---
title: "സുബി സുരേഷിന്‍റെ സംസ്കാര ചടങ്ങുകള്‍ നാളെ"
english_title: "Subi Suresh's funeral will be held tomorrow."
publisher: "moviemax.in"
canonical_url: "https://moviemax.in/news/98833/subi-sureshs-funeral-will-be-held-tomorrow"
published_at: "2023-02-22T14:08:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f5d6c369d7b_pisharadi.jpg"
keywords: []
---

# സുബി സുരേഷിന്‍റെ സംസ്കാര ചടങ്ങുകള്‍ നാളെ

> **Lead Summary:** അന്തരിച്ച നടിയും ഹാസ്യ കലാകാരിയുമായ സുബി സുരേഷിന്‍റെ സംസ്കാര ചടങ്ങുകള്‍ നാളെ. കൊച്ചി ചേരാനല്ലൂര്‍ ശ്മശാനത്തിലാണ് സംസ്കാരം.

## Article Content

അന്തരിച്ച നടിയും ഹാസ്യ കലാകാരിയുമായ സുബി സുരേഷിന്‍റെ സംസ്കാര ചടങ്ങുകള്‍ നാളെ. കൊച്ചി ചേരാനല്ലൂര്‍ ശ്മശാനത്തിലാണ് സംസ്കാരം.

> ഇത് സംബന്ധിച്ച് സുബിയുടെ കുടുംബത്തിന്‍റെ തീരുമാനം രമേശ് പിഷാരടി കൊച്ചി രാജഗിരി ആശുപത്രിയില്‍ വെച്ച് മാധ്യമങ്ങളോട് പങ്കുവെച്ചു. "പതിനഞ്ചോളം ദിവസമായി ആശുപത്രിയില്‍ ആയിരുന്നതുകൊണ്ട് ഇനി ഇവിടുത്തെ ഔപചാരികതകള്‍ തീര്‍ത്ത് വീട്ടിലേക്ക് എത്തിയാലും സന്ധ്യയാവും.

> ഇപ്പോഴത്തെ തീരുമാനപ്രകാരം നാളെ രാവിലെ എട്ട് മണിയോടെ ഭൗതികശരീരം വീട്ടില്‍ എത്തിച്ച് അതിനുശേഷം വരാപ്പുഴ പുത്തന്‍പള്ളിയില്‍ പൊതുദര്‍ശനത്തിന് വെക്കാനാണ് തീരുമാനം. രണ്ട് മണിയോടെ ചേരാനെല്ലൂര്‍ ശ്മശാനത്തിലേക്ക് കൊണ്ടുപോകും", രമേശ് പിഷാരടി പറഞ്ഞു.

അടുത്ത സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും മാത്രമാണ് സുബിയുടെ രോഗാവസ്ഥയുടെ ഗുരുതര നിലയെക്കുറിച്ച് അറിയാമായിരുന്നത്. കരള്‍ രോഗത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്ന സുബിയുടെ അന്ത്യം ഇന്ന് രാവിലെ കൊച്ചി രാജഗിരി ആശുപത്രിയില്‍ വെച്ചായിരുന്നു.

രമേഷ് പിഷാരടി, ധര്‍മ്മജന്‍ ബോല്‍ഗാട്ടി, സാജന്‍ പള്ളുരുത്തി തുടങ്ങിയവരുടെ സംഘത്തിലെ പെണ്‍സാന്നിധ്യമായാണ് സുബി സുരേഷിനെ മലയാളികള്‍ അറിഞ്ഞുതുടങ്ങുന്നത്. കേരളത്തില്‍ അങ്ങോളമിങ്ങോളവും നിരവധി വിദേശ രാജ്യങ്ങളിലെ മലയാളി വേദികളിലും ഇവര്‍ പരിപാടി അവതരിപ്പിച്ച് കൈയടി നേടി.

### Related Links & Sources
- [Original Story Source](https://moviemax.in/news/98833/subi-sureshs-funeral-will-be-held-tomorrow)