---
title: "അനിയന്‍ മിഥുന്‍ പറഞ്ഞ കഥകളെല്ലാം പച്ചക്കള്ളം, രാജ്യദ്രോഹക്കുറ്റത്തിന് കേസെടുക്കാം;  മേജര്‍ രവി"
english_title: "All the stories told by Anian Mithun are false and can be sued for sedition; Major Ravi"
publisher: "moviemax.in"
canonical_url: "https://moviemax.in/news/121652/all-the-stories-told-by-anian-mithun-are-false-and-can-be-sued-for-sedition-major-ravi"
published_at: "2023-06-12T07:20:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64867a541aedb_majorravi.jpg"
keywords: []
---

# അനിയന്‍ മിഥുന്‍ പറഞ്ഞ കഥകളെല്ലാം പച്ചക്കള്ളം, രാജ്യദ്രോഹക്കുറ്റത്തിന് കേസെടുക്കാം;  മേജര്‍ രവി

> **Lead Summary:** ബിഗ് ബോസ് വീട്ടില്‍ അനിയന്‍ മിഥുന്‍ പറഞ്ഞ കഥകളെല്ലാം പച്ചക്കള്ളമാണെന്നും അയാള്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുക്കാന്‍ സാധിക്കുമെന്നും മേജര്‍ രവി.

## Article Content

ബിഗ് ബോസ് വീട്ടില്‍ അനിയന്‍ മിഥുന്‍ പറഞ്ഞ കഥകളെല്ലാം പച്ചക്കള്ളമാണെന്നും അയാള്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുക്കാന്‍ സാധിക്കുമെന്നും മേജര്‍ രവി.

രാജ്യത്തെ സുരക്ഷാ സംവിധാനങ്ങളിലൊന്നായ ആര്‍മിയെക്കുറിച്ച് ഇത്തരം തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ കേസെടുക്കാന്‍ സാധിക്കും. കാശ്മീരില്‍ രാജ്യത്തിന് വേണ്ടി നിയോഗിയ്ക്കപ്പെട്ട ഒരു കമാന്‍ഡോ തന്റെ പിന്നാലെ നടന്നു എന്ന് പറയുമ്പോള്‍ വനിത ഉദ്യോഗസ്ഥരെ അപമാനിക്കുന്നതായാണ് തോന്നിയത്.

തോക്കുകളും കത്തികളും നിരത്തിയിട്ടിരിക്കുന്നതിനെക്കുറിച്ച് അയാള്‍ പറയുന്നുണ്ട്. പുതിയ തോക്കുകള്‍ കണ്ടു എന്നാണ് മിഥുന്‍ പറയുന്നത്. ഒരിയ്ക്കലും പുതിയ തോക്കുകള്‍ കമാന്‍ഡോസിന്റെ കൈകളില്‍ എത്തില്ല. കാരണം പല തലങ്ങളിലായി അത് പരിശോധിച്ചാണ് കമാന്‍ഡോസിലേയ്ക്ക് ആയുധങ്ങള്‍ എത്തിയ്ക്കുന്നത്.

അത് ഒരിയ്ക്കലും അവരുടെ താമസ സ്ഥലങ്ങളിലേയ്ക്ക് കൊണ്ട് പോകാനും സാധിക്കില്ല. അതുപോലെ തന്നെ ഒരാള്‍ക്കും ആര്‍മി ക്യാമ്പിലേയ്ക്ക് പ്രവേശിക്കാന്‍ സാധിക്കില്ല. അയാള്‍ ഇടയ്ക്കിടയ്ക്ക് അവരെ പോയി കാണും എന്നൊക്കെ പറയുന്നത് എങ്ങനെ അംഗീകരിച്ചുകൊടുക്കാന്‍ സാധിയ്ക്കുമെന്ന് ഒരു യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അദേഹം പറഞ്ഞു.

