---
title: "പീരിയഡ്‌സ് ആകുമ്പോൾ ബ്ലഡ് പൂർണമായും പോകില്ല; വേദന നിറഞ്ഞ ദിനങ്ങളെ കുറിച്ച്‌ ലിയോണ"
english_title: "Bleeding does not go away completely during periods; Leona on painful days"
publisher: "moviemax.in"
canonical_url: "https://moviemax.in/news/85166/bleeding-does-not-go-away-completely-during-periods-leona-on-painful-days"
published_at: "2022-12-14T14:02:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63998a9b09a78_LIYONA.jpg"
keywords: []
---

# പീരിയഡ്‌സ് ആകുമ്പോൾ ബ്ലഡ് പൂർണമായും പോകില്ല; വേദന നിറഞ്ഞ ദിനങ്ങളെ കുറിച്ച്‌ ലിയോണ

> **Lead Summary:** മലയാളി പ്രേക്ഷകർക്ക് സുപരിചിതയാണ് നടി ലിയോണ ലിഷോയ്. സിനിമ സീരിയൽ താരം ലിഷോയിയുടെ മകളായ ലിയോണ പരസ്യങ്ങളിൽ മോഡലായാണ് കരിയർ ആരംഭിക്കുന്നത്. 

## Article Content

മലയാളി പ്രേക്ഷകർക്ക് സുപരിചിതയാണ് നടി ലിയോണ ലിഷോയ്. സിനിമ സീരിയൽ താരം ലിഷോയിയുടെ മകളായ ലിയോണ പരസ്യങ്ങളിൽ മോഡലായാണ് കരിയർ ആരംഭിക്കുന്നത്. 

അടുത്തിടെ തന്നെ രണ്ടു വർഷത്തോളം വലച്ച രോഗത്തെ കുറിച്ച് ലിയോണ പറഞ്ഞിരുന്നു. ആർത്തവവുമായി ബന്ധപ്പെട്ട എൻഡോമെട്രിയോസിസ് എന്ന രോ​ഗമായിരുന്നു ലിയോണയ്ക്ക്. ആർത്തവ വേദനയെ നിസാര വൽക്കരിക്കരുതെന്നും കഠിനമായ വേദന ഉള്ളവർ പരിശോധന നടത്തണമെന്നും സോഷ്യൽ മീഡിയ കുറിപ്പിലൂടെയാണ് നടി പറഞ്ഞത്.

രോഗത്തിൽ നിന്ന് താൻ സുഖം പ്രാപിച്ച് വരുകയാണെന്നും ലിയോണ പറഞ്ഞിരുന്നു. ഇപ്പോഴിതാ, അസുഖത്തെ കുറിച്ചും കടന്നു പോയ വേദന നിറഞ്ഞ ദിനങ്ങളെ കുറിച്ചും വീണ്ടും മനസ് തുറക്കുകയാണ് ലിയോണ. ഫ്‌ളവേഴ്‌സ് ടിവിയിലെ താരം വരും നേരം എന്ന അഭിമുഖ പരിപാടിയിലാണ് നടി തന്റെ രോഗത്തെ കുറിച്ച് സംസാരിച്ചത്.

'യൂട്രസുമായി ബന്ധപ്പെട്ട ഒരു രോഗമായിരുന്നു. പീരിയഡ്‌സ് ആകുമ്പോൾ ബ്ലഡ് പൂർണമായും പോകില്ല. അത് അവിടെ ബ്ലോക്ക് ആയി യൂട്രസ് ഓവറി പൊട്ടുന്നു. അതാണ് സംഭവം. ഇത് ഓവറായാൽ ബ്ലഡ് അവിടെ ഇവിടെയായി ക്ളോട്ടാകും. അത് പ്രശ്‌നമാകും. പിരിയഡ്‌സ് പെയിനാണ് ഇതിന്റെ ഏറ്റവും വലിയ രോഗ ലക്ഷണം.

