---
title: "'വീട്ടിൽ ചോദിച്ചപ്പോൾ അമ്മ ചൂലെടുത്തു,ഒളിച്ചോട്ടത്തെ കുറിച്ച് താരം"
english_title: "'When asked at home, the mother took the broom and told the actor about the escape"
publisher: "moviemax.in"
canonical_url: "https://moviemax.in/news/7965/when-asked-at-home-the-mother-took-the-broom-and-told-the-actor-about-the-escape"
published_at: "2021-10-30T11:18:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/617cdcd52700a_.jpg"
keywords: []
---

# 'വീട്ടിൽ ചോദിച്ചപ്പോൾ അമ്മ ചൂലെടുത്തു,ഒളിച്ചോട്ടത്തെ കുറിച്ച് താരം

> **Lead Summary:** മിമിക്രിയിലൂടെ മിനി സ്‌ക്രീനിലേക്കും ബിഗ് സ്ക്രീനിലേക്കും എത്തിയ താരമാണ് പാഷാണം ഷാജി എന്ന് അറിയപ്പെടുന്ന സാജു നവോദയ. വേദികളിലും സിനിമകളിലും സ്കിറ്റുകളിലൂടെയും മിമിക്രിയിലൂടെയും ആരാധകരെ കുടുകുടെ പൊട്ടിച്ചിരിപ്പിച്ച പാഷാണം ഷാജി ബിഗ് ബോസിൽ എത്തിയതോടെയാണ് പ്രേക്ഷകർ കൂടുതൽ അടുത്ത് അറിഞ്ഞ് തുടങ്ങിയത്. ബി​ഗ് ബോസ് രണ്ടാം സീസണിലെ മത്സരാർഥിയായിരുന്നു പാഷാണം ഷാജി.

## Article Content

മിമിക്രിയിലൂടെ മിനി സ്‌ക്രീനിലേക്കും ബിഗ് സ്ക്രീനിലേക്കും എത്തിയ താരമാണ് പാഷാണം ഷാജി എന്ന് അറിയപ്പെടുന്ന സാജു നവോദയ. വേദികളിലും സിനിമകളിലും സ്കിറ്റുകളിലൂടെയും മിമിക്രിയിലൂടെയും ആരാധകരെ കുടുകുടെ പൊട്ടിച്ചിരിപ്പിച്ച പാഷാണം ഷാജി ബിഗ് ബോസിൽ എത്തിയതോടെയാണ് പ്രേക്ഷകർ കൂടുതൽ അടുത്ത് അറിഞ്ഞ് തുടങ്ങിയത്. ബി​ഗ് ബോസ് രണ്ടാം സീസണിലെ മത്സരാർഥിയായിരുന്നു പാഷാണം ഷാജി.

സാജു നവോദയ എന്ന പേരിനേക്കാൾ ഉപരി എല്ലാവരും തിരിച്ചറിയുന്നത് പാഷാണം ഷാജിയെന്നാണ്. പാഷാണം കൊണ്ട് ജീവിതത്തില്‍ ഗുണം കിട്ടിയ ലോകത്തിലെ ഏക വ്യക്തി താനായിരിക്കുമെന്നാണ് പലപ്പോഴും സാജു പറഞ്ഞിരുന്നത്. നടൻ എന്നതിലുപരി കൊവിഡ് കാലത്ത് അടക്കം ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തിരുന്നു സാജുവും ഭാര്യ രശ്മിയും.

താൻ വളരെ കഷ്ടപ്പാടുള്ള സാഹചര്യത്തിൽ നിന്നും വളർന്ന് വന്ന വ്യക്തിയായത് കൊണ്ട് ഇത്തരത്തിൽ അനാഥലയങ്ങളിൽ കഴിയുന്നവരെ കാണുമ്പോഴും ഒറ്റപ്പെട്ട് ജീവിക്കുന്നവരെ കാണുമ്പോഴും അവസ്ഥ മനസിലാകാറുണ്ട് എന്നാണ് സാജു പറയുന്നത്.

കഴിഞ്ഞ ദിവസം അമൃത ടിവിയിലെ പറയാം നേടാം പരിപാടിയിൽ പങ്കെടുക്കാൻ സാജുവും ഭാര്യ രശ്മിയും എത്തിയിരുന്നു. എം.ജി ശ്രീകുമാറാണ് പരിപാടി അവതരിപ്പിക്കുന്നത്. സാജുവും രശ്മിയും പ്രണയിച്ച് വിവാഹിതരായവരാണ്. വീട്ടുകാരുടെ സമ്മതമില്ലാതിരുന്നതിനാൽ എടുക്കേണ്ടി വന്ന റിസ്ക്കുകളെ കുറിച്ചും രശ്മിയെ ഓട്ടോയിൽ കടത്തി കൊണ്ടുപോയതിനെ കുറിച്ചുമെല്ലാം വിവരിച്ചിരിക്കുകയാണ് ഇപ്പോൾ സാജു.

