻ ഉണ്ടായി. അതായത് ഈ കള്ളുകുടിയനായി അഭിനയിക്കുന്നത് ശരിയായ രീതിയിൽ ആണോ എന്ന് തോന്നി. അന്ന് ഇന്നത്തെ പോലുള്ള സാങ്കേതിക വിദ്യ ഇല്ല. മോണിറ്റർ സൗകര്യം ഇല്ലാത്തതിനാൽ അഭിനയിച്ച ഭാഗം അപ്പോൾ തന്നെ കണ്ട് വിലയിരുത്താൻ സാധ്യമല്ല."
"അങ്ങനെ ഷൂട്ട് ചെയ്ത ഭാഗം അന്ന് തന്നെ ചെന്നൈയിലെ ലാബിലേക്ക് അയച്ചു. അവിടുന്ന് എഡിറ്റർ രാജഗോപാൽ അത് പ്രിന്റ് ചെയ്ത് വീണ്ടും കണ്ണൂരിലെ ലൊക്കേഷനിലേക്ക് തിരിച്ചയച്ചു. ഏകദേശം 4 ദിവസമെടുത്തു പ്രിന്റ് കൈയിൽ കിട്ടാൻ. ഇത് കിട്ടിയ ഉടൻ രാവിലെ തന്നെ തൊട്ടടുത്ത തിയേറ്ററിൽ പോയി ഈ പ്രിന്റിട്ട് ഞങ്ങൾ കണ്ടു. ഞാൻ അത്ഭുതപ്പെട്ടു പോയി. ഞാൻ മനസിൽ കണ്ടതിലും ഒരു പടി മുകളിലായിരുന്നു ലാലിന്റെ പ്രകടനം. എല്ലാവർക്കും ഇതേ അഭിപ്രായം തന്നെയായിരുന്നു."
"ഒരു സംവിധായനു മുകളിൽ ആ അഭിനേതാവ് വർക്ക് ചെയ്യുക എന്നത് എല്ലാവർക്കും സാധ്യമല്ല. ഈ ചിത്രത്തിലെ ഓരോ സീനും ശ്രദ്ധിച്ചാൽ അറിയാം മോഹൻലാലിന്റെ അഭിനയ മികവ്. അദ്ദേഹം ശരിക്കും ഡയറക്ടേഴ്സ് ആക്ടർ ആണ്. ഏത് സംവിധായകന്റെ കൈയിൽ എത്തിയാലും മികച്ച തായി വർക്ക് ചെയ്യാൻ അറിയുന്ന മഹാ നടൻ."
1996ൽ റിലീസ് ചെയ്ത അഴകിയ രാവണനു ശേഷം ഏകദേശം രണ്ടു വർഷത്തെ ഗ്യാപിനു ശേഷമാണ് ഈ ചിത്രത്തിലൂടെ ശ്രീനിവാസനും കമലും ഒന്നിക്കുന്നത്. സംവിധായകൻ സിദ്ധിഖിന്റെ കഥയിൽ സാഗർ കോട്ടപ്പുറം എന്ന മുഴു കുടിയനായ പൈങ്കിളി നോവലിസ്റ്റ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ അതിനൊരു സിനിമയുടെ സ്വഭാവമാക്കിയെടുത്തത് മാസങ്ങൾ കൊണ്ടാണ്. സിനിമയുടെ ഏറ്റവും പ്രധാന ആകർഷണം മോഹൻലാലിന്റെ കഥാപാത്രം തന്നെയായിരുന്നു.
മോഹൻലാലിന്റെ മനസിൽ കണ്ട് സിദ്ധിഖ് എഴുതിയ കഥയാണ് എന്നതും രസകരമായ കാര്യമാണ്. 1998ലാണ് ആരെയും അത്ഭുതപ്പെടുത്തി കൊണ്ട് കമൽ- മോഹൻലാൽ- ശ്രീനിവാസൻ കൂട്ടുകെട്ടിൽ അയാൾ കഥയെഴുതുകയാണ് എന്ന ചിത്രം റിലീസ് ചെയ്യുന്നത്. ആ കാലഘട്ടത്തിൽ ഏറെ പ്രത്യേകതകളും നിറയെ ട്വിസ്റ്റുകളും നിറഞ്ഞ ചിത്രമായിരുന്നു അത്. ഇന്നും പ്രേക്ഷകർ കാണാൻ ഇഷ്ടപ്പെടുന്ന മോഹൻലാൽ ചിത്രങ്ങളിലൊന്നാണ്. ഈ ചിത്രം ഉണ്ടായതിനു പിന്നിലെ രസകരമായ സംഭവങ്ങൾ കൗമുദി മൂവീസിലൂടെ സംസാരിക്കുകയായിരുന്നു കമൽ.
#director #kamal #said #he #confused #scene #mohanlal #ayalkadhaezhuthukayanu #movie