(moviemax.in)കഴിഞ്ഞ ദിവസമാണ് നിതിൻ രൺപണിക്കരിന്റെ സംവിധാനത്തിൽ സുരാജ് വെഞ്ഞാറമൂട് നായകനായ നാഗേന്ദ്രൻസ് ഹണിമൂൺസ് എന്ന മലയാളം വെബ് സീരിസിന്റെ സ്ട്രീമിങ് ഒടിടി പ്ലാറ്റ്ഫോമായ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ ആരംഭിച്ചത്.
ഒരു ജീവിതം അഞ്ച് ഭാര്യമാരെന്ന ടാഗ് ലൈനോടെ എത്തിയ സീരിസിൽ സുരാജിനൊപ്പം, കനി കുസൃതി, ശ്വേതാ മേനോൻ, ഗ്രേസ് ആൻ്റണി, രമേഷ് പിഷാരടി, കലാഭവൻ ഷാജോൺ, ജനാർദനൻ, പ്രശാന്ത് അലക്‌സാണ്ടർ, നിരഞ്ജന അനൂപ്, ആൽഫി പഞ്ഞിക്കാരൻ, അമ്മു അഭിരാമി എന്നിവരും പ്രതിഭാധനരായ ഒരു കൂട്ടം കലാകാരന്മാരും അഭിനയിച്ചിട്ടുണ്ട്.
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, മറാത്തി, ഹിന്ദി, ബംഗാളി തുടങ്ങി നാഗേന്ദ്രൻ്റെ ഹണിമൂൺസ് ഏഴ് ഭാഷകളിലാണ് സ്ട്രീം ചെയ്യുന്നത്.
എൺപതുകളിൽ നടക്കുന്ന കഥയായാണ് സീരിസ് എടുത്തിരിക്കുന്നത്.
വിദേശത്തേക്ക് കടക്കാൻ ആഗ്രഹിക്കുന്ന അലസനായ നാഗേന്ദ്രനെന്ന ചെറുപ്പക്കാരൻ അതിനുള്ള പണം കണ്ടെത്താനായി വിവിധ സാഹചര്യങ്ങളിൽ ജീവിക്കുന്ന ആറ് സ്ത്രീകളെ വിവാഹം കഴിക്കുന്നതും തുടർന്ന് നടക്കുന്ന സംഭവ വികാസങ്ങളുമാണ് വെബ്സീരിസിന്റെ കഥ.
സീരിസ് സ്ട്രീമിങ് ആരംഭിച്ചശേഷം ഏറ്റവും കൂടുതൽ പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ടതും സോഷ്യൽമീഡിയയിൽ വൈറലാകുന്നതും നടി ഗ്രേസ് ആന്റണി ലില്ലിക്കുട്ടിയായി അഭിനയിച്ച രണ്ടാമത്തെ എപ്പിസോഡാണ്.
മാനസീകമായി ചില ബുദ്ധിമുട്ടുകളുള്ള പെൺകുട്ടിയായിരുന്നു സീരിസിൽ ഗ്രേസ് അവതരിപ്പിച്ച ലില്ലിക്കുട്ടി. സുരാജിന്റെ കഥാപാത്രം ലില്ലിക്കുട്ടിയെ പെണ്ണ് കാണാനായി എത്തുന്ന ഭാഗം മുതൽ എല്ലാവരേയും അതിശയിപ്പിക്കുന്നത് മാനസീകമായി ബുദ്ധിമുട്ടുകളുള്ള ലില്ലിക്കുട്ടിയായി ഗ്രേസ് നടത്തിയ പ്രകടനമാണ്.
ഗ്രേസിന്റെ ചെറിയ മുഖഭാവങ്ങൾപോലും പൊട്ടിച്ചിരി സമ്മാനിക്കും. പൊതുവെ ഭ്രാന്തുള്ള കഥപാത്രങ്ങളെ കൈകാര്യം ചെയ്യുമ്പോൾ ചിലപ്പോൾ ഓവറാകും അല്ലെങ്കി കോമഡി വർക്കൗട്ടാകില്ല. എന്നാൽ ലില്ലിക്കുട്ടിയെ ഗ്രേസ് വളറെ കയ്യടക്കത്തോടെ അവതരിപ്പിച്ചു.
