പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി സംവിധാനംചെയ്ത ആടുജീവിതം എന്ന ചിത്രം വലിയ തരംഗമാണ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. പൃഥ്വിരാജിന്റെ അഭിനയത്തെ കുറിച്ച് പ്രശംസകള്‍ ഏറുകയാണ്. താരത്തിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ചിത്രം എന്ന് തന്നെ ആടുജീവിതത്തെ ചൂണ്ടിക്കാട്ടാം.
ഇപ്പോഴിതാ നജീബിനെ പൃഥ്വിരാജ് അഭിമുഖം ചെയ്യുന്ന വിഡിയോ പങ്കുവെച്ചിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.’റീല്‍ ആന്‍ഡ് റിയല്‍ ജേര്‍ണി’ എന്ന പേരില്‍ പുറത്തുവിട്ട വീഡിയോയില്‍ പൃഥ്വി നജീബിനോട് ആ സ്ഥലങ്ങള്‍ വീണ്ടും കാണാന്‍ അവസരം കിട്ടിയാല്‍ പോകുമോ എന്ന് ചോദിക്കുന്നുണ്ട്. എന്നാല്‍ അതിന് ഇല്ല എന്നായിരുന്നു നജീബ് നല്‍കിയ മറുപടി.
സിനിമയുടെ ചിത്രീകരണത്തിന് മുന്നോടിയായി പൃഥ്വിരാജ് നജീബിനെ നേരില്‍ കണ്ടിട്ടില്ല. താൻ അവതരിപ്പിച്ച നജീബും യഥാർഥ നജീബും തമ്മില്‍ അന്തരമുണ്ടെങ്കില്‍ പോലും ഈ രണ്ടു വ്യക്തികളുടെയും ചിന്താഗതികള്‍ തമ്മില്‍ അടുപ്പമുണ്ടെന്ന് പൃഥ്വിരാജ് പറയുന്നു.
രണ്ടോ മൂന്നോ വ്യക്തികളുടെ യഥാർഥ ജീവിതത്തെ ഞാൻ സിനിമയില്‍ അവതരിപ്പിക്കുന്നത്. എന്നാല്‍ ആ കഥാപാത്രത്തെ നേരില്‍ കാണാനുള്ള അവസരം എനിക്കുണ്ടാകുന്നത് ആദ്യമായാണ്.
2008 ല്‍ ബ്ലെസി ചേട്ടൻ ഈ സിനിമയെക്കുറിച്ച് പറഞ്ഞപ്പോള്‍ ഇത് എങ്ങിനെ ചെയ്യണമെന്ന് എനിക്ക് യാതൊരു ധാരണയുമുണ്ടായിരുന്നില്ല. നോവല്‍ എഴുതിയ ബെന്യാമിനോട് സംസാരിക്കണമോ അത് യഥാർഥ നജീബിക്കയെ നേരില്‍ കാണണമെന്നോ എന്ന് അറിയില്ലായിരുന്നു.
ബ്ലെസി ചേട്ടൻ വായിച്ചറിഞ്ഞതില്‍ നിന്നും എന്റെ മനസ്സില്‍ തോന്നുന്നതില്‍ നിന്നുമുള്ള നജീബിനെയാണ് ഞാൻ ചെയ്തത്. ഞാൻ സങ്കല്‍പ്പിച്ച നജീബും യഥാർഥ നജീബും തമ്മില്‍ വലിയ അന്തരം ഉണ്ടായിരിക്കാം.
രക്ഷപ്പെടാന്‍ ശ്രമിക്കണം എന്ന ചിന്തയുണ്ടായിട്ടുണ്ടോ എന്ന് പൃഥ്വിരാജ് ചോദിക്കുമ്പോള്‍ അയാളെ കൊന്നിട്ട് രക്ഷപ്പെടാം എന്ന് ചിന്തിച്ചിട്ടുണ്ട് എന്നും കുടുംബത്തെക്കുറിച്ചുള്ള ചിന്തകളാണ് അതില്‍ നിന്ന് തടഞ്ഞത് എന്നും നജീബ് മറുപടി നല്‍കി.
ഒരിക്കലും അവിടെ നിന്നും രക്ഷപ്പെടില്ല എന്ന ചിന്തയായിരുന്നു മനസ്സില്‍ എന്ന് നജീബ് പറഞ്ഞു. വീട്ടിലെ കഷ്ടപ്പാടുകള്‍ കാരണമാണ് പോകേണ്ടി വന്നത്. വിമാനത്താവളത്തിലെത്തിയ ശേഷം ഒരാള്‍ വണ്ടിയുമായി വന്നു.
ഞാനതില്‍ കയറിയപ്പോള്‍ എങ്ങോട്ടാണ് എന്നെ കൊണ്ടുപോകുന്നതെന്ന് അറിയില്ലായിരുന്നു. ഒരിക്കലും ഞാൻ രക്ഷപ്പെടുമെന്ന് തോന്നിയിട്ടില്ല. ഞാൻ വിളിക്കാത്ത ദൈവങ്ങളില്ല.
ഞാൻ ഗള്‍ഫിലേക്ക് വരുമ്പോൾ എന്റെ ഭാര്യ എട്ടുമാസം ഗർഭിണിയായിരുന്നു. നാട്ടിലേക്ക് തിരിച്ചുപോയി എന്റെ കുഞ്ഞിനെ കാണാൻ സാധിക്കുമെന്ന് ഒരിക്കല്‍ പോലും കരുതിയിട്ടില്ല.
ഒരോ ദിവസവും രാവിലെ എഴുന്നേല്‍ക്കുമ്പോൾ പൊടിയും മണ്ണും മാത്രമാണ് കാണാൻ സാധിച്ചത്. അവിടുത്തെ ജീവിതത്തേക്കാള്‍ നല്ലത് മരണമാണ് എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ഒന്ന് മരിച്ചിരുന്നുവെങ്കില്‍ എന്നാഗ്രഹിച്ചിട്ടുണ്ട്. പക്ഷേ അപ്പോഴെല്ലാം ഭാര്യയെയും കുഞ്ഞിനെയും ഓർമവരുമെന്നും നജീബ് പറഞ്ഞു.
#Now #crew #shared #video #Prithviraj #interviewing #Najeeb.