( moviemax.in) നടി മഞ്ജുവാരിയരെ കുറിച്ച് ഗീത കവിതയായി കുറിച്ചത് ഇങ്ങനെയായിരുന്നു.
“പോയ നാളിൻ ഓർമ്മകൾക്കിന്നും
ആയിരം വർണം ഉണ്ടായിരുന്നു
പോയനാളിൻ കൗതുകമിന്നും
നിന്റെ ആ മിഴികളിൽ തിളങ്ങി നിന്നു”
വെള്ളിത്തിരയിലും ആരാധകരിലും തിളങ്ങിനിന്ന മഞ്ജുവിന്റെ കട്ട ഫാനാണ് തൊഴിലുറപ്പു തൊഴിലാളിയായ ഈ കവി. കവിത മഞ്ജുവിനെ നേരിൽ കണ്ട് കൈമാറണം എന്ന ആഗ്രഹം യാഥാർഥ്യമായപ്പോൾ അതൊരു സാധാരണക്കാരിയുടെ സന്തോഷമായി മാറി.
അങ്ങാടിക്കൽ തെക്ക് ചൂരപ്പണിയിൽ ഗീതയ്ക്ക് (44) ഒരിക്കലും നടക്കാത്തതെന്ന് കരുതിയിരുന്ന സ്വപ്നം സാക്ഷാത്കരിച്ചതിന്റെ സന്തോഷം.
മഞ്ജുവാരിയരെ പാടി കേൾപ്പിക്കാൻ കവിതയുമായി കാത്തിരിക്കുന്ന ഗീതയെപ്പറ്റി ഗ്രാമപ്പഞ്ചായത്തംഗം ജിതേഷ് കുമാർ സാമൂഹികമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത് വഴിയാണ് തന്നെക്കുറിച്ച് കവിതയെഴുതി കാത്തിരിക്കുന്ന ഗീതയെപ്പറ്റി മഞ്ജു അറിഞ്ഞത്.
ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് മഞ്ജു വാരിയരുടെ സെക്രട്ടറിയുടെ വിളി ഗീതയെത്തേടി എത്തിയത്. ജിതേഷ് കുമാറിനും രൂപ, ജയ എന്നീ കൂട്ടുകാരികൾക്കും ഒപ്പം കൊച്ചിയിലെത്തി ഇഷ്ട നായികയെ കണ്ടു.
മഞ്ജു വാരിയരെക്കുറിച്ച് താനെഴുതിയ പോയനാളുകൾ എന്ന കവിത കൈമാറി. മഞ്ജുവിന് സന്തോഷമായി. തന്റെ ആരാധികയെ ചേർത്ത് നിർത്തി ഉമ്മ നൽകി.
തന്റെ കവിതകൾ റെക്കോർഡുചെയ്ത് കേൾക്കണമെന്ന ആഗ്രഹം ഗീത പറഞ്ഞപ്പോൾ നോക്കാമെന്ന് മഞ്ജു പറഞ്ഞു. കൂട്ടുകാരികളായ തൊഴിലുറപ്പ് തൊഴിലാളികൾക്കും മഞ്ജുവിനെക്കാണണം എന്നാഗ്രഹമുണ്ടെന്നറിയിച്ചപ്പോൾ എല്ലാവരെയും കാണാൻ താനൊരിക്കലെത്തൊമെന്നും മഞ്ജു പറഞ്ഞു.
50-ൽ അധികം കവിതകൾ ഗീത എഴുതിയിട്ടുണ്ട്. കവിതകൾ പുസ്തകമാക്കണമെന്ന ആഗ്രഹം പ്രീഡിഗ്രി വരെ പഠിച്ച ഗീതയ്ക്കുണ്ട്. കെട്ടിടനിർമാണത്തൊഴിലാളിയായ സാബുവാണ് ഭർത്താവ്.
#Geetha's #dream #came #true #Saw #manjuwarrier #poem