അടുത്ത സെക്കന്റിൽ എന്താകും ചെയ്യുക എന്നത് പോലും പ്രവചിക്കാൻ പ്രേക്ഷകന് കഴിയില്ല.
ഉർവശിക്ക് ബിന്ദു പണിക്കരിലുണ്ടായ കൽപ്പനയാണ് ഗ്രേസ് എന്നാണ് ലില്ലിക്കുട്ടിയായുള്ള ഗ്രേസിന്റെ പ്രകടനത്തെ വിലയിരുത്തി പ്രേക്ഷകർ കുറിക്കുന്നത്. ഗ്രേസ് ഇത്ര ഇത്രയും നന്നായി അഭിനയിക്കുമോ..? എന്നൊക്കെയാണ് കമന്റുകൾ.
സുരാജിന്റെ കുന്തം വിഴുങ്ങിയ നോട്ടവും ഗ്രേസ് ആന്റണിയുടെ തവള ചാട്ടവും..., ഗ്രേസിന്റെ പ്രകടനം കണ്ടപ്പോൾ പഴയ സിനിമകളിലെ കൽപ്പന ചേച്ചിയെ ഓർമ വന്നു, മണിചിത്രത്താഴിലെ കുതിരവട്ടം പപ്പുവിൻ്റെ അനിയത്തി തന്നെ ഗ്രേസിന്റെ ലില്ലിക്കുട്ടി, കല്പന ചേച്ചിക്ക് ശേഷം ഇമ്മാതിരി അഭിനയം. അടുത്ത നീക്കം എന്താണെന്ന് നോക്കിയിരുന്നു പോകും.
ബിന്ദു പണിക്കർ 2.0 ആണ് ഗ്രേസ്, മിനിമം ഒരു 10 ടേക്കെങ്കിലും എടുത്ത് കാണും ഈ സീൻ.
ഇവർ രണ്ടുപേരും പരസ്പ്പരം ചിരിക്കാതെ ഡയലോഗ് കംപ്ലീറ്റ് ചെയ്യണമല്ലോ, കല്പനയാണോയെന്ന് വരെ തോന്നിപോയി, ഗ്രേസിനെ കാണുമ്പോൾ വിസ്മയ തുമ്പത്ത് സിനിമയിൽ ഗോവിന്ദൻ കുട്ടിയെ കാണുമ്പോൾ റീത്ത ആയി വന്ന് കൽപന നടത്തിയ പ്രകടനം പോലെ തന്നെയുണ്ട് എന്നിങ്ങനെ എല്ലാമാണ് കമന്റുകൾ.
അതേസമയം ഗ്രേസിന്റെ പ്രകടനം കണ്ട് ആളുകൾ ആശ്ചര്യപ്പെടുന്നത് എന്തുകൊണ്ടാണെന്ന് മനസിലാകുന്നില്ലെന്നും തനിക്ക് ലഭിച്ച പരിമിതമായ സ്‌ക്രീൻ ടൈമിലും മുമ്പും മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുള്ള നടിയാണ് ഗ്രേസെന്നും കമന്റുകളുണ്ട്.
സെലിബ്രിറ്റികൾ അടക്കം ഗ്രേസിന്റെ ലില്ലിക്കുട്ടിയായുള്ള പ്രകടനത്തെ അഭിനന്ദിച്ച് എത്തിയിട്ടുണ്ട്. ഇരുപത്തിയേഴുകാരിയായ ഗ്രേസ് ആന്റണിയെ മലയാളികൾ ശ്രദ്ധിച്ച് തുടങ്ങിയത് ഹാപ്പി വെഡ്ഡിങ് മുതലാണ്.
ശേഷം കുമ്പളങ്ങി നൈറ്റ്സിൽ സിമിയായുള്ള പ്രകടനം കൂടി ക്ലിക്കായതോടെ ഗ്രേസ് മലയാളത്തിലെ യുവനടിമാരിൽ പ്രേക്ഷകർക്ക് ഏറെ പ്രതീക്ഷയുള്ള അഭിനേത്രിയായി മാറുകയായിരുന്നു.
വിവേകാനന്ദൻ വൈറലാണ് എന്ന സിനിമയാണ് ഇതിന് മുമ്പ് റിലീസ് ചെയ്ത ഗ്രേസിന്റെ സിനിമ.
#fans #praising #graceantony #performance #nagendranshoneymoons