---
title: "#kschithra | മനുഷ്യന് ഇങ്ങനെ പാടാനാകുമോയെന്നു തോന്നുംവിധമുള്ള ആലാപനം,  കെ.എസ് ചിത്രയ്ക്ക് ജന്മദിനാശംസകളുമായി  വി.ഡി സതീശൻ"
english_title: "#Oppositionleader #VDSatheesan #wished #singer #KSChitra #birthday."
publisher: "moviemax.in"
canonical_url: "https://moviemax.in/news/134026/oppositionleader-vdsatheesan-wished-singer-kschitra-birthday-new"
published_at: "2023-07-27T09:00:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c1e5fc5a9e6_vd.jpg"
keywords: []
---

# #kschithra | മനുഷ്യന് ഇങ്ങനെ പാടാനാകുമോയെന്നു തോന്നുംവിധമുള്ള ആലാപനം,  കെ.എസ് ചിത്രയ്ക്ക് ജന്മദിനാശംസകളുമായി  വി.ഡി സതീശൻ

> **Lead Summary:** ഗായിക കെ.എസ് ചിത്രക്ക് ജന്മദിനാശംസ നേർന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ചിത്രയുടെ പാട്ടുകളും സൗമ്യ സാന്നിധ്യവും നിറചിരിയും മലയാളിയുടെ ജീവിതത്തെ എത്രകണ്ട് മനോഹരമാക്കിയെന്ന് പറയാനാകില്ലെന്ന് വി.ഡി സതീശൻ ഫേസ്ബുക്കിൽ കുറിച്ചു.

## Article Content

ഗായിക കെ.എസ് ചിത്രക്ക് ജന്മദിനാശംസ നേർന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ചിത്രയുടെ പാട്ടുകളും സൗമ്യ സാന്നിധ്യവും നിറചിരിയും മലയാളിയുടെ ജീവിതത്തെ എത്രകണ്ട് മനോഹരമാക്കിയെന്ന് പറയാനാകില്ലെന്ന് വി.ഡി സതീശൻ ഫേസ്ബുക്കിൽ കുറിച്ചു.

*** വി.ഡി സതീശന്‍റെ ഫേസ്ബുക്ക് പോസ്റ്റ് ***

മഞ്ഞൾ പ്രസാദത്തി നൈർമല്യത്തിന് അറുപത്. പ്രിയങ്കരിയായ കെ.എസ്. ചിത്രക്ക് പിറന്നാൾ ആശംസകൾ. ആ പാട്ടുകളും സൗമ്യ സാന്നിധ്യവും നിറചിരിയും മലയാളിയുടെ ജീവിതത്തെ എത്രകണ്ട് മനോഹരമാക്കിയെന്ന് പറയാനാകില്ല.

പെർഫെക്ട്, അതാണ് പാട്ടുകളുടെ സ്വഭാവം. ഊതിക്കാച്ചായ സ്വർണം പോലെ തിളക്കമുള്ള ശബ്ദം. ഈണവും ഗാനത്തിന്റെ ഭാവവും വായിച്ചെടുക്കാനുള്ള അസാധാരണ മികവ്... മനുഷ്യന് ഇങ്ങനെ പാടാനാകുമോയെന്നു തോന്നുംവിധമുള്ള ആലാപനം...

സാധനയുടെ നിറവ്... പൂർണതക്ക് വേണ്ടിയുള്ള ആത്മസമർപണം... ഇതെല്ലാം ചേർന്നതാണ് ചിത്രയുടെ സംഗീതം. ഒരു കിളിപ്പാട്ട് പോലെ അത് നമ്മെ ആഹ്ലാദിപ്പിക്കും. ഒരു കടലാഴം പോലെ സംഗീതത്തിന്‍റെ അഗാധതയിലേക്ക് കൊണ്ടു പോകും.

സ്വർണ മുകിലു പോലെ ആകാശത്ത് പറന്നു നടക്കും. നാല് പതിറ്റാണ്ടായി ആർദ്രമായ ആ ശബ്ദം നമ്മൾക്കൊപ്പമുണ്ട്. സ്നേഹവും പ്രണയവും ചിരിയും വാത്സല്യവും എല്ലാം നിറഞ്ഞ ചിത്ര ഗീതങ്ങളിലെ വിരഹവും ഭക്തിയുമാണ് എനിക്കേറ്റവും പ്രിയപ്പെട്ടവ.

ഇനിയും ഇനിയും പാടുക, സംഗീതത്തിന്‍റെ അമൃതവർഷിണിയായി. മലയാളത്തിന്‍റെ പ്രിയപ്പെട്ട വാനമ്പാടിക്ക് സ്നേഹാദരങ്ങളോടെ ആയുരാരോഗ്യ സൗഖ്യം നേരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/134026/oppositionleader-vdsatheesan-wished-singer-kschitra-birthday-new)