ഇന്ത്യന്‍ ആര്‍മിയുടെ ചരിത്രത്തില്‍ ഇന്നുവരെ പാരാ കമാന്‍ഡോയില്‍ ഒരു വനിതപോലും ഉണ്ടായിട്ടില്ല. പട്ടാളത്തിലേയ്ക്ക് ആദ്യമായി വനിതകള്‍ വരുന്നത് 1992-ല്‍ ആണ്. ഏറ്റവും റിസ്‌ക്കുള്ള സെക്ഷനാണ് പാരാ കമാന്‍ഡോ. ഇത് പറഞ്ഞ ആള്‍ക്ക് പോലും പാരാ കമാന്‍ഡോസിനെക്കുറിച്ചുള്ള ഇത്തരം വിവരങ്ങള്‍ അറിയുമോ എന്ന് സംശയമാണ്.

ഈ മത്സരാര്‍ത്ഥി പറഞ്ഞതുപോലെ ഒരു ലേഡി ഓഫീസറും ഇന്ത്യന്‍ ആര്‍മിയില്‍ മരിച്ചിട്ടില്ലന്നും മേജര്‍ രവി വ്യക്തമാക്കി. അതേസമയം,ഇന്ത്യന്‍ സൈന്യത്തെക്കുറിച്ചുള്ള ബിഗ് ബോസ് മലയാളം സീസണ്‍ 5ലെ മത്സരാര്‍ത്ഥി അനിയന്‍ മിഥുന്റെ വെളിപ്പെടുത്തലുകള്‍ തള്ളി ഏഷ്യാനെറ്റും അവതാരകന്‍ മോഹന്‍ലാലും രംഗത്ത് വന്നിരുന്നു..

സൈനിക പദവി വഹിക്കുന്ന മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന ഷോയില്‍ ഉണ്ടായ പരാമര്‍ശങ്ങള്‍ പരാതിയായി തന്നെ സൈന്യത്തിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്നലത്തെ ഷോയില്‍ മോഹന്‍ലാല്‍ തന്നെ ഇക്കാര്യം ചോദ്യം ചെയ്തത്. ഇന്ത്യന്‍ ആര്‍മിയില്‍ ഒരിക്കല്‍ പോലും ഉണ്ടാകാത്ത ഒരു സംഭവം സ്വന്തം കഥയാക്കി അനിയന്‍ മറ്റു മത്സരാര്‍ത്ഥികളോട് പറയുകയായിരുന്നു.

വീക്ക്ലി ടാസ്‌കായി ഒരു ഗ്രാഫ് വരച്ച് ജീവിതാനുഭവം വെളിപ്പെടുത്തണമെന്ന് ബിഗ് ബോസ് ആവശ്യപ്പെട്ടപ്പോഴാണ് മിഥുന്‍ പ്രണയകഥ പറഞ്ഞത്. കശ്മീരില്‍ ഇന്ത്യന്‍ ആര്‍മി വിഭാഗത്തിലെ സുരക്ഷാസേന അംഗമായ സനയെന്ന ഓഫീസര്‍ റാങ്കില്‍ ഒരു വനിതയെ പരിചപ്പെട്ടെന്നും, അവള്‍ പഞ്ചാബി ആയിരുന്നെന്നും, തുടര്‍ന്ന് അവളെ ഇഷ്ടമായി. ഒരു ദിവസം അവള്‍ എന്നെ പ്രൊപ്പോസ് ചെയ്തു.

എനിക്ക് ഇഷ്ടമല്ലെന്ന് ആദ്യം പറഞ്ഞു. ഒരു ദിവസം അവള്‍ വീട്ടില്‍ വരുന്നുണ്ടോയെന്ന് ചോദിച്ചു. ഞാന്‍ സനയുടെ വീട്ടില്‍ പോയി. പിന്നീട് ഞാനും സനയും ഒരു ഓള്‍ ഇന്ത്യ ട്രിപ്പ് പോയി. സന വീണ്ടും പ്രൊപ്പോസ് ചെയ്തു. അവളുടെ കയ്യില്‍ ഒരു ഗിറ്റാര്‍ ഉണ്ടായിരുന്നു.