പ്രണയത്തിലായിരുന്നപ്പോൾ തന്നെ വിവാഹം എന്ന ചിന്തയായിരുന്നു ഉണ്ടായിരുന്നതെന്നും രശ്മിയുടെ വീട്ടുകാർക്ക് സമ്മതമല്ലാതിരുന്നതിനാൽ ഒളിച്ചോടി പോകേണ്ടി വരികയായിരുന്നുവെന്നും സാജു നവോദയ പറയുന്നു. 'വിവാഹം എന്ന് ചിന്തിച്ചപ്പോൾ തന്നെ ആദ്യം രശ്മിയുടെ വീട്ടിൽ പോയി കാര്യങ്ങൾ പറഞ്ഞു.

അമ്മയോടാണ് പറഞ്ഞത്. കേൾക്കേണ്ട താമസം അമ്മ ചൂലെടുത്തു. നിനക്കൊന്നും എന്റെ മോളെ കെട്ടിച്ച് തരില്ലെന്ന് പറഞ്ഞു. അപ്പുറത്ത് അച്ഛൻ നിൽക്കുന്നുണ്ടായിരുന്നുവെങ്കിലും ചോദിക്കാൻ പോയില്ല. കാരണം അദ്ദേഹത്തിന്റെ കൈയ്യിൽ ചുറ്റികയുണ്ടായിരുന്നു. പിന്നീട് ഞങ്ങൾ തന്നെ ഒളിച്ചോടാൻ തീരുമാനിച്ചു. ഓട്ടോറിക്ഷയിൽ കയറിയാണ് ഒളിച്ചോടിയത്. ഒളിച്ചോട്ടമാണെന്ന് മനസിലായ ഡ്രൈവർ കാശ് പോലും വാങ്ങാതെ കൃത്യ സ്ഥലത്ത് എത്തിച്ചു.

കൂട്ടുകാരന്റെ വീട്ടിൽ തങ്ങിയാണ് രജിസ്റ്റർ വിവാഹം നടന്നത്. വിവാഹശേഷം സംഭവമറിഞ്ഞ വീട്ടുകാർ പരസ്പരം സംസാരിച്ച് പ്രശ്നങ്ങൾ ഒത്തുതീർപ്പാക്കി. തിയ്യതി നിശ്ചയിച്ച് വിവാഹം നടത്താമെന്ന് പറഞ്ഞു. രശ്മിയെ കൂട്ടാൻ അവളുടെ വീട്ടിൽ നിന്ന് ഒരുപാട് ആളുകൾ വന്നിരുന്നു. ഒളിച്ചോടിപ്പോയ എന്ന കൂട്ടാൻ ആരും വന്നില്ല. ഞാൻ തന്നെ ബസ് കയറി വീട്ടിലേക്ക് പോവുകയായിരുന്നു. ഇപ്പോൾ യാതൊരു പ്രശ്നവുമില്ലാതെ സുഖമായി ജീവിതം മുന്നോട്ട് പോകുന്നു' സാജു നവോദയ പറയുന്നു. എറണാകുളം സ്വദേശിയാണ് സാജു. കലോത്സവ വേദികളിൽ മിമിക്രി അവതരിപ്പിച്ച് സമ്മാനങ്ങൾ സ്വന്തമാക്കിയ ശേഷമാണ് സാജു മിമിക്രിയെ സീരിയസായി കണ്ടുതുടങ്ങിയത്.

മനോജ് ​ഗിന്നസിനൊപ്പം ചേർന്ന് കൊച്ചിൻ നവോദയയുടെ കീഴിൽ പരിപാടികൾ അവതരിപ്പിച്ച് തുടങ്ങിയതോടെയാണ് സാജുവിനൊപ്പം നവോദയ എന്ന് കൂടി വന്നുതുടങ്ങിയത്. മന്നാർ മത്തായി സ്പീക്കിങ് 2 എന്ന സിനിമയിലൂടെയാണ് അഭിനയം സാജു ആരംഭിച്ചത്. പിന്നീട് വെള്ളിമൂങ്ങ എന്ന സിനിമയിൽ ശ്രദ്ധേയമായ വേഷം അവതരിപ്പിച്ചു.

ബിജു മേനോനായിരുന്നു ചിത്രത്തിൽ നായകൻ. പിന്നീട് തുടരെ തുടരെ നിരവധി സിനിമകൾ സാജുവിനെ തേടിയെത്തി. മറിയം മുക്ക്, അച്ഛാദിൻ, അമർ അക്ബർ അന്തോണി, ലൈഫ് ഓഫ് ജോസൂട്ടി, പത്തേമാരി തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചു.

### Related Links & Sources
- [Original Story Source](https://moviemax.in/news/7965/when-asked-at-home-the-mother-took-the-broom-and-told-the-actor-about-the-escape)