---
title: " തനിക്ക് വാക്കുകള്‍ നഷ്ടപ്പെട്ടു; സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട വിഷയത്തില്‍  പ്രതികരിച്ച് നടി "
english_title: "Actress Aparna Balamurali responded to the issue related to the promotion of the movie Thangam."
publisher: "moviemax.in"
canonical_url: "https://moviemax.in/news/91316/actress-aparna-balamurali-responded-to-the-issue-related-to-the-promotion-of-the-movie-thangam"
published_at: "2023-01-19T21:00:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c962b41996a_aparna_balamurali.jpg"
keywords: []
---

#  തനിക്ക് വാക്കുകള്‍ നഷ്ടപ്പെട്ടു; സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട വിഷയത്തില്‍  പ്രതികരിച്ച് നടി 

> **Lead Summary:** തങ്കം’ സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രതികരിച്ച് നടി അപര്‍ണ ബാലമുരളി. എഴുത്തുകാരി സൗമ്യ രാധ വിദ്യാധര്‍ പങ്കുവെച്ച ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ താഴെ കമന്റ് ചെയ്താണ് നടി പ്രതികരിച്ചത്.

## Article Content

തങ്കം’ സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രതികരിച്ച് നടി അപര്‍ണ ബാലമുരളി. എഴുത്തുകാരി സൗമ്യ രാധ വിദ്യാധര്‍ പങ്കുവെച്ച ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ താഴെ കമന്റ് ചെയ്താണ് നടി പ്രതികരിച്ചത്.

”അനുവാദമില്ലാതെ ഒരു സ്ത്രീയുടെ ശരീരത്തില്‍ സ്പര്‍ശിക്കുന്നത് അന്യായമാണെന്നും വീണ്ടും മാപ്പ് പറയുന്ന രീതിയില്‍ കൈയില്‍ സ്പര്‍ശിക്കാന്‍ ശ്രമിക്കുന്നത് അതിലും വലിയ തെറ്റാണ്” എന്നായിരുന്നു സൗമ്യ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

”ഏറ്റവും അത്ഭുതപ്പെടുത്തുന്നത് ലോ കോളേജ് ആണെന്ന് ഓര്‍ക്കുമ്പോഴാണ്, തനിക്ക് വാക്കുകള്‍ നഷ്ടപ്പെട്ടു” എന്നാണ് അപര്‍ണ പോസ്റ്റിന് താഴെ കമന്റായി കുറിച്ചത്. ഇന്നലെയാണ് എറണാകുളം ഗവ. ലോ കോളേജില്‍ വെച്ച് അപര്‍ണയ്ക്ക് നേരെ അതിക്രമം ഉണ്ടായത്.

അപര്‍ണയോടൊപ്പം നടന്‍ വിനീത് ശ്രീനിവാസനും സംഗീത സംവിധായകന്‍ ബിജിപാലും ചിത്രത്തിന്റെ മറ്റു അണിയറപ്രവര്‍ത്തകരും ഉണ്ടായിരുന്നു. അപര്‍ണയ്ക്ക് പൂവ് സമ്മാനിക്കാന്‍ അടുത്തെത്തിയ വിദ്യാർത്ഥി അപര്‍ണയുടെ കയ്യില്‍ പിടിച്ചു വലിച്ച് എഴുന്നേല്‍പ്പിക്കുകയായിരുന്നു.

യുവാവ് അപര്‍ണയുടെ തോളില്‍ കയറി പിടിക്കുന്നതും അപര്‍ണ വെട്ടിച്ച് മാറുകയും ചെയ്യുന്നത് വീഡിയോയില്‍ വ്യക്തമാണ്. പെരുമാറ്റം നടിക്ക് ഇഷ്ടപ്പെട്ടില്ലെന്നത് തിരിച്ചറിഞ്ഞ വിദ്യാർത്ഥികളിലൊരാള്‍ പിന്നീട് വേദിയില്‍ വെച്ചുതന്നെ അപര്‍ണയോട് ക്ഷമ പറഞ്ഞു.

തുടര്‍ന്ന് യുവാവ് വീണ്ടും എത്തുകയും താന്‍ ഒന്നുമുദ്ദേശിച്ച് ചെയ്തതല്ല അപര്‍ണയുടെ ഫാന്‍ ആയതുകൊണ്ട് ഫോട്ടോ എടുക്കാന്‍ ശ്രമിച്ചതാണെന്നും പറയുന്നുണ്ട്. വീണ്ടും കൈ നീട്ടിയ യുവാവിന് കൈ കൊടുക്കാന്‍ അപര്‍ണ വിസമ്മതിക്കുകയും ചെയ്തു.

### Related Links & Sources
- [Original Story Source](https://moviemax.in/news/91316/actress-aparna-balamurali-responded-to-the-issue-related-to-the-promotion-of-the-movie-thangam)