(moviemax.in)നേരിലേയും ഓസ്ലറിലേയും പ്രകടനങ്ങൾ ശ്രദ്ധിക്കപ്പെട്ടതോടെ അവസരങ്ങൾ നിരവധി ലഭിക്കുന്ന യുവനടിയാണ് അനശ്വര രാജൻ. നായികമാരുടെ മുൻനിരയിലേക്ക് വൈകാതെ ഉയർന്ന് വരുമെന്നാണ് അനശ്വര രാജനെ കുറിച്ച് സിനിമാ പ്രേമികൾ പറയാറുള്ളത്.
2017ൽ ഫാന്റം പ്രവീൺ എന്ന സംവിധായകൻ മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തിയ ബാലതാരമാണ് അനശ്വര. തന്റെ ആദ്യ സിനിമയായ ഉദാഹരണം സുജാതയിൽ ആതിര കൃഷ്ണൻ എന്ന കഥാപാത്രമായി പ്രിയ നടി മഞ്ജു വാര്യർക്ക് ഒപ്പം മികച്ച പ്രകടനം അനശ്വര കാഴ്ചവെച്ചു.
പിന്നീട് 2019ൽ തണ്ണീർ മത്തൻ ദിനങ്ങളിൽ കീർത്തിയായി അഭിനയിച്ച് വീണ്ടും മലയാളികളുടെ പ്രിയപ്പെട്ടവളായി.ആദ്യരാത്രി എന്ന സിനിമയിൽ ഡബിൾ റോളിലും വാങ്കിലെ റസിയയായും മൈക്കിലെ മൈക്കായും സൂപ്പർ ശരണ്യയിൽ ശരണ്യയായും നേരിലെ സാറയായുമെല്ലാം അനശ്വര ഓരോ സിനിമയിലും വിസ്മയിപ്പിച്ചു.
ഇതുവരെ മലയാളത്തിലും തമിഴ്ലുമായി പുറത്തിറങ്ങിയത് പതിനാറിന് മുകളിൽ സിനിമകളാണ്. സിനിമയ്ക്ക് അപ്പുറത്ത് വളരെ തന്റേടത്തോടെ ചോദ്യങ്ങളെ നേരിടുന്ന അനശ്വര എന്ന 21 വയസുകാരിയേയും നമ്മൾ കാണാറുണ്ട്.
സദാചാര പൊതുബോധ ചോദ്യങ്ങൾ ചാട്ടുളി പോലെ തനിക്ക് നേരെ വന്നിരുന്ന സമയത്ത് പക്വതയോടെ അവരുടെ വായടപ്പിച്ച ശക്തയായ പെൺകുട്ടി കൂടിയാണ് അനശ്വര.
അതിന് താരത്തിന് കരുത്ത് പകർന്നത് കുടുംബം തന്നെയാണ്. ഇപ്പോഴിതാ അനശ്വരയെ കുറിച്ച് താരത്തിന്റെ അമ്മ ഉഷ രാജൻ മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്.
അനശ്വരയുടെ പിതാവ് തങ്ങൾക്കൊപ്പം കൊച്ചിയിൽ താമസിക്കാൻ വരാത്തതിന്റെ കാരണവും മകളുടെ മോഡേൺ വസ്ത്രധാരണത്തെ കുറിച്ചുമെല്ലാം ഉഷ രാജൻ മനസ് തുറന്നു.
അനുവിന്റെ മനസ് അധികമാരും കണ്ടിട്ടില്ല. വളരെ അടുത്തവര്‍ക്ക് മാത്രമെ അറിയൂ. അവളാകട്ടെ അങ്ങനെ എല്ലാവരോടും കയറി അടുപ്പം സ്ഥാപിക്കുന്ന കൂട്ടത്തിലുമല്ല.
പക്ഷെ അടുപ്പമുളളവരോട് മനസ് നിറയെ സ്‌നേഹമാണ് അവള്‍ക്ക്. അന്നേരം എന്താണോ അതാണ് അനു. ദേഷ്യം വന്നാലും സങ്കടം വന്നാലും അപ്പോള്‍ പ്രതികരിക്കും.
ഒന്നും മനസില്‍ വെച്ചുകൊണ്ടിരിക്കില്ല. വളഞ്ഞ ബുദ്ധി തീരെയില്ല. ആരെക്കുറിച്ചും അനു മോശം പറഞ്ഞ് കേട്ടിട്ടില്ല. ഞങ്ങളുടെ വീട്ടില്‍ എല്ലാവരും തന്നെ ഏറെക്കുറെ സമാന സ്വഭാവക്കാരാണ്.
മറ്റുളളവരുടെ ഇഷ്ടങ്ങളിലോ സ്വാതന്ത്ര്യത്തിലോ ഒന്നും അനു ഇടപെടാറില്ല. അച്ഛന്‍ സര്‍വീസില്‍ നിന്നും റിട്ടയറായപ്പോള്‍ എല്ലാവര്‍ക്കൂം കൂടി ഒരുമിച്ച് താമസിക്കാമെന്ന് കരുതിയാണ് കൊച്ചിയില്‍ ഫ്ലാറ്റ് എടുത്തത്.
പക്ഷെ ആള്‍ക്ക് സിറ്റിലൈഫിലൊന്നും താൽപര്യമില്ല. പ്രത്യേകിച്ച് ഫ്ലാറ്റ് ജീവിതം. അങ്ങനെ അദ്ദേഹം നാട്ടിലേക്ക് തിരിച്ചുപോയി. അവിടെ പാറിപറന്ന് നടക്കുന്നതിലാണ് അദ്ദേഹത്തിന്റെ സന്തോഷം.
