അന്ന ബെൻ,അർജ്ജുൻ അശോകൻ, എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എം സി ജോസഫ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'എന്നിട്ട് അവസാനം ഐടി ബിഗിന്‍സ് ' എന്ന ചിത്രത്തിലേക്ക് അഭിനേതാക്കളെ തേടുന്നു. എംസി ജോസഫ് കഥയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിലേക്കായി പതിനഞ്ച് വയസ്സ് മുതൽ അൻപത് വയസ്സ് വരെയുള്ള ആൺകുട്ടികളെയും പുരുഷന്മാരെയും പെൺകുട്ടികളെയും സ്ത്രീകളെയും അറുപത് വയസ്സിന് മുകളിലുള്ള പുരുഷന്മാരെയും സ്ത്രീകളെയുമാണ് അണിയറപ്രവർത്തകർ തേടുന്നത്.
വേറിട്ടൊരു ഗാനം പുറത്തിറക്കിക്കൊണ്ടാണ് കാസ്റ്റിങ് കോൾ പുറപ്പെടുവിച്ചിരിക്കുന്നത്. റിജെക്ഷൻ റാപ്പ് ഗാനം എന്ന പേരിലൊരുക്കിയിരിക്കുന്ന ഗാനത്തിൽ ഓഡീഷനുകളിൽ പങ്കെെടുത്ത് അവസരങ്ങളൊന്നും കിട്ടാതെ മനംമടുത്ത് ആത്മഹത്യ ചെയ്യാനൊരുങ്ങുന്ന യുവാവിനെയാണ് ചിത്രീകരിച്ചിട്ടുള്ളത്. ഒടുവിൽ ആകസ്മികമായി സിനിമാ ഷൂട്ടിങ്ങിൽ ക്യാമറയ്ക്ക് മുന്നിലെത്തിപ്പെടുന്ന യുവാവിനെ വീഡിയോയിൽ കാണാം.
നിങ്ങൾ സിനിമ വിട്ടാലും നിങ്ങളെ സിനിമ വിടില്ലെന്ന വാചകം എഴുതിക്കാട്ടിക്കൊണ്ടാണ് കാസ്റ്റിങ് കോൾ പരസ്യം പ്രത്യക്ഷപ്പെടുന്നത്. ഈ വീഡിയോ പങ്കുവെച്ചുകൊണ്ട് നടി അന്ന ബെൻ കുറിച്ചിരിക്കുന്നത് സ്ക്രീനിലെത്തണമെന്ന് ആഗ്രഹിക്കുന്നവർക്ക് എക്സൈറ്റിങ്ങായ വാർത്തയാണ് പങ്കുവെക്കുന്നതെന്നും മുൻപെങ്ങുമില്ലാത്ത തരത്തിലുള്ള കാസ്റ്റിങ് കോളാണ് ഇതെന്നും ഈ സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷമുണ്ടെന്നും അന്ന ബെൻ കുറിച്ചു.
യോദ്ധ, ഒറ്റയാൾപട്ടാളം എന്നീ ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ മധുബാല വീണ്ടും മലയാളത്തിൽ എത്തുന്ന ചിത്രമെന്ന പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ വൈറലായിരുന്നു. സിനിമയുടെ ഫസ്‌റ്റ് ലുക്ക് പോസ്റ്റർ ഫഹദ്, ടോവിനോ എന്നിവർ ചേർന്നായിരുന്നു പുറത്ത് വിട്ടത്. എ ജെ ജെ സിനിമാസിന്റെ ബാനറിൽ അനന്ത് ജയരാജ് ജൂനിയർ, ജോബിൻ ജോയി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
Anna Benn called it an unprecedented casting call!