---
title: "എന്നെ സംബന്ധിച്ച് എന്റെ കുടുംബക്കാരാണ് എല്ലാം; യൂട്യൂബറെ തെറി വിളിച്ച സംഭവത്തില്‍ വിശദീകരണവുമായി നടൻ  "
english_title: "Unni Mukundan explained the incident of calling the YouTuber wrong."
publisher: "moviemax.in"
canonical_url: "https://moviemax.in/news/93357/unni-mukundan-explained-the-incident-of-calling-the-youtuber-wrong"
published_at: "2023-01-30T12:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d76fcd5def4_unnimukundhan.jpg"
keywords: []
---

# എന്നെ സംബന്ധിച്ച് എന്റെ കുടുംബക്കാരാണ് എല്ലാം; യൂട്യൂബറെ തെറി വിളിച്ച സംഭവത്തില്‍ വിശദീകരണവുമായി നടൻ  

> **Lead Summary:** യൂട്യൂബറെ തെറി വിളിച്ച സംഭവത്തില്‍ വിശദീകരണവുമായി ഉണ്ണി മുകുന്ദന്‍. സിനിമ കണ്ട് വിമര്‍ശിക്കുന്നതിനോട് തനിക്ക് പ്രശ്‌നമില്ല.

## Article Content

യൂട്യൂബറെ തെറി വിളിച്ച സംഭവത്തില്‍ വിശദീകരണവുമായി ഉണ്ണി മുകുന്ദന്‍. സിനിമ കണ്ട് വിമര്‍ശിക്കുന്നതിനോട് തനിക്ക് പ്രശ്‌നമില്ല.

പക്ഷെ തന്റെ അച്ഛനും അമ്മയും ദേവനന്ദയെയും തെറി വിളിച്ചാല്‍ താന്‍ അത് കേട്ട് നില്‍ക്കില്ല, തിരിച്ചും വിളിക്കും. അതിന് തന്നെ സിനിമയില്‍ നിന്നും പുറത്താക്കിയാലും കുഴപ്പമില്ല എന്നാണ് ഉണ്ണി പറയുന്നത്. കണ്ണൂര്‍ ഇരിട്ടിയിലെ പ്രഗതി വിദ്യാനികേതന്‍ സര്‍ഗോത്സവ വേദിയിലാണ് നടന്‍ സംസാരിച്ചത്.

***

ഉണ്ണി മുകുന്ദന്റെ വാക്കുകള്‍...***

കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ ചില കാര്യങ്ങള്‍ വെച്ച് നോക്കിയാല്‍ ഒരിക്കലും പെരുമാറാന്‍ പറ്റാത്ത രീതിയില്‍ വാക്കുകള്‍ കൊണ്ട് ചിലരെ വേദനിപ്പിച്ചിട്ടുണ്ടാകാം. പക്ഷേ പറഞ്ഞ രീതിയോട് എതിര്‍പ്പുണ്ടെങ്കിലും പറഞ്ഞ കാര്യങ്ങളോട് ഒട്ടും എതിര്‍പ്പില്ല.

ഇവിടെ സിനിമയില്‍ അഭിനയിക്കാന്‍ വന്നത് സിനിമാ നടനായി മാത്രമാണ്. എന്നെ നിങ്ങള്‍ ഇഷ്ടപ്പെടുന്നത് സിനിമാ നടന്‍ മാത്രമായല്ല ഉണ്ണി മുകുന്ദന്‍ എന്ന വ്യക്തിയെ കൂടിയാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. പത്ത് വര്‍ഷം കൊണ്ട് ഞാന്‍ എങ്ങനെയാണെന്നും ആരാണെന്നും എനിക്കിനി തെളിയിക്കേണ്ടതില്ല എന്നതാണ് പൂര്‍ണമായ എന്റെ വിശ്വാസം.

എന്റെ അച്ഛനെയും അമ്മയെയും എന്റെ കൂടെ പ്രവര്‍ത്തിച്ച ആ ചെറിയ കുട്ടിയേയും ആര് തെറി പറഞ്ഞാലും ഞാന്‍ തിരിച്ച് തെറി പറയും. അത് എത്ര വലിയവരാണെങ്കിലും എനിക്ക് വിഷമയമല്ല. എന്നെ സംബന്ധിച്ച് എന്റെ കുടുംബക്കാരാണ് എല്ലാം. ഇതിന്റെ പേരില്‍ സിനിമാ ജീവിതും പോകുമെന്നും കോള്‍ റെക്കോര്‍ഡ് പുറത്തുവിടുമെന്നും ഭീഷണിപ്പെടുത്തിയിട്ടോ കാര്യമില്ല.

