(moviemax.in) നടനും മിമിക്രി ആർട്ടിസ്റ്റുമായ കൊല്ലം സുധിയുടെ മരണത്തിന്റെ ആഘാതത്തിലാണ് കുടുംബവും സഹപ്രവർത്തകരും. കഴിഞ്ഞ ദിവസം തൃശൂരിലുണ്ടായ വാഹനാപകടത്തിലാണ് കൊല്ലം സുധി മരിച്ചത്. തിങ്കളാഴ്ച പുലർച്ചെ നാലരയോടെ തൃശൂർ കയ്പമംഗലം പമ്പനിക്കുന്നിൽ വെച്ചായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ സുധിയെ കൊടുങ്ങല്ലൂര്‍ എ.ആര്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സ്വന്തമായൊരു വീട് എന്ന സ്വപ്നം ബാക്കിയാക്കിയാണ് സുധി പോയത്. സുഹൃത്തും സഹപ്രവർത്തകനുമായ ഉല്ലാസ് പന്തളമാണ് സുധിയുടെ ഓർമ്മകൾ പങ്കുവെക്കവെ ഇക്കാര്യം തുറന്ന് പറഞ്ഞത്.
സ്വന്തമായി വീടില്ലെന്ന് സുധി എപ്പോഴും സങ്കടം പറയുമായിരുന്നു. ജൻമദിനത്തിൽ സ്റ്റാർ മാജിക്കിന്റെ ഷോ കഴിഞ്ഞ് എല്ലാവരും ഒത്തുചേർന്നു. അന്ന് വീടില്ലെന്ന സങ്കടം പറഞ്ഞ് സുധി കരഞ്ഞു. ഒരുവിധത്തിലാണ് സുധിയെ അന്ന് ആശ്വസിപ്പിച്ചതെന്നും ഉല്ലാസ് ഓർത്തു. പിന്നാലെ സുധിയുടെ കുടുംബത്തിന് സഹായ വാഗ്ദാനവുമായി നിരവധി പേർ രംഗത്ത് വന്നു. സുധിയുടെ കുടുംബത്തിന് വീട് വെച്ച് കൊടുക്കുമെന്ന് ഫ്ലവേഴ്സ് ചാനൽ അറിയിച്ചു. ഇതിനിടെ നടൻ സുരാജ് വെഞ്ഞാറമൂടും സുധിക്ക് വീട് വെച്ച് നൽകുമെന്ന് പ്രഖ്യാപനം നടത്തിയിരുന്നു .
രണ്ട് പേർ ഒരേസമയം സഹായവാഗ്ദാനം പ്രഖ്യാപിച്ചതിനെക്കുറിച്ച് സംസാരിക്കുകയാണ് ഇപ്പോൾ സംവിധായകൻ ശാന്തിവിള ദിനേശ്. 'സുധിയോടുള്ള ആത്മബന്ധം കൊണ്ടായിരിക്കാം സുരാജ് വീട് വെക്കാമെന്ന് പറഞ്ഞത്. സ്റ്റേജ് ഷോകളിൽ സുധിയുടെ അസിസ്റ്റന്റായിരുന്നു സുരാജ്. ഫ്ലവേഴ്സും സുരാജും കൂടി മത്സരിക്കേണ്ട. ഫ്ലവേഴ്സ് വീട് വെക്കുമെന്ന് കരുതി സുരാജ് പിൻമാറുകയും സുരാജ് വീടുവെക്കുമെന്ന് കരുതി ഫ്ലവേഴ്സ് പിൻമാറുകയും ചെയ്യേണ്ട. പണ്ട് വയനാട്ടിലെ ഒരു ആദിവാസി ഏരിയ മഞ്ജു വാര്യർ ദത്തെടുത്തു. അതിന് മുമ്പ് സർക്കാർ അവിടെ വികസനം കൊണ്ടുവരാനിരുന്നതാണ്. മഞ്ജു ദത്തെടുത്തല്ലോ എന്ന് വിചാരിച്ച് സർക്കാർ അതിൽ നിന്നും പിൻമാറി.
അതുപോലെ സർക്കാർ ചെയ്യുകയല്ലേ എന്ന് കരുതി മഞ്ജുവും പിൻമാറി. ഒടുവിൽ എല്ലാം അവതാളത്തിലായി ആ ഗതികേട് സുധിയുടെ വീടിന് വരാതിരിക്കട്ടെ,എന്നാണ് ശാന്തിവിള ദിനേശൻ പറയുന്നത്. ജനക്കൂട്ടവും ക്യാമറയുമെല്ലാം കാണുമ്പോൾ പലർക്കും ആവേശം വന്ന് സഹായിക്കാമെന്ന് പറഞ്ഞിട്ടുണ്ട്.
കൊച്ചിൻ ഹനീഫ മരിച്ചപ്പോൾ സൂപ്പർതാരങ്ങൾ അവിടെ നിന്ന് പൊട്ടിക്കരഞ്ഞു. പക്ഷെ മലയാള സിനിമയിൽ കൊച്ചിൻ ഹനീഫയുടെ വീട്ടുകാരെ തിരിഞ്ഞ് നോക്കിയ ഒരാളെയുള്ളൂ. അത് ദിലീപാണ്. ദിലീപിനെ പിന്തുണച്ച് സംസാരിച്ചാൽ പലരും തന്നെ വിമർശിക്കുമെന്നും സംവിധായകൻ ആരോപിച്ചു. തന്റെ യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സുധിയെക്കുറിച്ചുള്ള ഓർമ്മകൾ സോഷ്യൽ മീഡിയയിൽ സഹപ്രവർത്തകർ ഇപ്പോഴും പങ്കുവെക്കുന്നുണ്ട്. ബിനു അടിമാലി, മഹേഷ്, ഉല്ലാസ് അരൂർ എന്നിവരാണ് അപകടത്തിൽ പെട്ട കാറിലുണ്ടായിരുന്നത്. ഇവർക്ക് പരിക്കേറ്റ് ചികിത്സയിലാണ്. സ്റ്റാർ മാജിക്ക് എന്ന ഷോയാണ് സുധിക്ക് പ്രേക്ഷക സ്വീകാര്യത നേടിക്കൊടുത്തത്.
കട്ടപ്പനയിലെ ഋതിക് റോഷൻ, കുട്ടനാടൻ മാർപ്പാപ്പ, തീറ്റ റപ്പായി, കേശു ഈ വീടിന്റെ നാഥൻ, സ്വർഗത്തിലെ കട്ടുറുമ്പ് തുടങ്ങിയ സിനിമകളിൽ സുധി അഭിനയിച്ചിട്ടുണ്ട്. സുരേഷ് ഗോപി അടക്കമുള്ളവർ കൊല്ലം സുധിയുടെ മരണത്തിൽ അനുശോചനമറിയിച്ചു. സഹപ്രവർത്തകരെല്ലാം സുധിയുടെ കുടുംബത്തെ ആശ്വസിപ്പിച്ച് കൊണ്ട് ഒപ്പമുണ്ട്.
Don't be like Manju Warrier's offer of help; Only Dileep was there to help them; Shantivila Dinesh said openly