അത് ഞാൻ അവഗണിക്കുകയായിരുന്നു. ഞാൻ വേദന ഉണ്ടെന്ന് പറയുമ്പോൾ പോലും എല്ലാവര്ക്കും ഉള്ളതല്ലേ എന്നാണ് ചോദിച്ചു കൊണ്ടിരുന്നേ. അതുകൊണ്ടാണ് ഞാൻ അന്ന് അങ്ങനെയൊരു പോസ്റ്റിട്ടത്. വേദന വരുമ്പോൾ ഷൂട്ട് ഒക്കെ ആണെങ്കിൽ ടാബ്‌ലറ്റ് കഴിക്കും.

സർജറിയിലൂടെ മാത്രമേ ഇത് തിരിച്ചറിയൂ. രോഗം കണ്ടെത്താൻ വളരെ ബുദ്ധിമുട്ടാണ്. ഏറ്റവും മോശം അവസ്ഥയിൽ എത്തിയാലാണ് സ്കാനിങ്ങിൽ കാണുകയുള്ളു. എനിക്ക് മറ്റൊരു സർജറി ചെയ്ത സമയത്താണ് ഇത് കണ്ടു പിടിച്ചത്. ആ സമയത്ത് മൂന്ന്, നാല് മാസം ഗർഭിണി ആയവരുടെ വയറു പോലെ ആയിരുന്നു.

ലോക്ക്ഡൗൺ സമയത്തൊക്കെ ഞാൻ എപ്പോഴും ജിമ്മിൽ ആയിരുന്നു. അപ്പോൾ ഞാൻ വയറിൽ തൊട്ട് നോക്കുമ്പോൾ കട്ടിയൊക്കെ തോന്നും. ഞാൻ കരുതിയത് മസിലാണെന്നാണ്. അത് കഴിഞ്ഞ് ഒന്നര വർഷത്തോളം ഹോർമോണൽ ടാബ്‌ലറ്റുകൾ കഴിച്ചു. ഭ്രാന്തായില്ലന്നേയുള്ളു!

ഈ രോഗത്തിന് അലോപ്പതിയിൽ മരുന്നൊന്നും കണ്ടു പിടിച്ചിരുന്നില്ല. പിരിയഡ്‌സ് നിർത്താനുള്ള മരുന്നാണ് തരുക. ഞാൻ കുറെ ഡോക്ടർമാരെ കണ്ടു. അവരോടൊക്കെ ഞാൻ പറഞ്ഞു എനിക്ക് ഇങ്ങനെ മെഡിസിൻ കഴിക്കാൻ കഴിയില്ലെന്ന്. അത് എല്ലാവരും കഴിക്കുന്നതാണ്, കുഴപ്പമില്ലെന്നായിരുന്നു മറുപടി.

എനിക്ക് മാനസികമായ ബുദ്ധിമുട്ടുകൾ ഉണ്ടെന്ന് പറയുമ്പോൾ കൗൺസിലിങ് എടുക്കാം എന്നായിരുന്നു നിർദേശം. എന്നാലും ജീവിതകാലം മുഴുവൻ ആ മരുന്ന് കഴിക്കണം. അങ്ങനെയാണ് ഞാൻ ആയുർവേദം നോക്കുന്നത്. അത് ലാലേട്ടൻ സജസ്റ്റ് ചെയ്ത ഡോക്ടറെയാണ് കണ്ടത്. ഇപ്പോൾ അതിന്റെ ചികിത്സയിലാണ്. ആ ഡോക്ടറെ കാണുമ്പോൾ തന്നെ സമാധാനമാണ്. ഒരു തെറാപ്പിസ്റ്റിനെ പോലെയാണ് ഡോക്ടർ ഇപ്പോൾ,' ലിയോണ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/85166/bleeding-does-not-go-away-completely-during-periods-leona-on-painful-days)