(moviemax.in)എത്രവട്ടം കണ്ടുവെന്നറിയില്ല... അത്രമേൽ ഹൃദയസ്പർശിയായ ഗുരുശിഷ്യ ബന്ധത്തിന്റെ ഊഷ്മളമായ രംഗമായിരുന്നു കഴിഞ്ഞ ദിവസം വൈറലായത്.
എംടി വാസുദേവൻ നായരുടെ ഒമ്പത് കഥകളെ ആസ്പദമാക്കി ഒരുക്കിയ ആന്തോളജിയായ മനോരഥങ്ങളുടെ വേദിയിൽ വെച്ച് മമ്മൂട്ടിയെ എംടി വാസുദേവൻ നായർ ആലിംഗനം ചെയ്തു.
മനോരഥങ്ങളുടെ ട്രെയിലർ ലോഞ്ചിന് ഒപ്പം തന്നെയായിരുന്നു എം.ടിയുടെ പിറന്നാൾ ആഘോഷവും. പ്രിയ ശിഷ്യനും സുഹൃത്തുക്കൾക്കും മറ്റ് സിനിമാപ്രവർത്തകർക്കും ഒപ്പം നിന്ന് എം.ടി പിറന്നാൾ കേക്ക് മുറിച്ചു.
അതിൽ ഒരു അംശം എടുത്ത് പ്രിയ ഗുരുവിന് നുണയാൻ നൽകി മമ്മൂട്ടി. അത് സ്വീകരിച്ചശേഷം ഉടൻ തന്നെ മമ്മൂട്ടിയുടെ കൈകൾ മുറുകെ പിടിച്ച് അദ്ദേഹത്തിന്റെ മാറിലേക്ക് എം.ടി ചാഞ്ഞ് ആലിംഗനം ചെയ്തു.
ചുറ്റും കൂടി നിന്നവരോ മമ്മൂട്ടിയോ പോലും അത്തരമൊരു ആലിംഗനം എം.ടിയിൽ നിന്നും ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. ഗുരുവിന്റെയും ശിഷ്യന്റെയും സ്നേഹത്തിന് എത്രത്തോളം ആഴമുണ്ടെന്ന് ആ നിമിഷത്തിൽ മലയാളക്കര തിരിച്ചറിഞ്ഞു.
അടുത്തിടെ കണ്ടതിൽ ഏറ്റവും മനോഹരമായ കാഴ്ച എന്നാണ് എം.ടിയുടെയും മമ്മൂട്ടിയുടെയും സ്നേഹപ്രകടനത്തെ കുറിച്ച് സോഷ്യൽമീഡിയയിൽ പ്രത്യക്ഷപ്പെട്ട പ്രധാന കമന്റ്. ഇതെല്ലാം അടുത്ത് നിന്ന് കാണാനും അനുഭവിക്കാനും ഭാഗ്യം ലഭിച്ചവരിൽ ഒരാൾ സംവിധായകൻ പ്രിയദർശനായിരുന്നു.
അദ്ദേഹം ആ സംഭവം കണ്ട് നിന്നപ്പോൾ തോന്നിയ കാര്യങ്ങളെ കുറിച്ച് മാതൃഭൂമി ഓൺലൈനിൽ എഴുതിയ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്.
ഒരച്ഛന്‍ മകന്റെ നെഞ്ചിലേക്ക് തല ചേര്‍ക്കുന്നതുപോലെയാണ് മമ്മൂട്ടിയെ എംടി വാസുദേവൻ നായർ ആലിംഗനം ചെയ്യുന്നത് കണ്ടപ്പോൾ തോന്നിയതെന്നാണ് പ്രിയദർശൻ പറഞ്ഞത്.
എം.ടി വാസുദേവന്‍ നായരുടെ ഒമ്പത് ചെറുകഥകളെ അടിസ്ഥാനമാക്കിയുള്ള ചലച്ചിത്രങ്ങളുടെ ട്രെയിലര്‍ പുറത്തിറക്കുന്ന ചടങ്ങില്‍ ഞാനും പങ്കെടുത്തിരുന്നു. എം.ടി സാറിന്റെ പിറന്നാളായിരുന്നു അന്ന്.
