മലയാളത്തിലെ മുന്‍നിര യുവനടിയാണ് സാനിയ ഇയ്യപ്പന്‍. മലയാളവും കടന്ന് ഇപ്പോഴിതാ തമിഴിലും കയ്യടി നേടുകയാണ് സാനിയ. അഭിനേത്രിയാകുന്നതിന് മുമ്പ് തന്നെ മലയാളികള്‍ക്ക് സാനിയയെ അറിയാം. ഡാന്‍സര്‍ ആയിട്ടാണ് സാനിയ കടന്നു വരുന്നത്. ജനപ്രീയ ഡാന്‍സ് റിയാലിറ്റി ഷോയായ ഡി ഫോര്‍ ഡാന്‍സിലെ മത്സരാര്‍ത്ഥിയായിരുന്നു സാനിയ. ഇതിനിടെയാണ് താരം ബാല്യകാലസഖിയിലൂടെ സിനിമയിലെത്തുന്നത്.നായികയുടെ ബാല്യകാലമാണ് സാനിയ അഭിനയിച്ചത്.
പിന്നീട് ക്വീന്‍ എന്ന ചിത്രത്തിലൂടെയാണ് നായികയാകുന്നത്. ക്വീനില്‍ അഭിനയിക്കുമ്പോള്‍ സാനിയ ഒമ്പതാം ക്ലാസില്‍ പഠിക്കുകയായിരുന്നു. സിനിമ മികച്ച വിജയം നേടിയതോടെ സാനിയയും താരമായി. പിന്നാലെ ലൂസിഫറിലൂടേയും കയ്യടി നേടി. ചെറിയ സമയത്തിനുള്ളില്‍ തന്നെ മോഹന്‍ലാല്‍, മമ്മൂട്ടി, മഞ്ജു വാര്യര്‍, പൃഥ്വിരാജ്, നിവിന്‍ പോളി തുടങ്ങിയ വലിയ താരങ്ങളുടെ സിനിമകളുടെ ഭാഗമാകാന്‍ സാനിയയ്ക്ക് സാധിച്ചു.
ഇപ്പോഴിതാ തന്റെ ജീവിതത്തിലെ ഏറ്റവും മികച്ച തീരുമാനത്തെക്കുറിച്ച് സംസാരിക്കുകയാണ് സാനിയ. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്. തന്നെ താനാക്കിയ ഡാന്‍സിനെക്കുറിച്ചും സാനിയ അഭിമുഖത്തില്‍ സംസാരിക്കുന്നുണ്ട്.
''മൂന്ന് വര്‍ഷം മുമ്പ് നടപ്പിലാക്കിയ മികച്ചൊരു തീരുമാനമുണ്ട്. ബര്‍ത്ത് ഡേയ്ക്കും ന്യൂ ഇയറിനും വര്‍ക്ക് എടുക്കില്ല. നമ്മുടെ കുടുംബത്തിനൊപ്പവും സുഹൃത്തുക്കളുടെ കൂടേയും ആഘോഷിക്കാനുള്ള സമയമാണത്. കെനിയയിലെ സോളോ ട്രിപ്പിനിടെയാണ് 21-ാം ജന്മദിനം ആഘോഷിച്ചത്. രാത്രി കേക്ക് മുറിക്കുമ്പോള്‍ കരഞ്ഞു പോയി. കൂട്ടുകാരാരും കൂടെയില്ലല്ലോ.'' എന്നാണ് സാനിയ പറയുന്നത്. ടാറ്റുവിനോടുള്ള പ്രിയത്തെക്കുറിച്ചും സാനിയ സംസാരിക്കുന്നുണ്ട്.
എന്റെയൊരു ജന്മദിനത്തിന് ആഘോഷമൊക്കെ കഴിഞ്ഞ് പിരിയുന്നതിന് തൊട്ടുമുന്‍പാണ് ടാറ്റു ചെയ്താലോ എന്ന ഐഡിയ മിന്നിയത്. കേട്ടപ്പോള്‍ എല്ലാവര്‍ക്കും സമ്മതം. ബീച്ചും ചന്ദ്രനും ആണ് അന്ന് എല്ലാവരും ഒരുപോലെ ചെയ്ത ടാറ്റൂ. എട്ട് ടാറ്റൂവുണ്ട് ദേഹത്ത്. എല്ലാത്തിനും പിന്നില്‍ ഇങ്ങനെ ഒരോ കഥകളും. ചില ടാറ്റു ചെയ്തു കുറച്ചുകാലം കഴിഞ്ഞ് മായ്ക്കണമെന്നും തോന്നാറുണ്ടെന്നും സാനിയ പറയുന്നു.
യാത്രാപ്രേമിയാണ് സാനിയ. താരത്തിന്റെ യാത്രകളില്‍ നിന്നുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. അച്ഛന്റെ കഴിഞ്ഞ ജന്മദിനം ഞങ്ങള്‍ ആഘോഷിച്ചത് മലേഷ്യയിലെ മുരുകന്‍ ക്ഷേത്രത്തിലാണ്. 70 വയസ്സുള്ള അമ്മൂമ്മ സൗമിനിയാണ് കൂട്ടത്തിലെ ഹീറോ. ഇന്ത്യയില്‍ അമ്മൂമ്മ കാണാത്ത അമ്പലങ്ങളില്ല. കേദാര്‍നാഥും ബദരീനാഥും മണാലിയുമൊക്കെ കറങ്ങിയിട്ടുണ്ട്. തായ്‌ലന്‍ഡിലേക്കും മലേഷ്യയിലേക്കുമൊക്കെ അമ്മൂമ്മ ഞങ്ങള്‍ക്കൊപ്പം ട്രിപ് വന്നുവെന്നും സാനിയ പറയുന്നു.
നൃത്തം തനിക്ക് തെറാപ്പിയാണെന്നാണ് സാനിയ പറയുന്നത്. ''ഞാനും ചേച്ചിയും ഒന്നിച്ചാണ് ക്ലാസിക്കല്‍ ഡാന്‍സ് പഠിച്ചു തുടങ്ങിയത്. പിന്നീട് ചേച്ചി പഠനത്തില്‍ ശ്രദ്ധയൂന്നി. സൈക്കോളജിയില്‍ ബിരുദം കഴിഞ്ഞ ചേച്ചി ഇപ്പോള്‍ ഓസ്‌ട്രേലിയയിലാണ്. പക്ഷെ എന്റെ തെറാപ്പി നൃത്തമാണ്. സ്‌ട്രെസ് തോന്നിയാലുടന്‍ സ്പീക്കറില്‍ പാട്ടുവച്ച് ഡാന്‍സ് ചെയ്യും. അപ്പോള്‍ സംഘര്‍ഷങ്ങളെല്ലാം അലിഞ്ഞ് ഇല്ലാതാകും. ജീവിതത്തില്‍ അത്ര പ്രധാനമാണ് നൃത്തം. ഡാന്‍സ് ചെയ്യാന്‍ കിട്ടുന്ന ഒരവസരവും ചെറുതല്ല'' എന്നാണ് സാനിയ പറയുന്നത്.
#saniyaiyappan #opens #up #about #best #decision #she #evertook #and #how #dance #therapy #for #her