(moviemax.in) കമൽഹാസനയുമായി കൂടിക്കാഴ്ച നടത്തി മഞ്ഞുമ്മൽ ബോയ്സ് സംവിധായകൻ ചിദംബരം. ചെന്നൈയിൽ വെച്ചാണ് കമലുമായുള്ള ചിദംബരത്തിന്റെ കൂടിക്കാഴ്‌ച. അദ്ദേഹം തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്.
'ഞങ്ങളുടെ മഞ്ഞുമ്മൽ ബോയ്സിന് ക്ലൈമാക്സ്, കമൽഹാസനോട് എന്നും നന്ദിയോടെ,' എന്ന കുറിപ്പോടെയാണ് ചിദംബരം ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചിരിക്കുന്നത്. നേരത്തെ മഞ്ഞുമ്മൽ ബോയ്സ് കമൽഹാസനുള്ള ഒരു ട്രിബ്യൂട്ട് ആണെന്ന് ചിദംബരം ഒരഭിമുഖത്തിൽ പറഞ്ഞിരുന്നു.
താൻ അദ്ദേഹത്തിന്റെ വലിയ ആരാധകൻ ആണെന്നും വിരുമാണ്ടി ഉൾപ്പടെയുള്ള സിനിമകൾ തന്നെ ഏറെ സ്വാധീനിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. മഞ്ഞുമ്മൽ ബോയ്സ് എന്ന സിനിമ കാരണമെങ്കിലും തനിക്ക് കമൽഹാസനെ കാണാൻ പറ്റണമെന്ന് അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.
അതേസമയം ആഗോളതലത്തിൽ 30 കോടിക്ക് മുകളിലാണ് മഞ്ഞുമ്മൽ ബോയ്സിന്റെ കളക്ഷൻ. ഞായറാഴ്ച കേരളത്തിൽ 71.02% ശതമാനം ഒക്യുപേഷൻ ചിത്രത്തിന് ഉണ്ടായിരുന്നു. ചിദംബരം തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും നിർവഹിച്ചത്.
കൊച്ചിയിൽ നിന്ന് ഒരു സംഘം യുവാക്കൾ വിനോദയാത്രയുടെ ഭാഗമായി കൊടൈക്കനാലിൽ എത്തുന്നതും അവിടെ അവർക്ക് അഭിമുഖീകരിക്കേണ്ടി വരുന്ന സംഭവ വികാസങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം.
ഗുണ കേവിൻറെ പശ്ചാത്തലത്തിലാണ് കഥ വികസിക്കുന്നത്. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, അഭിറാം രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, ഖാലിദ് റഹ്‌മാൻ, അരുൺ കുര്യൻ, വിഷ്ണു രഘു എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്.
#Climax #Our #manjummalBoys #Chidambaram #Guna