---
title: "അമ്മ മരിച്ചപ്പോള്‍ ഞാന്‍ കരഞ്ഞില്ല, ബന്ധുക്കള്‍ എന്നെ ഭ്രാന്തിയും പ്രോസ്റ്റിറ്റിയൂട്ടുമാക്കി; ആര്‍ച്ചയുടെ ജീവ"
english_title: "I did not cry when my mother died, my relatives made me crazy and a prostitute; Jiva of Archa"
publisher: "moviemax.in"
canonical_url: "https://moviemax.in/news/97715/i-did-not-cry-when-my-mother-died-my-relatives-made-me-crazy-and-a-prostitute-jiva-of-archa"
published_at: "2023-02-17T15:37:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ef5317aeda1_archa2.jpg"
keywords: []
---

# അമ്മ മരിച്ചപ്പോള്‍ ഞാന്‍ കരഞ്ഞില്ല, ബന്ധുക്കള്‍ എന്നെ ഭ്രാന്തിയും പ്രോസ്റ്റിറ്റിയൂട്ടുമാക്കി; ആര്‍ച്ചയുടെ ജീവ

> **Lead Summary:** **സോ**ഷ്യല്‍ മീഡിയയ്ക്ക് സുപരിചിതയാണ് ആര്‍ച്ച രേഖ രാജീവ്. വെറൈറ്റി മീഡിയ എന്ന യൂട്യൂബ് ചാനലിലെ അവതാരകയാണ് ആര്‍ച്ച. തനിക്ക് മുന്നിലെത്തുന്ന താരങ്ങളുടെ ജീവിതത്തെക്കുറിച്ചും അനുഭവങ്ങളെക്കുറിച്ചുമൊക്കെ പക്വതയോടെയാണ് ആര്‍ച്ച ചോദിച്ച് മനസിലാക്കുക. അതുകൊണ്ട് തന്നെ ആര്‍ച്ചയുടെ അഭിമുഖങ്ങള്‍ക്ക് വേറെ തന്നെ ആരാധകരുണ്ട്. ഇപ്പോഴിതാ തന്റെ ജീവിതത്തെക്കുറിച്ച് ആര്‍ച്ച തന്നെ മനസ് തുറക്കുകയാണ്. 

## Article Content

**സോ**ഷ്യല്‍ മീഡിയയ്ക്ക് സുപരിചിതയാണ് ആര്‍ച്ച രേഖ രാജീവ്. വെറൈറ്റി മീഡിയ എന്ന യൂട്യൂബ് ചാനലിലെ അവതാരകയാണ് ആര്‍ച്ച. തനിക്ക് മുന്നിലെത്തുന്ന താരങ്ങളുടെ ജീവിതത്തെക്കുറിച്ചും അനുഭവങ്ങളെക്കുറിച്ചുമൊക്കെ പക്വതയോടെയാണ് ആര്‍ച്ച ചോദിച്ച് മനസിലാക്കുക. അതുകൊണ്ട് തന്നെ ആര്‍ച്ചയുടെ അഭിമുഖങ്ങള്‍ക്ക് വേറെ തന്നെ ആരാധകരുണ്ട്. ഇപ്പോഴിതാ തന്റെ ജീവിതത്തെക്കുറിച്ച് ആര്‍ച്ച തന്നെ മനസ് തുറക്കുകയാണ്. 

ജോഷ് ടോക്കിലൂടെയായിരുന്നു ആര്‍ച്ച മനസ് തുറക്കുന്നത്. കുട്ടിക്കാലത്ത് കാണാന്‍ ഒട്ടും ഭംഗിയില്ലാത്ത സംസാരിക്കാന്‍ അറിയാത്ത എപ്പോഴും ഉറക്കം തൂങ്ങിയത് പോലെ ഇരിക്കുന്ന കുട്ടിയായിരുന്നു താനെന്നാണ് ആര്‍ച്ച പറയുന്നത്. ഇതിന് ടീച്ചേഴ്‌സ് പോലും തന്നെ കളിയാക്കിയിട്ടുണ്ടെന്നും ആര്‍ച്ച പറയുന്നു. ഈര്‍ക്കിലി, പൊടിക്കുപ്പി, കൊഞ്ചുവരട്ടിയ പോലെ മുഖമുള്ളവള്‍ എന്നൊക്കെയുള്ള വിളികള്‍ തന്നെ കുട്ടിക്കാലത്ത് തളര്‍ത്തിയിരുന്നുവെന്നും ആര്‍ച്ച പറയുന്നു. 

