---
title: "ഈ സിനിമ ഒരു മുന്നറിയിപ്പാണ്, അല്ലാതെ സാധാരണ വിനോദത്തിനുവേണ്ടിയുള്ളതല്ല; സ്മൃതി ഇറാനി"
english_title: "Smriti Irani says that all the political parties opposing the movie The Kerala Story are with terrorist organizations."
publisher: "moviemax.in"
canonical_url: "https://moviemax.in/news/113732/smriti-irani-says-that-all-the-political-parties-opposing-the-movie-the-kerala-story-are-with-terrorist-organizations"
published_at: "2023-05-10T09:05:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645b118172e3e_keralastory.jpg"
keywords: []
---

# ഈ സിനിമ ഒരു മുന്നറിയിപ്പാണ്, അല്ലാതെ സാധാരണ വിനോദത്തിനുവേണ്ടിയുള്ളതല്ല; സ്മൃതി ഇറാനി

> **Lead Summary:** ദി കേരള സ്റ്റോറി സിനിമയെ എതിർക്കുന്ന എല്ലാ രാഷ്ട്രീയ പാർട്ടികളും തീവ്രവാദ സംഘടനകൾക്കൊപ്പം നിൽക്കുന്നവരാണെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ബംഗാൾ, തമിഴ്‌നാട് സർക്കാരുകൾ 'ദി കേരള സ്റ്റോറി' പ്രദർശനം നിരോധിച്ചതിന് ശേഷമാണ് കേന്ദ്രമന്ത്രിയുടെ പ്രസ്താവന.

## Article Content

ദി കേരള സ്റ്റോറി സിനിമയെ എതിർക്കുന്ന എല്ലാ രാഷ്ട്രീയ പാർട്ടികളും തീവ്രവാദ സംഘടനകൾക്കൊപ്പം നിൽക്കുന്നവരാണെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ബംഗാൾ, തമിഴ്‌നാട് സർക്കാരുകൾ 'ദി കേരള സ്റ്റോറി' പ്രദർശനം നിരോധിച്ചതിന് ശേഷമാണ് കേന്ദ്രമന്ത്രിയുടെ പ്രസ്താവന.

ഈ സിനിമയെ എതിർക്കുന്ന എല്ലാ രാഷ്ട്രീയ പാർട്ടികളും തീവ്രവാദ സംഘടനകൾക്കൊപ്പം നിൽക്കുകയാണെന്നാണ് എന്റെ വിശ്വാസം. യുവതികളെ തീവ്രവാദി സംഘടനകൾളിൽ കെണിയിൽപ്പെടുത്തി എത്തിക്കുന്നതും നിർബന്ധിത മതപരിവർത്തനവുമാണ് ഈ സിനിമ ചിത്രീകരിക്കുന്നത്.

നമ്മുടെ രാജ്യത്തെ പൗരന്മാരെ സിനിമ കാണുന്നതിൽ നിന്ന് വിലക്കുന്ന രാഷ്ട്രീയ സംഘടനകൾ ഇത്തരം ഭീകരവാദ രീതികൾക്ക് പിന്തുണ നൽകുകയാണ് ചെയ്യുന്നത്. ഈ സിനിമ ഒരു മുന്നറിയിപ്പാണ്. അല്ലാതെ സാധാരണ വിനോദത്തിനുവേണ്ടിയുള്ളതല്ലെന്നും സ്മൃതി ഇറാനി പറഞ്ഞു.

സിനിമ കണ്ട ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ. പശ്ചിമ ബംഗാളില്‍ പ്രദര്‍ശനം വിലക്കിയ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ നടപടിക്കെതിരെ ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകര്‍ സുപ്രീം കോടതിയെ സമീപിക്കുമെന്ന് അറിയിച്ചിരുന്നു. തമിഴ്നാട്ടില്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകള്‍ക്ക് സംരക്ഷണം നല്‍കണമെന്നും നിര്‍മ്മാതാക്കള്‍ അപേക്ഷയില്‍ ആവശ്യം ഉന്നയിച്ചിട്ടുണ്ട്.

ഐഎസ്ഐഎസ് ക്യാംപുകളിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ട മൂന്ന് വനിതകളുടെ അവസ്ഥയാണ് വിവാദ ചിത്രം മുന്നോട്ട് വയ്ക്കുന്നത്. പ്രണയത്തിലൂടെ മതപരിവര്‍ത്തനം നടത്തി തീവ്രവാദത്തിലേക്ക് എത്തിക്കുന്നുവെന്നാണ് ചിത്രം മുന്നോട്ട് വയ്ക്കുന്ന ആശയം. തിങ്കളാഴ്ച പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ ചിത്രം സംസ്ഥാനത്ത് പ്രദേശിപ്പിക്കുന്നതിന് വിലക്ക് പ്രഖ്യാപിച്ചിരുന്നു.

സംസ്ഥാനത്തെ സമാധാനാന്തരീക്ഷം പാലിക്കുന്നതിന് വേണ്ടിയാണ് തീരുമാനമെന്നാണ് വിലക്ക് സംബന്ധിയായ തീരുമാനത്തേക്കുറിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പ്രതികരിച്ചത്.

ക്രമസമാധാന പ്രശ്നം ചൂണ്ടിക്കാണിച്ച് തമിഴ്നാട്ടിലെ മള്‍ട്ടിപ്ലക്സുകളും ചിത്രം പ്രദര്‍ശിപ്പിക്കുന്നത് മെയ് 7 മുതല്‍ നിര്‍ത്തി വയ്ക്കുകയും ചെയ്തിരുന്നു. ദി കേരള സ്റ്റോറിയുടെ ട്രെയിലര്‍ പുറത്ത് വന്നതിന് പിന്നാലെ വലിയ വിവാദമാണ് രാജ്യമൊട്ടാകെയുണ്ടായത്. ചിത്രം കേരളത്തില്‍ റീലീസ് ചെയ്യുന്നത് സ്റ്റേ ചെയ്യണമെന്ന ഹര്‍ജി കേരള ഹൈക്കോടതി നിരസിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/113732/smriti-irani-says-that-all-the-political-parties-opposing-the-movie-the-kerala-story-are-with-terrorist-organizations)