ഞാന്‍ ഇങ്ങനെയാണ്. ഒരു പരിധിവരെ എന്റെ ഭാഗത്തു നിന്നുള്ള തെറ്റുകള്‍ തിരുത്താന്‍ ശ്രമിക്കും. വ്യക്തികളെ വേദനിപ്പിച്ചിട്ട് ജീവിതത്തില്‍ ഒന്നും നേടാനില്ല. എന്നെ ഞാനാക്കി മാറ്റിയത് കേരളത്തിലെ കുടുംബാംഗങ്ങളാണ്. ഇവിടെ വരാന്‍ പറ്റിയതില്‍ ഒരുപാട് സന്തോഷമുണ്ട്. ഇക്കാര്യങ്ങള്‍ പറയേണ്ട വേദിയാണോ ഇതെന്ന് എനിക്കറിയില്ല.

എന്നെ കുറിച്ച് ഇത്രയും നല്ല വാക്കുകള്‍ നിങ്ങള്‍ പറയുമ്പോള്‍ ഞാനിവിടെ നിന്ന് ഇറങ്ങി പോകുമ്പോള്‍ യൂട്യൂബില്‍ പോയി തെറിവിളിച്ചവനാണ് ഞാനെന്ന് നിങ്ങള്‍ ചിന്തിക്കരുത്. അതെന്തു കൊണ്ടെന്നു വച്ചാല്‍, പറഞ്ഞ വാക്കുകളോട് എനിക്ക് യോജിപ്പില്ല.

പക്ഷേ എനിക്കെന്റെ അച്ഛനും അമ്മയും അല്ലാതെ വേറെ ആരുമില്ല. നാളെ ഇതിന്റെ പേരില്‍ എന്നെ മലയാള സിനിമയില്‍ നിന്നും പുറത്താക്കിയാലും വളരെ സന്തോഷത്തോടെ പോകും. കാരണം അന്നു രാത്രി അവനെ ചീത്ത വിളിച്ചതിന് ശേഷം നന്നായിട്ട് ഉറങ്ങിയിരുന്നു. ദേവനന്ദ എന്ന കുട്ടിക്ക് എട്ടു വയസ്സാണ്. അറുപത് ദിവസം അവളെ പൊന്നുപോലെയാണ് നോക്കിയത്. അവളുടെ കാലില്‍ ഒരു മുള്ള് കൊണ്ടാല്‍ എനിക്ക് വേദനിച്ചിരുന്നു.

ഇതൊക്കെ എനിക്ക് വലിയ കാര്യങ്ങളാണ്. ഞാന്‍ വളര്‍ന്ന സാഹചര്യവും എന്നെ വളര്‍ത്തിയ അച്ഛനും അമ്മയും എന്നെ പഠിപ്പിച്ച ചില കാര്യങ്ങളുമുണ്ട്. അതിനെ ചോദ്യം ചെയ്താല്‍ ആരു വന്നാലും ഉണ്ണി മുകുന്ദന്റെ രീതികള്‍ മാറില്ല. ഇനിയും ഇതുപോലെ ആവര്‍ത്തിച്ചാല്‍ ഞാന്‍ വീണ്ടും പ്രതികരിക്കും.

പ്രതികരണം മാന്യമായി തന്നെയാകും. കുടുംബത്തെ മാറ്റിവച്ചുള്ള ഏത് വിമര്‍ശനങ്ങളെയും ഞാന്‍ സ്വീകരിക്കും. എന്റെ സിനിമയെയും എന്നെ വ്യക്തിപരമായും വിമര്‍ശിക്കാം. വിമര്‍ശനങ്ങളിലൂടെ വളര്‍ന്നുവന്നയാളാണ് ഞാന്‍. പൈസ മുടക്കി സിനിമ കാണുന്ന ആള്‍ക്ക് സിനിമയെ വിമര്‍ശിക്കാന്‍ പൂര്‍ണ അവകാശമുണ്ട്. അതിനെ ഞാന്‍ സന്തോഷത്തോട് കൂടി സ്വീകരിക്കുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/93357/unni-mukundan-explained-the-incident-of-calling-the-youtuber-wrong)