May 23, 2024 11:52 AM

താന്‍ ഈണമിട്ട 'കണ്‍മണി അന്‍പോട് കാതലന്‍' എന്ന പാട്ട് മഞ്ഞുമ്മല്‍ ബോയ്സ് എന്ന ചിത്രത്തില്‍ ഉപയോഗിച്ചതിന് സിനിമയുടെ നിര്‍മാതാക്കള്‍ക്ക് വക്കീല്‍ നോട്ടീസയച്ച് പ്രശസ്ത സംഗീത സംവിധായകന്‍ ഇളയരാജ.

ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച സൗബിൻ ഷാഹിർ, പറവ ഫിലിംസിൻ്റെ ബാബു ഷാഹിർ, ഷോൺ ആൻ്റണി എന്നിവര്‍ക്കെതിരെയാണ് നോട്ടീസ് അയച്ചിരിക്കുന്നത്.

കണ്‍മണി എന്ന പാട്ട് തന്‍റെ സൃഷ്ടിയാണെന്നും തന്‍റെ അനുമതി വാങ്ങാതെയാണ് മഞ്ഞുമ്മല്‍ ബോയ്സിന്‍റെ അണിയറപ്രവര്‍ത്തകര്‍ സിനിമയില്‍ ഉപയോഗിച്ചതെന്നും ഇളയരാജയുടെ നോട്ടീസില്‍ പറയുന്നു.

ഗാനത്തിന്‍മേല്‍ നിയമപരവും ധാർമികവും പ്രത്യേകവുമായ എല്ലാ അവകാശങ്ങളും ഉണ്ടെന്ന് ഇളയരാജ അവകാശപ്പെടുന്നു.മഞ്ഞുമ്മല്‍ ബോയ്സ് പകര്‍പ്പവകാശ നിയമം ലംഘിച്ചുവെന്നും 15 ദിവസത്തിനകം നഷ്ടപരിഹാരം നല്‍കണമെന്നും ഇളയരാജ ആവശ്യപ്പെട്ടിട്ടുണ്ട്.

സന്താനഭാരതിയുടെ സംവിധാനത്തില്‍ 1991 നവംബര്‍ 5നാണ് ഗുണ തിയറ്ററുകളിലെത്തുന്നത്. കമല്‍ഹാസനും റോഷ്നിയും രേഖയുമാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ചിത്രത്തിനും വേണ്ടി ഇളയരാജ സംഗീതസംവിധാനം നിര്‍വഹിച്ച പാട്ടാണ് 'കണ്‍മണി അന്‍പോട്. വാലിയായിരുന്നു ഗാനരചന നിര്‍വഹിച്ചത്. എസ്.ജാനകിയും കമല്‍ഹാസനും ചേര്‍ന്ന് പാടിയ പാട്ട് ഇപ്പോഴും ഹിറ്റാണ്.

മഞ്ഞുമ്മല്‍ ബോയ്സിന്‍റെ ക്ലൈമാക്സ് രംഗത്തില്‍ ഈ പാട്ട് ഉപയോഗിച്ചതോട് പാട്ട് വീണ്ടും തരംഗമായി. കണ്‍മണി എന്ന പാട്ടില്ലെങ്കില്‍ മഞ്ഞുമ്മല്‍ ബോയ്സ് എന്ന സിനിമ ഉണ്ടാകുമായിരുന്നില്ലെന്നാണ് ചിത്രത്തിലെ അഭിനേതാക്കളിലൊരാളായ ഗണപതി പറഞ്ഞത്.

പറവ ഫലിംസിന് വേണ്ടി ബാബു ഷാഹിര്‍, സൗബിന്‍ ഷാഹിര്‍, ഷോണ്‍ ആന്റണി എന്നിവർ ചേർന്നാണ് മഞ്ഞുമ്മൽ ബോയ്സ് നിർമിച്ചത്. ഒരു കൂട്ടം സുഹൃത്തുക്കളുടെ കൊടൈക്കനാൽ യാത്രയും ഗുണ ഗുഹയ്ക്കുള്ളില്‍ ഒരാള്‍ കുടുങ്ങിപ്പോകുന്നതും തുടർന്നുള്ള അപ്രതീക്ഷിത സംഭവങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം.

ചിദംബരം തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, അഭിറാം രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, ഖാലിദ് റഹ്‌മാൻ, അരുൺ കുര്യൻ, വിഷ്ണു രഘു എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്.

അതേസമയം വഞ്ചനാക്കേസില്‍ നിര്‍മാതാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ഷോണ്‍ ആന്‍റണി, സൗബിൻ ഷാഹിർ,ബാബു ഷാഹിർ എന്നിവർക്കെതിരെയാണ് മരട് പൊലീസ് കേസെടുത്തത്. സിനിമയ്ക്കായി ഏഴ് കോടി മുടക്കി ലാഭ വിഹിതം വാഗ്ദാനം ചെയ്ത് പറ്റിച്ചെന്നാണ് കേസ്.

മഞ്ഞുമ്മൽ ബോയ്സ് സിനിമ നിർമാതാക്കളുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാൻ എറണാകുളം സബ് കോടതി നേരത്തെ ഉത്തരവിട്ടിരുന്നു.

ചിത്രത്തിന്‍റെ നിർമാണ കമ്പനിയായ പറവ ഫിലിംസിന്‍റെയും പാർട്ണർ ഷോൺ ആന്റണിയുടെയും 40 കോടിരൂപയുടെ ബാങ്ക് അക്കൗണ്ടാണ് സബ് കോടതി ജഡ്ജി സുനിൽ വർക്കി മരവിപ്പിച്ചത്.

ഈയിടെ നിർമാതാക്കൾക്കെതിരായ വഞ്ചനാക്കേസ് നടപടികള്‍ കോടതി സ്റ്റേ ചെയ്തിരുന്നു. ഒരു മാസത്തേക്ക് ഹൈക്കോടതിയാണ് സ്റ്റേ അനുവദിച്ചത്. പറവ ഫിലിംസിന്‍റെ പങ്കാളികളിലൊരാളായ ബാബു ഷെഹീർ നൽകിയ ഹരജിയിലാണ് കോടതി നടപടി.


#kanmanianbodu #song #ilayaraja #issues #notice #manjummel #boys

Next TV

Top Stories