---
title: "'ഒരു സഹപ്രവര്‍ത്തകന്‍ തെറ്റ് ചെയ്തു എന്നത് വിശ്വസിക്കാന്‍ പാടാണ്, പെണ്‍കുട്ടിയെ മകളെ പോലെത്തന്നെയാണ് കാണുന്നത്';ഇന്ദ്രൻസിന്റെ വാക്കുകൾ "
english_title: "actor Indrans apologized after the controversy"
publisher: "moviemax.in"
canonical_url: "https://moviemax.in/news/95165/actor-indrans-apologized-after-the-controversy"
published_at: "2023-02-06T20:10:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e11211172a6_INSRANS_F.jpg"
keywords: []
---

# 'ഒരു സഹപ്രവര്‍ത്തകന്‍ തെറ്റ് ചെയ്തു എന്നത് വിശ്വസിക്കാന്‍ പാടാണ്, പെണ്‍കുട്ടിയെ മകളെ പോലെത്തന്നെയാണ് കാണുന്നത്';ഇന്ദ്രൻസിന്റെ വാക്കുകൾ 

> **Lead Summary:** **മ**ലയാള സിനിമയില്‍ വേറിട്ട കഥാപാത്രങ്ങളെ അവതരിപ്പിച്ചു കൊണ്ടിരിക്കുകയാണ് നടന്‍ ഇന്ദ്രന്‍സ് ഇപ്പോള്‍. നേരത്തെ തന്നെ സിനിമയില്‍ എത്തിയ ഒരു നടനാണ് ഇന്ദ്രന്‍സ് എങ്കിലും, സമീപകാലത്തായി ഹാസ്യ കഥാപാത്രങ്ങളില്‍ നിന്ന് വിട്ടു മറ്റു വേഷങ്ങളാണ് നടന്‍ ചെയ്തു കൊണ്ടിരിക്കുന്നത്. ഓരോ സിനിമയ്ക്ക് പിന്നാലെയും നടന്‍ കൊടുക്കുന്ന അഭിമുഖവും വൈറല്‍ ആവാറുണ്ട്.

## Article Content

**മ**ലയാള സിനിമയില്‍ വേറിട്ട കഥാപാത്രങ്ങളെ അവതരിപ്പിച്ചു കൊണ്ടിരിക്കുകയാണ് നടന്‍ ഇന്ദ്രന്‍സ് ഇപ്പോള്‍. നേരത്തെ തന്നെ സിനിമയില്‍ എത്തിയ ഒരു നടനാണ് ഇന്ദ്രന്‍സ് എങ്കിലും, സമീപകാലത്തായി ഹാസ്യ കഥാപാത്രങ്ങളില്‍ നിന്ന് വിട്ടു മറ്റു വേഷങ്ങളാണ് നടന്‍ ചെയ്തു കൊണ്ടിരിക്കുന്നത്. ഓരോ സിനിമയ്ക്ക് പിന്നാലെയും നടന്‍ കൊടുക്കുന്ന അഭിമുഖവും വൈറല്‍ ആവാറുണ്ട്.

എന്നാല്‍ കഴിഞ്ഞദിവസം അഭിമുഖത്തിനിടെ ഇന്ദ്രന്‍സ് നടി ആക്രമിക്കപ്പെട്ട കേസിനെ കുറിച്ച് സംസാരിച്ചു. പിന്നാലെ സംഭവം വിവാദമാവുകയും ചെയ്തു. ഇരയെ പിന്തുണയ്ക്കാത ഇന്ദ്രന്‍സ് നടനെ പിന്തുണച്ചു എന്നായിരുന്നു വിവാദം. മാത്രമല്ല ഡബ്ല്യൂസിസി എന്ന സംഘടനയെ നടന്‍ തള്ളിപ്പറഞ്ഞത് വിവാദമായി. ഇപ്പോള്‍ ഇതില്‍ വിശദീകരണം നല്‍കി സോഷ്യല്‍ മീഡിയയില്‍ എത്തിയിരിക്കുകയാണ് ഇന്ദ്രന്‍സ് .

”കഴിഞ്ഞ ദിവസം ന്യൂ ഇന്ത്യന്‍ എക്സ്പ്രസില്‍ വന്ന അഭിമുഖവുമായി ബന്ധപ്പെട്ട് ചില സുഹൃത്തുക്കളുടെ അഭിപ്രായം കാണാനും കേള്‍ക്കാനും ഇടയായി. ആരെയെങ്കിലും വേദനിപ്പിക്കാനോ കുറ്റപ്പെടുത്താനോ ബോധപൂര്‍വ്വം ശ്രമിച്ചിട്ടില്ല. ഡബ്ല്യു സി സി യെ തള്ളിപ്പറയാനല്ല ശ്രമിച്ചത്, ചിലരെങ്കിലും അഭിമുഖത്തില്‍ പറയാത്ത കാര്യങ്ങള്‍ തെറ്റിദ്ധാരണയുണ്ടാക്കുന്ന തരത്തില്‍ പ്രചരിപ്പിക്കുന്നതായി കണ്ടു. എന്റെ ഒരു സഹപ്രവര്‍ത്തകന്‍ തെറ്റ് ചെയ്തു എന്നത് വിശ്വസിക്കാന്‍ പാടാണ് എന്ന് മാത്രമാണ് ഉദ്ദേശിച്ചത്. പെണ്‍കുട്ടിയെ മകളെ പോലെത്തന്നെയാണ് കാണുന്നത്. അവരുടെ വേദനയില്‍ ഒപ്പം തന്നെയുണ്ട്.മനുഷ്യരുടെ സങ്കടങ്ങള്‍ വലിയ തോതില്‍ വേദനിപ്പിക്കാറുണ്ട്. എല്ലാ നിലവിളികളും തിരിച്ചറിയാനുള്ള ജീവിത സാഹചര്യങ്ങളിലൂടെയാണ് കടന്ന് വന്നത്. നില്‍ക്കുന്ന മണ്ണിനെ കുറിച്ച് നല്ല ബോധമുണ്ട്. എന്റെ വാക്കുകള്‍ ആരെയെങ്കിലും മുറിപ്പെടുത്തിയിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നു…. എല്ലാവരോടും സ്നേഹം ഇന്ദ്രന്‍സ്”- എന്നാണ് നടന്റെ വാക്കുകള്‍.

### Related Links & Sources
- [Original Story Source](https://moviemax.in/news/95165/actor-indrans-apologized-after-the-controversy)