മലയാളത്തിലെ വരാൻ പോകുന്ന പ്രോജക്റ്റുകളിൽ എമ്പുരാനോളം കാത്തിരിപ്പ് ഉയർത്തിയിരിക്കുന്ന മറ്റൊരു ചിത്രമില്ല. സ്കെയിലിലും കാൻവാസിലും മലയാള സിനിമയെ അത്ഭുതപ്പെടുത്തുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന എമ്പുരാൻ വമ്പൻ വിജയം നേടിയ ലൂസിഫറിൻറെ തുടർച്ചയാണ്.
2019 ൽ പുറത്തെത്തിയ ലൂസിഫറിൻറെ വിജയാഘോഷ വേളയിൽ പ്രഖ്യാപിക്കപ്പെട്ടിരുന്ന ചിത്രത്തെ ഇത്രയും നീട്ടിയത് കൊവിഡ് സാഹചര്യമായിരുന്നു. ചിത്രീകരണം അടുത്ത മാസം ആരംഭിക്കുമെന്ന് അനൗദ്യോഗിക റിപ്പോർട്ടുകൾ എത്തിയിരുന്ന എമ്പുരാൻറെ ഒരു അപ്ഡേറ്റ് ഇന്ന് എത്തുമെന്ന് അണിയറക്കാർ അറിയിച്ചിരുന്നു.
ഇപ്പോഴിതാ ഒരു ദിവസം കൂടി അതിനായി കാക്കണമെന്ന അറിയിപ്പാണ് ലഭിച്ചിരിക്കുന്നത്. നാളെ വൈകിട്ട് അഞ്ച് മണിക്ക് ഒരു പ്രധാന അപ്ഡേറ്റ് എത്തുമെന്നാണ് അണിയറക്കാർ അറിയിച്ചിരിക്കുന്നത്.
ഇതിനായി ഇറക്കിയിട്ടുള്ള പോസ്റ്റർ സിനിമാപ്രേമികളിൽ കൗതുകം ഉണ്ടാക്കിയിട്ടുണ്ട്. ലൂസിഫറിൽ മോഹൻലാലിൻറെ എബ്രഹാം ഖുറേഷി ധരിച്ചിരുന്ന മോതിരത്തിന്റെ ചിത്രവും നിലത്ത് വീണ രക്തത്തിൻറെ പാട് പോലെ രണ്ടെന്ന അക്കത്തിൻറെ സൂചനയുമാണ് പോസ്റ്ററിൽ ഉള്ളത്.
ലൂസിഫർ ഇറങ്ങിയ സമയത്ത് ഒട്ടേറെ ഫാൻ തിയറികൾക്ക് വഴിതുറന്ന ഒന്നായിരുന്നു ഈ മോതിരം. അതേസമയം സിനിമയുടെ ചിത്രീകരണം ഒക്ടോബർ ആദ്യവാരം ദില്ലി, സിംല എന്നിവിടങ്ങളിലായി ആരംഭിക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകളിൽ ചിലർ അറിയിച്ചിരിക്കുന്നത്. ലഡാക്കും ഒരു പ്രധാന ലൊക്കേഷൻ ആണ്.
#Empuran #team #prepared #surprise #AbrahamQureshi #ring #bloodstains