---
title: "'പൃഥ്വിരാജ് തലകുത്തി നിന്നാലും മോഹന്‍ലാലിനോ മമ്മൂട്ടിക്കോ പകരമാകാന്‍ പറ്റില്ല': ഭദ്രന്‍ "
english_title: "Director Bhadran says that Prithviraj can never become Mohanlal."
publisher: "moviemax.in"
canonical_url: "https://moviemax.in/news/97308/director-bhadran-says-that-prithviraj-can-never-become-mohanlal"
published_at: "2023-02-15T21:46:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ed062a029aa_prithviraj_mammootty_and_mohanlal.jpg"
keywords: []
---

# 'പൃഥ്വിരാജ് തലകുത്തി നിന്നാലും മോഹന്‍ലാലിനോ മമ്മൂട്ടിക്കോ പകരമാകാന്‍ പറ്റില്ല': ഭദ്രന്‍ 

> **Lead Summary:** പൃഥ്വിരാജിന് ഒരിക്കലും മോഹന്‍ലാലാകാന്‍ കഴിയില്ലെന്ന് സംവിധായകന്‍ ഭദ്രന്‍. വെള്ളിത്തിര സിനിമ സംവിധാനം ചെയ്തപ്പോള്‍ മോഹന്‍ലാലിനെയൊക്കെ പോലെ നന്നായി വരാന്‍ സാധ്യതയുള്ള ഒരു ഗ്രാഫ് പൃഥ്വിരാജില്‍ കാണുന്നുണ്ടെന്ന് മാത്രമാണ് താന്‍ പറഞ്ഞതെന്ന് ഭദ്രന്‍ പറഞ്ഞു.

## Article Content

പൃഥ്വിരാജിന് ഒരിക്കലും മോഹന്‍ലാലാകാന്‍ കഴിയില്ലെന്ന് സംവിധായകന്‍ ഭദ്രന്‍. വെള്ളിത്തിര സിനിമ സംവിധാനം ചെയ്തപ്പോള്‍ മോഹന്‍ലാലിനെയൊക്കെ പോലെ നന്നായി വരാന്‍ സാധ്യതയുള്ള ഒരു ഗ്രാഫ് പൃഥ്വിരാജില്‍ കാണുന്നുണ്ടെന്ന് മാത്രമാണ് താന്‍ പറഞ്ഞതെന്ന് ഭദ്രന്‍ പറഞ്ഞു.

‘വെള്ളിത്തിര സിനിമ ഇറങ്ങിയപ്പോള്‍ മോഹന്‍ലാലിന് പകരക്കാരനായിട്ട് ഒരു നടനെ കൊണ്ടുവരുന്നു എന്ന് പറഞ്ഞാണ് പൃഥ്വിരാജിനെ പരിചയപ്പടുത്തിയത്. പക്ഷേ ആളുകള്‍ മനസിലാക്കുന്ന വേഡ് കപ്പാസിറ്റിയില്‍ അല്ല ഞാന്‍ അത് പറഞ്ഞത്.

ഒരിക്കലും മോഹന്‍ലാലിന് പൃഥ്വിരാജ് ഒരു പകരക്കാരനാവില്ല. അതെങ്ങനെ ആവാനാണ്. അതുപോലെ പൃഥ്വിരാജിന് മമ്മൂട്ടിയാവാനും കഴിയില്ല. മമ്മൂട്ടിയൊക്കെ ഒരു ബ്ലോക്കിലേക്ക് കയറി നിന്നാല്‍ അവിടെ മുഴുവന്‍ പ്രസരണം ചെയ്യുകയല്ലേ.

ചില വേഷങ്ങള്‍ മോഹന്‍ലാലിനെ ചെയ്യാനാകൂ’, എന്നായിരുന്നു ഭദ്രന്റ വാക്കുകള്‍. കാന്‍ ചാനല്‍ മീഡിയയോട് ആയിരുന്നു സംവിധായകന്റെ പ്രതികരണം.

അതേസമയം, സ്ഫടികം പുത്തന്‍ സാങ്കേതിക മികവില്‍ റിലീസ് ചെയ്ത് തിയറ്ററുകളില്‍ മുന്നേറുകയാണ്. റീമാസ്റ്ററിംഗിനു മാത്രമായി ചിത്രത്തിന് ചെലവായത് 2 കോടിയാണ്. എന്നാല്‍ പബ്ലിസിറ്റി, സാറ്റലൈറ്റ് സര്‍വ്വീസ് പ്രൊവൈഡര്‍ക്ക് നല്‍കേണ്ട തുക എല്ലാം ചേര്‍ത്ത് റീ റിലീസിന് 3 കോടിക്ക് മുകളില്‍ ചെലവായിട്ടുണ്ടെന്നാണ് വിവരം.

കേരളത്തില്‍ റിലീസ് ചെയ്യപ്പെട്ട 160 സ്‌ക്രീനുകളില്‍ നിന്ന് മാത്രം ആദ്യ നാല് ദിനങ്ങളില്‍ ചിത്രം 3 കോടിക്ക് മുകളില്‍ നേടി.

### Related Links & Sources
- [Original Story Source](https://moviemax.in/news/97308/director-bhadran-says-that-prithviraj-can-never-become-mohanlal)