അച്ഛന്റെ ഇഷ്ടം അതാണെങ്കില്‍ അങ്ങനെ നടക്കട്ടെ എന്നായിരുന്നു അനുവിന്റെ നിലപാട്. അസൂയാലുക്കളായ ചിലര്‍ അതിനും കഥകളുണ്ടാക്കി.
അച്ഛനെ നാട്ടില്‍ തനിച്ചാക്കി അമ്മയും മക്കളും കൊച്ചിയില്‍ അടിച്ചുപൊളിച്ച് ജീവിക്കുകയാണ് എന്നൊക്കെ. സത്യത്തില്‍ അച്ഛനാണ് നാട്ടില്‍ അടിച്ചുപൊളിച്ച് ജീവിക്കുന്നത്.ഞങ്ങള്‍ ഷൂട്ടും ഉറക്കമിളപ്പും നിരന്തര യാത്രയും മറ്റുമായി കഷ്ടപ്പെടുകയാണ്.
പക്ഷെ ആളുകള്‍ക്ക് ഇത് അറിയില്ലല്ലോ. അഭിനയമെന്ന് വെച്ചാല്‍ സുഖകരമായ ജോലിയാണെന്നാണ് പലരുടെയും ധാരണ. വെയിലും മഴയും മഞ്ഞും സഹിച്ച് രാപ്പകലില്ലാതെ ജോലി ചെയ്യണം.
ഒരിക്കൽ ഏട്ടനോട് ഞങ്ങൾ ചോദിച്ചിരുന്നു നിങ്ങളെന്തിനാണ് വെറുതെ ഞങ്ങളെ പഴി കേള്‍പ്പിക്കുന്നത്. നിങ്ങള്‍ക്ക് ഇവിടെ വന്ന് നിന്നുകൂടെയെന്ന്.
അപ്പോള്‍ ഏട്ടന്‍ തിരിച്ച് ചോദിക്കും. നമ്മള്‍ നാട്ടുകാരുടെ ചിലവിലാണോ ജീവിക്കുന്നത്... എനിക്കിതാണ് ഇഷ്ടമെന്ന്. ഇതൊന്നുമറിയാതെ ഞങ്ങള്‍ നാട്ടില്‍ ചെല്ലുമ്പോള്‍ ആളുകള്‍ ചോദിക്കും.
നിങ്ങളെന്താ രാജനെ കൊണ്ടുപോകാത്തതെന്ന്. ആള്‍ക്ക് ഇവിടെ ഫ്ലാറ്റിൽ അടച്ചിട്ട പോലെ ഇരിക്കാന്‍ ഇഷ്ടമില്ല. ജയിലില്‍ കിടക്കും പോലെയാണ് തോന്നുന്നതെന്നും ആകെ മടുപ്പാണെന്നും പറയും.
പിന്നെ നിര്‍ബന്ധിക്കുന്നത് ശരിയല്ലല്ലോ. അതുപോലെ നമ്മള്‍ ഏത് വസ്ത്രം ധരിക്കണമെന്ന് പോലും തീരുമാനിക്കുന്നത് പലപ്പോഴും നാട്ടുകാരാണ്.കുട്ടികളുടെ സന്തോഷത്തിനാണ് ഞാനും ഏട്ടനും മുന്‍തൂക്കം നല്‍കാറുളളത്.
പതിനെട്ടാം പിറന്നാളിന് അനുവിന് ചേച്ചി കൊടുത്തതാണ് ആ വിവാദമായ വസ്ത്രം. ബന്ധുക്കളും നാട്ടുകാരുമെന്ന് വേണ്ട ചോദ്യശരങ്ങളുമായി നൂറുകണക്കിന് ആളുകളെത്തി.
ഞാനും ഏട്ടനും ശരിക്കും എയറിലായിരുന്നു ദിവസങ്ങളോളം. വീട്ടില്‍ വന്ന ശേഷവും സ്വൈര്യമില്ല. ബന്ധുക്കളും നാട്ടുകാരും എല്ലാം വിളിച്ചു ചോദിക്കുകയാണ്. ഏതോ മഹാപരാധം ചെയ്ത മട്ടിലാണ് ചോദ്യം. അനു വിഷമിക്കുമോ എന്നതിലായിരുന്നു അപ്പോഴും ഞങ്ങള്‍ക്ക് സങ്കടം.
അനു ആ ഡ്രസിട്ടതായിരുന്നില്ല എന്റെ പ്രശ്‌നം. ആളുകളുടെ പ്രതികരണമാണ് ഞങ്ങളെ വിഷമിപ്പിച്ചത്. നാട്ടില്‍ ആണ്‍കുട്ടികളുണ്ടെന്ന് കരുതി പെണ്‍കുട്ടികള്‍ക്ക് ഇഷ്ടമുളള വസ്ത്രങ്ങള്‍ ധരിച്ചൂടെ?.
ഇങ്ങനെ ഒരുപാട് ചോദ്യങ്ങള്‍ മനസിൽ വന്നിരുന്നു. അല്ലെങ്കിലും അനശ്വര രാജന്‍ അങ്ങനെയൊരു വസ്ത്രം ധരിച്ചത് ഒരു രാജ്യാന്തര പ്രശ്‌നം ഒന്നുമല്ലല്ലോ എന്നാണ് അനശ്വരയുടെ അമ്മ വിവാദങ്ങളോട് പ്രതികരിച്ച് സംസാരിക്കവെ പറഞ്ഞത്.
#Mother #children #beatup #Kochi #leaving #father #country #questions #committed #great #crime