തന്റെ എറ്റവും വലിയ സുഹൃത്ത് അമ്മയായിരുന്നുവെന്നാണ് ആര്‍ച്ച പറയുന്നത്. എല്ലാ സ്വാതന്ത്ര്യവും നല്‍കിയാണ് അമ്മ തന്നെ വളര്‍ത്തിയത്. പെണ്‍കുട്ടികള്‍ ധൈര്യത്തോടെയും സ്വാതന്ത്ര്യത്തോടെയും വളരണം എന്നാണ് അമ്മ പറയാറുള്ളതെന്നും ആര്‍ച്ച ഓര്‍ക്കുന്നുണ്ട്. ചില ഫാമിലി ഇഷ്യൂസ് എല്ലാം ഉള്ളത് കാരണം അമ്മയും ഞാനും മാത്രമാണ് ഉള്ളത്. ഞങ്ങള്‍ക്ക് ഒരു പട്ടിക്കുട്ടിയും ഉണ്ട്. അതാണ് എന്റെ ലോകം എന്നും ആര്‍ച്ച പറയുന്നു. കൊറോണ കാലത്ത് ക്യാമറ വച്ച് യൂട്യൂബ് ചാനല്‍ ആരംഭിച്ചു. അപ്പോഴേക്കും അമ്മയ്ക്ക് ആരോഗ്യപരമായ ചില പ്രശ്നങ്ങള്‍ വന്നുവെന്നാണ് ആര്‍ച്ച പറയുന്നത്.

അമ്മ അഡ്മിറ്റ് ആയി. ആശപത്രിയിലും വീട്ടിലും ഒക്കെയായി ഞാന്‍ ഓട്ടം തന്നെയായിരുന്നുവെന്നും അത് എങ്ങനെ സാധിച്ചുവെന്ന് അറിയില്ലെന്നും താരം പറയുന്നു. അമ്മയ്ക്ക് സുഖമില്ലാതെയായപ്പോള്‍ തങ്ങളുടെ പട്ടിക്കുട്ടിയെ ഷെല്‍റ്റര്‍ ഹോമിലേക്ക് മാറ്റിയതിനെക്കുറിച്ചും താരം സംസാരിക്കുന്നുണ്ട്. ഞങ്ങള്‍ പതിയെ ജീവിതം തിരിച്ചുപിടിച്ചും. ഞാനും അമ്മയും ചേര്‍ന്ന് കാറും വീടും എല്ലാം വാങ്ങി. അപ്പോഴാണ് ആ വാര്‍ത്ത വരുന്നത്, അവന്‍ മരിച്ചു പോയി.

അവനെയോര്‍ത്ത് തങ്ങള്‍ ഒരുപാട് കരഞ്ഞുവെന്നും താരം പറയുന്നുണ്ട്. പത്ത് മിനിട്ട് കഴിയുമ്പോഴേക്കും അമ്മയും എന്നെ വിട്ട് പോയി. സയലന്റ് അറ്റാക്ക് ആയിരുന്നു. നിമിഷങ്ങളുടെ വ്യത്യാസത്തില്‍ ഞാന്‍ ലോകത്ത് ഏറ്റവും സ്നേഹിച്ചിരുന്ന രണ്ട് പേരും ഇല്ലാതെയായി, ലോകത്ത് ഞാന്‍ തനിച്ചായത് പോലെ തോന്നിയെന്നാണ് താരം പറയുന്നത്. പക്ഷെ അമ്മ മരിച്ചപ്പോള്‍ ഞാന്‍ കരഞ്ഞില്ല. ഒരു തുള്ളി കണ്ണുനീര്‍ എന്റെ കണ്ണില്‍ നിന്നും വന്നില്ലെന്നാണ് താരം പറയുന്നത്.

