---
title: " ഭർത്താവിന്റെ അസുഖകാരണം വെളിപ്പെടുത്തി നടി മീന "
english_title: "Actress Meena revealed the cause of her husband's illness"
publisher: "moviemax.in"
canonical_url: "https://moviemax.in/news/76601/actress-meena-revealed-the-cause-of-her-husbands-illness"
published_at: "2022-10-25T23:33:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/635825b61fc8f_meena_1.jpg"
keywords: []
---

#  ഭർത്താവിന്റെ അസുഖകാരണം വെളിപ്പെടുത്തി നടി മീന 

> **Lead Summary:** **സി**നിമാ ലോകത്ത് ‌അടുത്തിടെ വന്ന ദുഃഖകരമായ വാർത്ത ആയിരുന്നു നടി മീനയുടെ ഭർത്താവിന്റെ മരണം. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെയാണ് മീനയുടെ ഭർത്താവ് വിദ്യാസാ​ഗർ മരിച്ചത്. അവയവ മാറ്റ ശസ്ത്രക്രിയക്ക് കാത്തു നിൽക്കവെ വിദ്യാ സാ​ഗർ മരണപ്പെട്ടത് ഏവരെയും കണ്ണീരിലാഴ്ത്തി.

## Article Content

**സി**നിമാ ലോകത്ത് ‌അടുത്തിടെ വന്ന ദുഃഖകരമായ വാർത്ത ആയിരുന്നു നടി മീനയുടെ ഭർത്താവിന്റെ മരണം. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെയാണ് മീനയുടെ ഭർത്താവ് വിദ്യാസാ​ഗർ മരിച്ചത്. അവയവ മാറ്റ ശസ്ത്രക്രിയക്ക് കാത്തു നിൽക്കവെ വിദ്യാ സാ​ഗർ മരണപ്പെട്ടത് ഏവരെയും കണ്ണീരിലാഴ്ത്തി.

അണുബാധ മൂലം അവയങ്ങളുടെ പ്രവർത്തനം നിലച്ചായിരുന്നു മരണം. മീനയുടെ ഭർത്താവിന്റെ അപ്രതീക്ഷിത മരണം പല തരത്തിലുള്ള അഭ്യൂഹങ്ങൾക്ക് വഴി വെച്ചിരുന്നു. ശ്വാസ കോശ സംബന്ധമായ അസുഖങ്ങളെ തുടർന്നായിരുന്നു വിദ്യാസാ​ഗറിന്റെ മരണം. കൊവിഡ് പടരുന്ന സമയത്ത് മരണപ്പെട്ടതിനാൽ കൊവിഡ് ബാധിച്ചാണ് ഇദ്ദേഹം മരിച്ചതെന്നും പ്രചരണമുണ്ടായി.

എന്നാൽ മരണ കാരണം കൊവിഡ് അല്ലെന്ന് വ്യക്തമാക്കി നടി ഖുശ്ബുവും തമിഴ്നാട് ആരോ​ഗ്യ മന്ത്രാലയവും രം​ഗത്തെത്തിയിരുന്നു. അഭ്യൂഹങ്ങൾ കനത്തതോടെ മീനയും അന്ന് പ്രതികരിച്ചു. വിഷമമേറിയ ഘട്ടത്തിലാണ് ഇപ്പോഴെന്നും ഈ സമയത്ത് തെറ്റായ പ്രചരണങ്ങൾ നടത്തരുതെന്നും സ്വകാര്യതയെ മാനിക്കണം എന്നുമാണ് മീന പറഞ്ഞത്.

ഇപ്പോഴിതാ ഭർത്താവിന് ശ്വാസകോശ സംബന്ധമായ അണുബാധ വരാനുണ്ടായ ഒരു കാരണം തുറന്ന് പറഞ്ഞിരിക്കുകയാണ് മീന. 'ബാ​ഗ്ലൂരിൽ അവരുണ്ടായിരുന്ന അപ്പാർട്മെന്റിൽ നിറയെ പ്രാവുകൾ ഉണ്ടായിരുന്നു. അവയുടെ തൂവലുകളും കാഷ്ഠവുമുള്ള വായു ശ്വസിച്ചതിനാലാണ് ഇദ്ദേഹത്തിന് ശ്വാസ തടസ്സം വന്നത്.

അതിന്റെ ലക്ഷണങ്ങളേ മനസ്സിലായില്ല' 'ഇങ്ങനെയുണ്ടെന്ന് ഞങ്ങൾ‌ അറിഞ്ഞില്ല. ശേഷം ചികിത്സ ചെയ്തു. കൊവിഡ് വന്ന് പോയ ശേഷമാണ് ആരോ​ഗ്യം മോശമായത്. അത് അവയവ മാറ്റത്തിനടുത്ത് വരെ എത്തി. പൊതുവെ കൊവിഡ് ശ്വാസകോശത്തെയാണ് ബാധിക്കുക. അദ്ദേഹത്തിന് ശ്വാസകോശത്തിൽ നേരത്തെ പ്രശ്നങ്ങളുള്ളതിനാൽ അത് ​ഗുരുതരമായി,' മീന പറഞ്ഞു.

ഭർത്താവിന്റെ മരണം അപ്രതീക്ഷിതമായിരുന്നെന്നും മരണ ശേഷം താനെങ്ങനെ ജീവിതത്തിലേക്ക് തിരിച്ചു വന്നെന്നും ‌മീന തുറന്നു പറഞ്ഞു. കുടുംബത്തിന്റെ സുഹൃത്തുക്കളുടെയും പിന്തുണ വലുതായിരുന്നു. എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്യുന്ന അമ്മയെ കണ്ടാണ് വളർന്നത്. അതിനാലായിരിക്കാം ഈ സാഹചര്യത്തെ നേരിടാനായത്.

സിനിമയിൽ നിന്ന് വളരെക്കാലമായുള്ള സുഹൃത്തുക്കൾ ഉണ്ട്. പക്ഷെ ഞങ്ങൾ പരസ്പരം സന്തോഷ നിമിഷങ്ങളായിരുന്നു പങ്കുവെച്ചത്. ഇത്തരമാെരു വിഷമഘട്ടത്തിൽ ഒരുപാട് പേർ ഒപ്പം നിൽക്കുമെന്ന് കരുതിയില്ല. തനിക്ക് സൗഹൃദമില്ലാത്തവർ പോലും തന്റെ ദുഖത്തിൽ പങ്കുചേർന്നെന്നും മീന പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/76601/actress-meena-revealed-the-cause-of-her-husbands-illness)