ചടങ്ങിനിടയില്‍ പിറന്നാള്‍ കേക്ക് മുറിച്ച് മമ്മൂട്ടി ഒരു നുള്ള് മധുരമെടുത്ത് സാറിന്റെ നാവില്‍ വെച്ചുകൊടുത്തു. അത് നുണയുന്നതിനൊപ്പം എം.ടി സാര്‍ മമ്മൂട്ടിയുടെ രണ്ട് കയ്യിലും മുറുകെപ്പിടിച്ചു. പിന്നെ ഒന്നുലഞ്ഞു.
അടുത്ത നിമിഷം മലയാളത്തിന്റെ മഹാനായ എഴുത്തുകാരന്‍ മമ്മൂട്ടിയുടെ മാറിലേക്ക് ചാഞ്ഞു. ഒരച്ഛന്‍ മകന്റെ നെഞ്ചിലേക്ക് തല ചേര്‍ക്കുന്നതുപോലെയായിരുന്നു അത്. നീയെനിക്ക് എല്ലാം തന്നു... തൃപ്തിയായി എന്ന് പറയാതെ പറയുന്ന ഒരച്ഛനെപ്പോലെ.
മമ്മൂട്ടിയുടെ തൊട്ടുപിറകില്‍ ഞാന്‍ നില്‍പ്പുണ്ടായിരുന്നു. എനിക്ക് അപ്പോള്‍ മമ്മൂട്ടിയെ ഒന്ന് തൊടണമെന്ന് തോന്നിയിരുന്നു. വാത്സല്യം നിറഞ്ഞ പിതൃസ്നേഹം ആ സ്പര്‍ശത്തിലൂടെ ഇത്തിരിയെങ്കിലും എന്നിലേക്കും പകര്‍ന്നെങ്കില്‍ എന്ന ഒരാശ.
അത് മമ്മൂട്ടിയ്ക്ക് മാത്രം അവകാശപ്പെട്ടതാണെന്ന് അടുത്ത നിമിഷം എനിക്ക് തോന്നി. തൊടാതെ ഞാന്‍ മാറിനിന്നു. പ്രിയപ്പെട്ട മമ്മൂട്ടിക്ക എം.ടി സാറിന്റെ ആ പിതൃവാത്സല്യത്തിന് താങ്കള്‍ പൂര്‍ണമായും അര്‍ഹനാണ്.
ജീവിതം മുഴുവന്‍ കളങ്കമില്ലാതെ നിങ്ങള്‍ അദ്ദേഹത്തെ സ്നേഹിച്ചു... ആദരിച്ചു. അതിന് കാലം നല്‍കിയ അനുഗ്രഹമായി താങ്കളുടെ നെഞ്ചിലേക്ക് ചാഞ്ഞ ആ ശരീരത്തിന്റെ ചെറുചൂടിനെ സ്വീകരിക്കുക എന്നാണ് പ്രിയദർശൻ കുറിച്ചത്.
മലയാളികൾക്ക് കഥയുടെ സർഗ്ഗവസന്തം സമ്മാനിച്ച ഇതിഹാസ എഴുത്തുകാരൻ എം.ടി വാസുദേവൻ നായർക്ക് മമ്മൂട്ടിയോടുള്ളത് അളവില്ലാത്ത സ്നേഹമാണ്.
താൻ മമ്മൂട്ടിയെ നായകനായി മനസിൽ വിചാരിച്ചുക്കൊണ്ടല്ല ഒരു കഥയും എഴുതി തുടങ്ങുന്നതെന്നും എന്നാൽ എഴുതി കഴിയുമ്പോൾ അത് ചെയ്യാൻ മമ്മൂട്ടി അല്ലാതെ വേറെ ആരുമില്ലെന്ന് തോന്നിപ്പോകുമെന്നുമാണ് ഒരിക്കൽ എം.ടി വാസുദേവൻ നായർ പ്രിയ ശിഷ്യനെ കുറിച്ച് പറഞ്ഞത്.
മനോരഥങ്ങളിൽ ഒരു സിനിമ സംവിധാനം ചെയ്തിരിക്കുന്നത് പ്രിയദർശനാണ്. ഓളവും തീരവും ആണത്. നായകൻ മോഹൻലാലാണ്.
#priyadarshans #writeup #about #mammootty #and #mtvasudevannair #bonding