ഹൈദരാബാദ്: (moviemax.in) ആന്ധ്ര - തെലങ്കാന അതിർത്തിയിൽ പ്രതിഷേധിച്ച ജനസേനാ പാർട്ടി നേതാവ് പവൻ കല്യാൺ പൊലീസ് കസ്റ്റഡിയിൽ. ക്രമസമാധാനപ്രശ്നം ചൂണ്ടിക്കാട്ടി തടഞ്ഞതിനെത്തുടർന്ന് വാഹനവ്യൂഹത്തിൽ നിന്ന് ഇറങ്ങി പവൻ കല്യാൺ നടക്കാൻ തീരുമാനിച്ചിരുന്നു. ഇതും പൊലീസ് തടഞ്ഞതോടെ പവൻ കല്യാൺ റോഡിൽ നിലത്ത് കിടന്ന് പ്രതിഷേധിക്കുകയായിരുന്നു .
ഇതിനെത്തുടർന്നാണ് പവൻ കല്യാണിനെയും മറ്റ് ജനസേനാ നേതാക്കളെയും പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ആന്ധ്രയിൽ ചന്ദ്രബാബു നായിഡുവിന്‍റെ അറസ്റ്റിനെത്തുടർന്നുള്ള നാടകീയ സംഭവൾ തുടരുന്നതിനിടെയാണ് പവൻ കല്യാൺ എത്തിയിത്. വിജയവാഡയിലേക്ക് റോഡ് മാർഗം എത്താൻ ശ്രമിച്ച പവൻ കല്യാണിന്‍റെ വാഹനവ്യൂഹം ആന്ധ്രാ പൊലീസ് തടയുകയായിരുന്നു.
വാഹനം തടഞ്ഞതോടെ പവൻ കല്യാൺ ഇറങ്ങി നടക്കുകയായിരുന്നു. ആന്ധ്ര - തെലങ്കാന അതിർത്തിയിൽ നിന്ന് മംഗളഗിരി വരെ നടന്ന് പോകുമെന്ന് പവൻ കല്യാൺ പറഞ്ഞു. സിഐഡി ഓഫീസ് സ്ഥിതി ചെയ്യുന്ന ഓഫീസ് വരെ നടക്കുമെന്നും, പൊലീസ് തടയാമെങ്കിൽ തടയട്ടെ എന്നും പവൻ കല്യാൺ വെല്ലുവിളിച്ചു .
അതേസമയം, സ്കിൽ ഡെവലെപ്മെന്‍റ് പദ്ധതി കേസിൽ ചന്ദ്രബാബു നായിഡുവിനെ ഒന്നാം പ്രതിയാക്കിയെന്ന് സ്ഥിരീകരിച്ച് സിഐഡി വിഭാഗം രംഗത്തെത്തിയിരുന്നു. കേസിൽ 37-ാം പ്രതിയായിരുന്നു ചന്ദ്രബാബു നായിഡു. 2015-ൽ അന്നത്തെ ഫിനാൻസ് പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ഡോ. പി വി രമേശ് എഴുതിയ ഫയൽ കുറിപ്പിന്‍റെ അടിസ്ഥാനത്തിലാണ് നായിഡുവിനെ ഒന്നാം പ്രതിയാക്കിയിരിക്കുന്നത്.
Content Highlight: #Protest #lying #road #PawanKalyan #policecustody



