കാരണം ഇന്ന് രാത്രി ആത്മഹത്യ ചെയ്യും എന്ന് ഞാന്‍ അപ്പോഴേക്കും തീരുമാനിച്ചിരുന്നു. ചത്ത് കിടന്നാലും ചമഞ്ഞ് കിടക്കണം എന്നാണ് അമ്മ പറയാറുള്ളത്. അതുകൊണ്ട് അമ്മയെ നല്ല സാരിയൊക്കെ ഉടുപ്പിച്ച് സുന്ദരിയാക്കിയിട്ടാണ് ഞാന്‍ പറഞ്ഞയച്ചതെന്നും താരം ഓര്‍ക്കുന്നു. എന്നാല്‍ പക്ഷെ അമ്മ മരിച്ചപ്പോഴേക്കും ഏതൊക്കെയോ ബന്ധുക്കള്‍ എവിടെ നിന്നൊക്കെയോ വന്നുവെന്ന് ആര്‍ച്ച പറയുന്നത്.

അമ്മയുടെ സ്വത്ത് എത്ര, അമ്മയ്ക്ക് എന്തൊക്കെ സമ്പാദ്യം ഉണ്ട് എന്നാണ് അവര്‍ അന്വേഷിച്ചത്. എന്നെ മുറിയിലിട്ട് പൂട്ടി. ശാരീരികമായി ഉപദ്രവിച്ചുവെന്നും അതോടെ ഞാന്‍ സിവിയര്‍ ഡിപ്രഷനിലേക്ക് പോയെന്നും ആര്‍ച്ച പറയുന്നു. പല സുഹൃത്തുക്കളും എന്നെ സാമ്പത്തികമായി ദുരുപയോഗം ചെയ്തിട്ടുണ്ട്.

മരിക്കുന്നതിന് രണ്ട് ദിവസം മുന്‍പ് പോലും, അമ്മാ എന്നെ എല്ലാവരും ചതിച്ചിട്ട് പോകുന്നു, അമ്മയും ഇട്ടിട്ട് പോകുമോ എന്ന് ഞാന്‍ ചോദിച്ചിരുന്നു. ഒന്ന് പോടീ പെണ്ണേ എന്നാണ് അമ്മ പറഞ്ഞത്. ആ അമ്മ എന്നെ തനിച്ചാക്കി പോയെന്നാണ് താരം വികാരഭരിതയായി പറയുന്നത്. ഒന്നും ഇല്ലാതെയിരിയ്ക്കുമ്പോള്‍ ഉണ്ടാവുന്ന ഒരു ധൈര്യം ഉണ്ടല്ലോ, അതാണ് പിന്നീട് എന്നെ എഴുന്നേറ്റ് നിര്‍ത്തിയതെന്നും താരം പറയുന്നു.

നാട്ടുകാരും ബന്ധുക്കാരും എന്നെ കുറിച്ച് പലതും പറഞ്ഞു. എനിക്ക് ഭ്രാന്ത് ആണെന്നും, ഞാന്‍ പ്രോസ്റ്റിറ്റിയൂട്ട് ആണെന്നും വരെ പറഞ്ഞ് പരത്തിയിട്ടുണ്ടെന്നും താരം പറയുന്നു. എന്നാല്‍ താന്‍ ആഗ്രഹിച്ചത് പോലെ ജീവിക്കണം എന്ന അമ്മയുടെ ഇഷ്ടത്തിന് അനുസരിച്ച് മുന്നോട്ട് പോവുകയായിരുന്നുവെന്ന് ആര്‍ച്ച പറയുന്നു. അങ്ങനെയാണ് ആര്‍ച്ച അവതാരകയായി മാറുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/97715/i-did-not-cry-when-my-mother-died-my-relatives-made-me-crazy-and-a-prostitute-jiva-of-archa)