അവള്‍ ആര്‍ക്കും കൊടുക്കാത്ത ഒന്നായിരുന്നു അത്. അത് എനിക്ക് സമ്മാനമായി തന്നു. അങ്ങനെ അവള്‍ പോയി. ഞാന്‍ ഗിറ്റാര്‍ കൊടുത്തില്ല. പിന്നീട് ഞാന്‍ വുഷു പരിശീലിക്കാന്‍ പോകുകയായിരുന്നു. രണ്ടു ദിവസമായി അവളെ കണ്ടില്ല. എനിക്ക് എന്തോ നഷ്ട്ടമാകുന്നതായി തോന്നി. എനിക്ക് അവളോട് പ്രണയം തോന്നി. ഞാന്‍ അവളുടെ ക്യാമ്പിലേക്ക് പോയി അവളെ കണ്ടു.

ദേഷ്യമൊന്നുമില്ലെന്ന് ഞാന്‍ അവളോട് പറഞ്ഞു. ഞാന്‍ ഇങ്ങനെ നോക്കുമ്പോള്‍ അവള്‍ മേശപ്പുറത്ത് തോക്കും കത്തിയും ഒക്കെ എടുത്തു വയ്ക്കുകയാണ്. ഞാന്‍ അവളോട് വിവാഹാഭ്യര്‍ത്ഥന നടത്തി. അവള്‍ എനിക്ക് ഒരു വള തന്നു. പഞ്ചാബി ബ്രേസ്ലെറ്റ് ഞാനത് എപ്പോഴും ഉപയോഗിക്കാറുണ്ടായിരുന്നു.

അവളുടെ ജോലിയില്‍ കൃത്യമായ സമയം എനിക്ക് നല്‍കാനാവില്ലെന്ന് എനിക്കറിയാം. അവള്‍ ജോലിയുടെ ഭാഗമായി പോയി. ഞാന്‍ എന്റെ ക്യാമ്പില്‍ കാത്തിരിക്കുകയായിരുന്നു. അവരുടെ ആളുകളുമായി എനിക്ക് കൂട്ടുണ്ടായിരുന്നു. അവള്‍ എപ്പോ വരും എന്ന് ചോദിച്ചപ്പോള്‍ ഇന്ന്, നാളെ എന്നൊക്കെ അവര്‍ പറഞ്ഞു. പിന്നീടാണ് അറിഞ്ഞത്. ഒരു ആക്രമണത്തില്‍ അവളുടെ നെറ്റിയില്‍ ഒരു വെടിയുണ്ട കയറി അവള്‍ മരിച്ചുവെന്ന്

ഇന്ത്യയുടെ പതാക പൊതിഞ്ഞ മൃതശരീരത്തെ കെട്ടിപ്പിടിച്ചത് ഇപ്പോഴും ഓര്‍ക്കുന്നു. ഞാന്‍ കാശ്മീര്‍ വിടാന്‍ തീരുമാനിച്ചു. എനിക്ക് അവളോടുള്ള ഇഷ്ടം പറയാനാകാതെ ഇന്നും വിഷമിക്കുകയാണെന്നാണ് ടാസ്‌കില്‍ മിഥുന്‍ പറഞ്ഞത്.

അന്നുതന്നെ ഈ കഥ വ്യാജമാണെന്നും മോഹന്‍ലാല്‍ ഇതു തിരുത്തിക്കണമെന്നും ആവശ്യം ഉയര്‍ന്നിരുന്നു. ചില എക്സ് മിലിട്ടറിക്കാര്‍ സോഷ്യല്‍ മീഡിയയില്‍ കൂടെ തന്നെ ഈ കഥ പൊളിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/121652/all-the-stories-told-by-anian-mithun-are-false-and-can-be-sued-for-sedition-major-ravi)